ജാർഖണ്ഡ് വിധാൻസഭ നിയമനക്കേസ്; രാഷ്ട്രീയക്കളിക്ക് അധികാരം ഉപയോഗിക്കുന്നു, സി.ബി.ഐക്കെതിരേ രൂക്ഷവിമർശനവുമായി സുപ്രിംകോടതി
ന്യൂഡൽഹി: രാഷ്ട്രീയ താൽപര്യങ്ങളോടെ സി.ബി.ഐ സ്വന്തം അന്വേഷണ അധികാരങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. ജാർഖണ്ഡ് വിധാൻ സഭയിലെ നിയമനങ്ങളിൽ ക്രമക്കേടുണ്ടായെന്ന ആരോപണത്തിൽ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടിയുള്ള സി.ബി.ഐയുടെ ഹരജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി, ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിമർശനമുന്നയിച്ചത്. ആരോപണത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും സുപ്രിംകോടതി അത് റദ്ദാക്കിയിരുന്നു.
പ്രാഥമിക അന്വേഷണം നടത്തണമെന്ന അപേക്ഷ അനുവദിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജുവിനോട് പറഞ്ഞു. നിങ്ങൾ എന്തിനാണ് രാഷ്ട്രീയ പോരാട്ടങ്ങൾക്ക് അന്വേഷണ അധികാരങ്ങൾ ഉപയോഗിക്കുന്നത്. ഞങ്ങൾ ഇക്കാര്യം നിങ്ങളോട് പലതവണ പറഞ്ഞിട്ടുണ്ടെന്നും നേരത്തെ, തമിഴ്‌നാട് ടസ്മാക് കേസിലും കർണാടക മുഡാ കേസിലും, ഇ.ഡിയെയും സി.ബി.ഐയെയും രാഷ്ട്രീയ പോരാട്ടങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരായ വിമർശനം സൂചിപ്പിച്ച് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇത്തരം സന്ദർഭങ്ങളിൽ സി.ബി.ഐ മുൻകൂട്ടി കോടതിയിൽ എത്തുന്നുവെന്നത് ഞെട്ടിക്കുന്നതാണെന്ന് ജാർഖണ്ഡ് നിയമസഭക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. ഇവിടെ മാത്രമല്ല, പശ്ചിമ ബംഗാളിലേത് ഉൾപ്പെടെ പല കേസുകളിലും കോടതി അത് കണ്ടിട്ടുണ്ടെന്നും സിബൽ പറഞ്ഞു. എന്നാൽ, ഒരു കുറ്റകൃത്യം ഉണ്ടാകുമ്പോൾ തങ്ങൾ ഹാജരാകുന്നുവെന്നതാണ് അതിന്റെ കാരണമെന്നും എസ്.വി രാജു പറഞ്ഞു.
ജാർഖണ്ഡ് നിയമസഭയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാൻ അന്നത്തെ ഗവർണർ സ്പീക്കർക്ക് നൽകിയ നിർദ്ദേശം പാലിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സാമൂഹികപ്രവർത്തകനായ ശിവശങ്കർ ശർമ്മ സമർപ്പിച്ച ഹരജിയിലാണ് സി.ബി.ഐ അന്വേഷണത്തിന് ജാർഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടത്. ഉത്തരവിനെതിരേ ജാർഖണ്ഡ് നിയമസഭ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെ ജാർഖണ്ഡ് സർക്കാറും ഹരജി സമർപ്പിച്ചു.
സംസ്ഥാന അന്വേഷണ ഏജൻസിക്ക് ആരോപണവിധേയമായ ക്രമക്കേടുകൾ അന്വേഷിക്കാൻ യോഗ്യതയില്ലെന്ന് ബോധ്യമാകുന്ന കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നും ഉത്തരവ് പുറപ്പെടുവിച്ചതിൽ ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്നുമാണ് ഹരജികളിലെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."