HOME
DETAILS

ഉമീദ് പോർട്ടൽ രജിസ്‌ട്രേഷൻ: സമയപരിധി നാളെ അവസാനിക്കും, കേരളത്തിൽ ഇനിയും 70 ശതമാനം വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ ബാക്കി

  
കെ.എ സലിം
December 04, 2025 | 3:18 AM

Umeed Portal Registration Deadline ends tomorrow 70 percent of waqf properties in Kerala still to be registered

വഖ്ഫ് സ്വത്തുക്കളുടെ വിവരങ്ങൾ ഉമീദ് പോർട്ടലിൽ അപ്‌്ലോഡ് ചെയ്യാനുള്ള അവസാന തീയതി നാളെ അവസാനിക്കാനിരിക്കെ ആശങ്കയിലാണ് രാജ്യം. തീയതി നീട്ടണമെന്ന ആവശ്യം കഴിഞ്ഞദിവസം സുപ്രിംകോടതി അംഗീകരിച്ചിരുന്നില്ല. അതിനായി ഈ മാസം ആറിനകം വഖ്ഫ് ട്രൈബ്യൂണലിനെ സമീപിക്കാനാണ് നിർദേശം. ന്യായകാരണങ്ങളുണ്ടെങ്കിൽ  ട്രൈബ്യൂണലിനു  തീയതി നീട്ടിനൽകാനാവും. ഇതിനായി വഖ്ഫ് ട്രൈബ്യൂണലിനെ മുതവല്ലിമാർക്ക് സമീപിക്കാം. ഇത്തരത്തിൽ മുതവല്ലിമാർ കൂട്ടത്തോടെ വഖ്ഫ് ട്രൈബ്യൂണലിനെ സമീപിക്കുകയാണു വേണ്ടത്.  കേന്ദ്ര സർക്കാർ പാസാക്കിയ വഖ്ഫ് ഭേദഗതി നിയമത്തിലെ 3 ബി വകുപ്പാണ് എല്ലാ വഖ്ഫ് സ്വത്തുക്കളും ആറു മാസത്തിനുള്ളിൽ ഏകീകൃത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ വയ്ക്കുന്നത്.

ജൂൺ ആറിനാണ് പോർട്ടൽ നിലവിൽവന്ന് രജിസ്‌ട്രേഷൻ ആരംഭിച്ചത്. ആറുമാസ കാലാവധി ഡിസംബർ അഞ്ചിന് അർധരാത്രി 12ഒാടെ അവസാനിക്കും. പുതിയ വഖ്ഫ് സ്വത്തുക്കളാണെങ്കിൽ രേഖകൾ സഹിതം അതിനുള്ള അപേക്ഷയും പോർട്ടൽവഴി നൽകണം. പഴയ വഖ്ഫ് സ്വത്തുക്കളിൽ രജിസ്റ്റർ ചെയ്യാത്ത സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാനാവില്ല. ഇത് വലിയതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും.  ഉപയോഗത്തിലൂടെയുള്ള വഖ്ഫ് സംവിധാനം ഇല്ലാതാക്കിയത് സുപ്രിംകോടതിയുടെ സെപ്റ്റംബർ 15ലെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ല. വഖ്ഫ് സ്വത്തുക്കൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന ഭേദഗതിയിലെ 36ാം വ്യവസ്ഥയും സ്റ്റേ ചെയ്തില്ല. ഒരു സ്വത്ത് കാലങ്ങളായുള്ള ഉപയോഗത്തിലൂടെ വഖ്ഫ് സ്വത്തായി മാറുന്നതാണ് ഉപയോഗത്തിലൂടെയുള്ള വഖ്ഫ്. മുഗൾ നിർമിതികൾ അടക്കമുള്ള പഴയകാല സ്വത്തുക്കൾ വഖ്ഫ് സ്വത്തുക്കളായി മാറിയത് ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്.

ആകെയുള്ള എട്ടു ലക്ഷം വഖ്ഫ് സ്വത്തുക്കളിൽ നാലു ലക്ഷവും ഉപയോഗത്തിലൂടെ വഖ്ഫ് സ്വത്തുക്കളായി മാറിയവയാണ്. പഴയകാല രേഖകൾ ലഭ്യമല്ലാത്തതിനാൽ ഇത്തരത്തിലുള്ള സ്വത്തുക്കളിൽ 80 ശതമാനവും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. രജിസ്‌ട്രേഷൻ നിർബന്ധമാക്കുകയും ഉപയോഗത്തിലൂടെയുള്ള വഖ്ഫ് അനുവദിക്കുന്ന 1995 ലെ യഥാർഥ വഖ്ഫ് നിയമത്തിലെ സെക്ഷൻ 3(ആർ)(ഐ) ഇല്ലാതാക്കുകയും ചെയ്തതോടെയാണ് ഈ സ്വത്തുക്കൾ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായത്. സ്വത്തുക്കൾ രജിസ്റ്റർ ചെയ്യേണ്ട ചുമതല അക്കാലത്തെ മുതവല്ലിക്കായിരുന്നു.

1923ലെ വഖ്ഫ് നിയമം മുതലുള്ള എല്ലാ നിയമനിർമാണത്തിലും വഖ്ഫ് രജിസ്‌ട്രേഷൻ നിർബന്ധമായിരുന്നുവെന്നും 102 വർഷമായിട്ടും അത് ചെയ്തിട്ടില്ലെങ്കിൽ ഇപ്പോൾ അവർക്ക് ഒരു പരാതിയും ഉന്നയിക്കാൻ കഴിയില്ലെന്നുമാണ് ഇത് സ്റ്റേ ചെയ്യാതിരിക്കാൻ കാരണമായി ബെഞ്ച് ചൂണ്ടിക്കാട്ടിയത്. സംരക്ഷിത സ്മാരകങ്ങൾ വഖ്ഫ് സ്വത്തുക്കൾ അല്ലാതാകുന്ന വ്യവസ്ഥ, വഖ്ഫ് ചെയ്യാനുള്ള അവകാശം മുസ്‌്ലിംകൾക്ക് മാത്രമാക്കിയ വ്യവസ്ഥ, സമയപരിധി നിയമം വഖ്ഫ് നിയമത്തിൽ ബാധകമാക്കിയ വ്യവസ്ഥ എന്നിവയും കോടതി സ്റ്റേ ചെയ്തില്ല. 

ഭീഷണിയിൽ ചരിത്രസ്മാരകങ്ങൾ

ഉപയോഗത്തിലൂടെയുള്ള വഖ്ഫ് വ്യവസ്ഥ ഇല്ലാതാക്കുകയും രജിസ്‌ട്രേഷൻ നിർബന്ധമാക്കുകയും ചെയ്തതോടെ രാജ്യത്തെ ചരിത്രസ്മാരകങ്ങളായ ഡൽഹി ജുമാമസ്ജിദ് അടക്കമുള്ള വഖ്ഫ് സ്വത്തുക്കൾ വലിയ ഭീഷണിയിലാണ്. മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ച ജുമാമസ്ജിദ് കാലങ്ങളായി അവിടെ നമസ്‌കാരം നിർവഹിച്ച് വന്നതിന്റെ അടിസ്ഥാനത്തിലാണ് ഉപയോഗത്തിലൂടെയുള്ള വഖ്ഫായി  മാറുന്നത്. പള്ളിക്ക് ഷാജഹാൻ ചക്രവർത്തി പള്ളി വഖ്ഫ് ചെയ്തതിന്റെ രേഖകൾ ഉണ്ടാകണമെന്നില്ല. ആകെയുള്ള ഇത്തരം വഖ്ഫ് സ്വത്തുക്കളിൽ 80 ശതമാനത്തിനും രേഖയില്ല. ഇത്തരത്തിൽ 12ാം നൂറ്റാണ്ട് മുതലുള്ള പള്ളികളുണ്ട് ഇന്ത്യയിൽ. 

പുതിയ ഭേദഗതി പ്രകാരം വഖ്ഫ് നൽകിയതിന്റെ രേഖകളുള്ള സ്വത്തുക്കളാണ് ഉപയോഗത്തിലൂടെയുള്ള വഖ്ഫിന്റെ അടിസ്ഥാനത്തിൽ വഖ്ഫ് സ്വത്തുക്കളായി കണക്കാക്കുക. രേഖകളുള്ളതു മാത്രമേ രജിസ്റ്റർ ചെയ്യാനാവൂ. ഇതോടെ നിരവധി ചരിത്രസ്മാരകങ്ങൾ കൈയടക്കുകയോ തകർത്തുകളയുകയോ ചെയ്യുകയെന്ന സംഘ്പരിവാർ പദ്ധതിയെ ഈ ഭേദഗതി എളുപ്പമാക്കും.

രജിസ്‌ട്രേഷൻ എങ്ങനെ

മുതവല്ലിക്കാണ് രജിസ്‌ട്രേഷനായി അപേക്ഷ നൽകാൻ കഴിയുക. വഖ്ഫ് സ്വത്തുകളുടെ വിവരങ്ങൾ, സ്ഥലത്തിന്റെ അതിർത്തി, ജിയോടാഗിങ് ലൊക്കേഷൻ അടങ്ങിയ വിവരങ്ങൾ ഡിജിറ്റലായി അപ്്ലോഡ് ചെയ്യണം. വഖ്ഫായി പ്രഖ്യാപിക്കപ്പെട്ട സ്വത്തുക്കൾ മാത്രമാണ് രജിസ്റ്റർ ചെയ്യേണ്ടത്. തർക്കത്തിലുള്ള സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാനാകില്ല. ആറുമാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യപ്പെടാത്ത സ്വത്തുക്കൾ തർക്കമുള്ള സ്വത്തുക്കളായി കണക്കാക്കുകയും ട്രൈബ്യൂണലിന്റെ പരിഗണനയ്ക്കായി അയക്കുകയും ചെയ്യും.

ആരെങ്കിലും വഖ്ഫ് സ്വത്തുക്കളിൽ പരാതിയുന്നയിച്ചാൽ അന്വേഷണം പൂർത്തിയാകുംവരെ അത് വഖ്ഫ് സ്വത്തല്ലാതായി മാറുമെന്ന വ്യവസ്ഥ സുപ്രിംകോടതി തൽക്കാലം സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും സ്റ്റേ നീക്കിയാൽ ഈ സ്വത്തുക്കൾ നഷ്ടപ്പെടും. നിയുക്ത ഉദ്യോഗസ്ഥൻ സ്വത്ത് സർക്കാർസ്വത്താണെന്ന് നിർണയിക്കുകയാണെങ്കിൽ റവന്യൂ രേഖകളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കുകയും വേണം. ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് ലഭിച്ചാൽ, സംസ്ഥാന സർക്കാർ രേഖകളിൽ ഉചിതമായ തിരുത്തൽ വരുത്താൻ ബോർഡിനോട് നിർദേശിക്കണം എന്നീ ഗൗരവതര അനുബന്ധ വ്യവസ്ഥകളും സ്റ്റേയുടെ ആനുകൂല്യത്തിൽ മാത്രമാണ് നിൽക്കുന്നത്.

സുപ്രിംകോടതി നിലപാടും പ്രശ്‌നങ്ങളും

വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ സമയം നൽകിയിട്ടുണ്ടെന്നും അതിനാൽ ഈ വ്യവസ്ഥ സ്റ്റേ ചെയ്യുന്നില്ലെന്നുമാണ് സെപ്റ്റംബർ 15ലെ ഇടക്കാല ഉത്തരവിൽ സുപ്രിംകോടതി ചൂണ്ടിക്കാട്ടിയത്. എന്നാൽ, രജിസ്റ്റർ ചെയ്യേണ്ട ചുമതല മുതവല്ലിമാർക്കായിരുന്നു. അവരുടെ വീഴ്ചയ്ക്ക് അവരെ ഉത്തരവാദിയാക്കുന്നതിനു പകരം വഖ്ഫ് സ്വത്തുക്കൾ തന്നെ നഷ്ടപ്പെടാൻ ഇടയാക്കുന്ന സാഹചര്യം സുപ്രിംകോടതി പരിഗണിച്ചില്ല. രജിസ്‌ട്രേഷൻ 2025ൽ വന്നതല്ലെന്നും 1923 മുതൽ, വഖ്ഫ് സ്വത്തുക്കളെ സംബന്ധിച്ച എല്ലാ നിയമനിർമാണങ്ങളിലും രജിസ്‌ട്രേഷനുണ്ടെന്നുമാണ് സുപ്രിംകോടതി ചൂണ്ടിക്കാട്ടിയത്.
ആറുമാസ കാലയളവ് മതിയാകുമെന്നായിരുന്ന നിലപാടാണ് സുപ്രിംകോടതി സ്വീകരിച്ചത്. ഈ കാലയളവിനു ശേഷം അത്തരമൊരു കേസുണ്ടെങ്കിൽ കോടതിവഴി അതിനായി അപേക്ഷ നൽകാമെന്നും ബെഞ്ച് പറഞ്ഞു. എന്നാൽ, ഉത്തരേന്ത്യയിൽ മുതവല്ലി ആരെന്നുപോലും അറിയാത്ത നിരവധി സ്വത്തുക്കളുണ്ട്. പല സ്വത്തുക്കളുടെയും രേഖകൾ വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകളിൽ നിന്ന് അപേക്ഷ നൽകി ലഭ്യമാക്കേണ്ടതാണ്. അതിന് ആറുമാസത്തെ സമയമൊന്നും മതിയാകില്ല.

സ്റ്റേ ആനുകൂല്യത്തിൽ കഴിയുന്ന വ്യവസ്ഥകൾ

1. വഖ്ഫ് സ്വത്തുക്കളിലെ തർക്കം

ഒരു സ്വത്തിൽ തർക്കമുണ്ടായാൽ അതിൽ നിയുക്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തുന്നതുവരെ അത് വഖ്ഫ് സ്വത്തല്ലാതായി മാറുമെന്ന ഭേദഗതിയിലെ 3സി(2) വ്യവസ്ഥ സ്റ്റേ ചെയ്തു. നിയുക്ത ഉദ്യോഗസ്ഥൻ സ്വത്ത് സർക്കാർസ്വത്താണെന്ന് നിർണയിച്ചാൽ റവന്യൂ രേഖകളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുകയും സംസ്ഥാന സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കുകയും വേണമെന്ന് പറയുന്ന നിയമത്തിലെ 3സി (3) സ്റ്റേ ചെയ്തു. നിയുക്ത ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാൽ, രേഖകളിൽ ഉചിതമായ തിരുത്തൽ വരുത്താൻ സംസ്ഥാന സർക്കാർ ബോർഡിനോട് നിർദേശിക്കണമെന്ന് പറയുന്ന 3സി(4) സ്റ്റേ ചെയ്തു.
വഖ്ഫ് സ്വത്തുക്കളുടെ അവകാശവാദത്തിൽ അന്വേഷണം നടത്തി തീരുമാനമെടുക്കാൻ കലക്ടർക്ക് അധികാരമില്ല. ട്രൈബ്യൂണലോ കോടതിയോ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രശ്‌നം തീരുമാനിക്കുന്നതുവരെ, തർക്കത്തിലുള്ള വഖ്ഫ് ഭൂമിയെ ബാധിക്കില്ല. അതേസമയം, തർക്കം പരിഹരിക്കുന്നതുവരെ അത്തരം ഭൂമികളിൽ മൂന്നാം കക്ഷി അവകാശങ്ങൾ സൃഷ്ടിക്കരുതെന്ന് കോടതി പറഞ്ഞു.

2. അഞ്ചു വർഷം മുസ്‌ലിം ആയിരിക്കണമെന്ന വ്യവസ്ഥ

ഒരു വ്യക്തിക്ക് വഖ്ഫ് ചെയ്യണമെങ്കിൽ അയാൾ അഞ്ചുവർഷമായി ഇസ്്ലാം ആചരിക്കുന്ന ആളായിരിക്കണമെന്ന വ്യവസ്ഥ ഏകപക്ഷീയമല്ലെങ്കിലും ഒരു വ്യക്തി അഞ്ചുവർഷം ഇസ്്ലാം പ്രാക്ടീസ് ചെയ്യുന്ന ആളാണെന്നു കണ്ടെത്താൻ വ്യവസ്ഥകളുണ്ടാക്കുന്നതു വരെ സ്റ്റേ ചെയ്യുന്നുവെന്നാണ് കോടതി നിലപാട്.

3. ബോർഡുകളിലെ മുസ്‌ലിംകളല്ലാത്തവർ

അമുസ്്ലിമിനെ വഖ്ഫ് ബോർഡുകളുടെ സി.ഇ.ഒ ആകാൻ അനുവദിക്കുന്ന വ്യവസ്ഥ സ്റ്റേ  ചെയ്തില്ല. എന്നാൽ, കഴിയുന്നതും മുസ്്ലിംകളെത്തന്നെ സി.ഇ.ഒമാരായി നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു. നിയമത്തിലെ സെക്ഷൻ 9 പ്രകാരം രൂപീകരിച്ച സെൻട്രൽ വഖ്ഫ് കൗൺസിലിലിലെ അംഗങ്ങളായ 22 പേരിൽ നാലു പേരിൽ കൂടുതൽ അമുസ്്ലിംകൾ പാടില്ല. വഖ്ഫ് ബോർഡുകളിലെ 11 പേരിൽ മൂന്ന് പേരിൽ കൂടുതൽ മുസ്‌ലിംകളല്ലാത്തവർ ഉണ്ടാകരുത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥിരം വിലാസം അറിയിക്കാന്‍ ഉമര്‍ ഖാലിദ് അടക്കമുളളവരോട് സുപ്രിംകോടതി

National
  •  an hour ago
No Image

ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ഇന്നു മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  an hour ago
No Image

റഷ്യ - ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കും; തനിക്ക് സമാധാന നൊബേലിന് അര്‍ഹതയുണ്ടെന്നും ട്രംപ്

International
  •  2 hours ago
No Image

19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ക്കു വിലക്കുമായി യു.എസ്

International
  •  2 hours ago
No Image

ഊന്നുവടിയേന്തി നഗരപിതാവായ ഹാഷിം ഇക്കുറിയും അങ്കത്തിന്

Kerala
  •  2 hours ago
No Image

പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും; നതന്ത്ര, പ്രതിരോധ, വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കും

International
  •  2 hours ago
No Image

ഇടതുകൈയിലെ കൊല്ലം...അട്ടിമറി ലക്ഷ്യംവച്ച് യു.ഡി.എഫും ബി.ജെ.പിയും 

Kerala
  •  2 hours ago
No Image

ജനവിധി തേടാന്‍ തമിഴും കന്നഡയും; 51 പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥിയുടെ പേര് ഇതരഭാഷകളില്‍

Kerala
  •  2 hours ago
No Image

നിറയുന്നത് തെരുവുവിളക്കുകൾ മുതൽ തെരുവുനായവരെ; പ്രത്യേകം തദ്ദേശ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ

Kerala
  •  2 hours ago
No Image

കൊല്ലം സ്വദേശിനിയായ അധ്യാപിക മസ്‌കത്തില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

obituary
  •  2 hours ago