സമ്പൂര്‍ണ ശൗചാലയ പ്രഖ്യാപനത്തിന് ഒരുമുഴം മുന്‍പേ കോഴിക്കോട്
കോഴിക്കോട്: നവംബര്‍ ഒന്നിന് കേരളം സമ്പൂര്‍ണ ശൗചാലയ സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കെ കോഴിക്കോട് ജില്ല സെപ്തംബര്‍ 30 നകം പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനമില്ലാത്ത ജില്ലയായി പ്രഖ്യാപിക്കുവാനുളള തയ്യാറെടുപ്പ് ഊര്‍ജ്ജിതമാക്കി.
70 ഗ്രാമപഞ്ചായത്തുകളില്‍ 12843 വ്യക്തിഗത കക്കൂസുകളാണ് ഇതിന്റെ ഭാഗമായി നിര്‍മിച്ചു നല്‍കേണ്ടത്. ഇതില്‍ 6741 കക്കൂസുകള്‍ ഇതിനകം പൂര്‍ത്തീകരിച്ച് 53 ശതമാനം ലക്ഷ്യംനേടി സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ്.
ജില്ലയിലെ 3 ബ്ലോക്കുകളും, 17 ഗ്രാമപഞ്ചായത്തുകളും ഇതിനകം സമ്പൂര്‍ണ ശൗചാലയ പ്രഖ്യാപനം നടത്തി. ദൂര്‍ഘട പ്രദേശങ്ങളില്‍ കക്കൂസ് നിര്‍മാണം ത്വരിതപ്പെടുത്തുന്നതിന് വാര്‍ഡുതലത്തില്‍ സപ്പോര്‍ട്ടിങ്ങ് സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.
വാര്‍ഡുമെമ്പര്‍മാര്‍ ചെയര്‍മാന്‍മാരായ കമ്മിറ്റികളാണ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി വരുന്നത്. കക്കൂസ് ഉപയോഗിക്കുന്നതില്‍ വിമുഖത കാണിച്ചുവരുന്ന ചുരുക്കം ചില ഗുണഭോക്താക്കള്‍ ജില്ലയിലെ ചില പ്രദേശങ്ങളിലുളളതായി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അത്തരം പ്രദേശങ്ങളില്‍ ആളുകളെ കക്കൂസ് ഉപയോഗിക്കുന്നതിന് ശിലിപ്പിക്കുന്നതിനും, വെളിയിലെ വിസര്‍ജ്ജനം തടയുന്നതിനും പ്രദേശികമായി ജാഗ്രതാ സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
കോളജ് തലത്തില്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെയും എം.എസ്.ഡബ്ല്യു വിദ്യാര്‍ഥികളുടെയും സഹകരണത്തോടെ ഇവിടങ്ങളില്‍ വിപുലമായ ബോധവല്‍ക്കരപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുവരുന്നുണ്ട്.
ഓണത്തോടനുബന്ധിച്ച് വരാനിരിക്കുന്ന പൊതു ഒഴിവു ദിനങ്ങളിലും ഗ്രാമപഞ്ചായത്തുതലത്തില്‍ കക്കൂസ് നിര്‍മാണം ഊര്‍ജ്ജിതപ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ ജീവനക്കാരും ജാഗ്രത കാണിക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."