വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ലൈംഗിക പീഡന പരാതി; യുവതി മൊഴി നൽകിയിട്ടും ബലാത്സംഗത്തിന് കേസെടുക്കാതെ പൊലിസ് 'ഒളിച്ചുകളി'
കോഴിക്കോട്: ലൈംഗിക പീഡന ആരോപണങ്ങളെ തുടർന്ന് സസ്പെൻഷനിലായ വടകര ഡിവൈഎസ്പി എ. ഉമേഷിനെതിരെ ക്രിമിനൽ കേസ് എടുക്കാതെ പൊലിസ് ഒളിച്ചുകളിക്കുന്നതായി ആരോപണം. റെയ്ഡിൽ കസ്റ്റഡിയിലെടുത്ത യുവതിയെ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം നൽകി ഉമേഷ് പീഡിപ്പിച്ചുവെന്ന് യുവതി മൊഴി നൽകിയിട്ടും ബലാത്സംഗക്കുറ്റത്തിന് കേസെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഉമേഷിനെ സംരക്ഷിക്കാൻ ഉന്നതതലത്തിൽ നീക്കങ്ങൾ സജീവമാണെന്നും സൂചനയുണ്ട്.
മുമ്പ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന ഉമേഷ്, അനാശാസ്യത്തിന് പിടികൂടിയ തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതി പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മൊഴി നൽകിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലാ പൊലിസ് മേധാവി ഡിജിപിക്ക് റിപ്പോർട്ട് നൽകുകയും ഉമേഷിനെ സസ്പെൻഡ് ചെയ്യാൻ ഡിജിപി ആഭ്യന്തരവകുപ്പിന് ശുപാർശ നൽകുകയും ചെയ്തിരുന്നു. എന്നാൽ മൊഴി നൽകി ആറ് ദിവസങ്ങൾ പിന്നിട്ടിട്ടും ഇയാൾക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ പൊലിസ് തയ്യാറാകാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു.
സസ്പെൻഷൻ നടപടി ഉണ്ടായിട്ടും ഉമേഷിനെതിരെ ക്രിമിനൽ കേസ് എടുക്കാതെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ സജീവമായി നടക്കുന്നുണ്ട്. സീനിയർ പൊലിസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന നേതാവായ ഉമേഷിന് വേണ്ടി അസോസിയേഷനിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ രംഗത്തുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇതിനിടെ, പരാതിക്കാരിയെ പണം നൽകി സ്വാധീനിച്ച് മൊഴിയിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള തിരക്കിട്ട ശ്രമങ്ങളും നടക്കുന്നുണ്ട്.
ചെറുപ്പുളശ്ശേരി എസ്എച്ച്ഒ ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യാ കുറിപ്പിലും ഉമേഷിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായിരുന്നു. ഈ ആരോപണങ്ങൾ യുവതി ശരിവെക്കുകയും മൊഴി നൽകുകയും ചെയ്തിരുന്നു. പീഡനത്തിന് ഇരയായതായി മൊഴി നൽകിയ യുവതി ബിനു തോമസുമായി വ്യക്തിപരമായ ബന്ധം പുലർത്തിയിരുന്ന ആളാണ്. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ബിനു തോമസ് യുവതിയുമായി ആശയവിനിമയം നടത്തിയതിൻ്റെ തെളിവുകൾ പൊലിസിൻ്റെ പക്കലുണ്ട്. പീഡന പരാതിയിൽ ഉറച്ചുനിന്നാൽ ആത്മഹത്യാപ്രേരണ കുറ്റത്തിന് തന്നെയും പ്രതിചേർക്കുമോ എന്ന ആശങ്ക യുവതിക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കസ്റ്റഡിയിലെടുത്ത സ്ത്രീയെ ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തെന്ന വിവരം സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലും, ഉമേഷിനെതിരെ കേസെടുക്കാതെ സംരക്ഷണം നൽകുന്നത് നീതിനിഷേധമാണെന്ന വിമർശനം ശക്തമാവുകയാണ്. സംഭവത്തിൽ പാലക്കാട് പൊലിസ് ഇതുവരെയും വിശദീകരണം നൽകിയിട്ടില്ല.
Vadakara DYSP A. Umesh was suspended following a serious complaint where a woman accused him of rape, claiming he sexually assaulted her after taking her into custody during a raid. Despite the victim providing a detailed statement to the police, authorities have reportedly failed to register a criminal case for rape, leading to allegations that the officer is being protected by high-ranking officials.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."