വീണ്ടും പാക് ചാരൻ വലയിൽ; അറസ്റ്റിലായത് പഞ്ചാബ് സ്വദേശിയായ പ്രകാശ് സിങ്; അതിർത്തികളിലെ അതീവ പ്രതിരോധനീക്കങ്ങൾ ചോർത്തി
ജയ്പൂർ: പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് വേണ്ടി ചാരപ്പണി നടത്തിയ കേസിൽ പഞ്ചാബ് സ്വദേശി അറസ്റ്റിൽ. ഫിറോസ്പൂർ സ്വദേശി പ്രകാശ് സിങ് എന്ന ബാദലിനെ രാജസ്ഥാൻ സി.ഐ.ഡി ഇന്റലിജൻസ് ആണ് അറസ്റ്റ് ചെയ്തത്. രാജസ്ഥാൻ, പഞ്ചാബ്, ഗുജറാത്ത് എന്നീ അതിർത്തി സംസ്ഥാനങ്ങളിൽനിന്ന് ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ ഐ.എസ്.ഐ ഏജന്റുമാർക്ക് ഇയാൾ അയച്ചുകൊടുത്തതായി പൊലിസ് കണ്ടെത്തി.
കഴിഞ്ഞമാസം 27 ന് ശ്രീ ഗംഗാനഗറിലെ സാധുവാലി സൈനിക സ്ഥാപനത്തിന് സമീപം പ്രതിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ബോർഡർ ഇന്റലിജൻസ് ടീം അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ ഇയാൾ രഹസ്യങ്ങൾ ശേഖരിക്കാനാണ് ഇവിടെയെത്തിയതെന്ന് ബോധ്യപ്പെട്ടു. തുടർന്ന് ഇയാളുടെ മൊബൈൽ ഫോണും മസൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിച്ചതിനെത്തുടർന്നാണ് ചാരവൃത്തിയുടെ ആഴം ബോധ്യപ്പെട്ടത്. പാക് ആസ്ഥാനമായ വ്യക്തികളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളുമായി ഇയാൾ നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായും കണ്ടെത്തി.
ഓപ്പറേഷൻ സിന്ദൂറിന്റെ കാലം മുതൽ ഐ.എസ്.ഐയുമായി തുടർച്ചയായി ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. സൈനിക വാഹനങ്ങൾ, സൈനിക സ്ഥാപനങ്ങൾ, അതിർത്തി പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ സ്ഥിതി, പാലങ്ങൾ, റോഡുകൾ, റെയിൽവേ ലൈനുകൾ, തന്ത്രപ്രധാന മേഖലയിലെ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ ഉൾപ്പെടെയാണ് പാക് ആസ്ഥാനമായ ഏജന്റുമാർക്ക് കൈമാറിവന്നത്. ഇതോടൊപ്പം ഇന്ത്യൻ മൊബൈൽ നമ്പറുകളുടെ ഒ.ടി.പികൾ പാക് ഏജന്റുമാർക്ക് നൽകിയതായും അതുവഴി ഇന്ത്യൻ സിംകാർഡുകൾ പാക് ഏജന്റുമാർ വ്യാപകമായി ഉപയോഗിച്ചുവന്നതായും മനസ്സിലായി.
വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ സമഗ്രമായ ചോദ്യംചെയ്യലിനായി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലിസ് (ഇന്റലിജൻസ്) പ്രഫുല്ല കുമാർ പ്രതിയെ ജയ്പൂരിലെ പൊലിസ് ആസ്ഥാനത്ത് എത്തിച്ചു. പ്രകാശ് സിങ്ങിനെതിരേ ഔദ്യോഗിക രഹസ്യ നിയമം, രാജ്യദ്രോഹം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
punjab native arrested in case of spying for pakistani spy agency isi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."