കോൺഗ്രസിന് അഗ്നിശുദ്ധി; ഇനി കണ്ണുകൾ സി.പി.എമ്മിലേക്ക്
തിരുവനന്തപുരം: യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പുറത്താക്കിയതോടെ ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ജില്ലാ കമ്മിറ്റി അംഗത്തിനെതിരേ സി.പി.എം എന്ത് നടപടിയെടുക്കുമെന്ന ചോദ്യം ഉയരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ശബരിമലയിലെ സ്വർണക്കൊള്ള വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ സി.പി.എം രാഹുൽ വിഷയമായിരുന്നു ഉയർത്തികാട്ടിയിരുന്നത്. കോടതി രാഹുലിന് ജാമ്യം നിഷേധിച്ച ഉടൻ കോൺഗ്രസ് പുറത്താക്കൽ നടപടിയെടുത്തതോടെ സി.പി.എമ്മിന്റെ ഈ പ്രചാരണമുനയാണ് ഒടിഞ്ഞിരിക്കുന്നത്. യുവ എം.എൽ.എയെ പുറത്താക്കാൻ പാർട്ടി കാണിച്ച ആർജവം കോൺഗ്രസ് അഗ്‌നിശുദ്ധി വരുത്തിയതിനു സമാനമായിട്ടാണ് നേതാക്കളും പ്രവർത്തകരും കണക്കാക്കുന്നത്. എന്നാൽ ഇതേ ആരോപണങ്ങൾ നേരിടുന്ന സി.പി.എം എം.എൽ.എയും നേതാക്കളും ഇപ്പോഴും പാർട്ടിയുടെ അനുഗ്രഹാശിസുകൾ അനുഭവിക്കുന്നവരാണെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ശബരിമല സ്വർണക്കൊള്ളയിൽ ആരോപണ വിധേയനായ മുൻ എം.എൽ.എയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ജില്ലാകമ്മിറ്റി അംഗവുമായ എം.പത്മകുമാറിനെ തെളിവുകളോടെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടും കോടതി ജാമ്യാപേക്ഷ നിരസിച്ചിട്ടും സി.പി.എം കൈവിട്ടിട്ടില്ല. സി.പി.എമ്മിന്റെ ഉന്നത ബന്ധങ്ങളിലെ സജീവ പേരുകാരനായ എൻ.വാസു ദേവസ്വം കമ്മിഷണറും ദേവസ്വം പ്രസിഡന്റുമായിരുന്ന കാലത്താണ് സ്വർണക്കൊള്ളയുടെ അമരക്കാരനായതെന്ന് പൊലിസ് കണ്ടെത്തിയിട്ടും സി.പി.എം പുറത്താക്കാതെ സംരക്ഷിച്ചുപോരുന്നതും കോൺഗ്രസ് ഉയർത്തികാട്ടി തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ മറ്റൊരു പോർമുഖം തുറക്കും.
congress’ action against its mla has sparked questions about what action the cpm will take against its leader arrested in the sabarimala gold theft case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."