തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ അനുവദിച്ചു. വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ ഓഫീസുകളിലെ വോട്ടർമാരായ ജീവനക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
വോട്ട് ചെയ്യുന്നതിനായി ഓഫീസിൽ വൈകി വരാനും, നേരത്തെ പോകാനും, അല്ലെങ്കിൽ വോട്ടെടുപ്പ് ദിവസം പ്രത്യേക സമയം അനുവദിക്കാനും കേന്ദ്ര സർക്കാരിന്റെ പേഴ്‌സണൽ & ട്രെയിനിങ് വകുപ്പ് അനുമതി നൽകി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രസർക്കാരിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ജീവനക്കാരുടെ സാധാരണ സേവന ആവശ്യകതകൾക്ക് വിധേയമായി ന്യായമായ സൗകര്യം നൽകുമെന്നും കമ്മിഷനെ അറിയിച്ചിട്ടുണ്ട്.
പോസ്റ്റൽ ബാലറ്റുകൾ അയക്കുന്നതിനും സ്വീകരിക്കുന്നതിനും വേണ്ടി വോട്ടെടുപ്പ് ദിവസങ്ങളിൽ പോസ്റ്റ് ഓഫീസുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പോസ്റ്റ് ഓഫീസുകൾ ഡിസംബർ 8-ന് വൈകിട്ട് 6 മണി വരെ തുറന്നു പ്രവർത്തിക്കാനും പോസ്റ്റ് മാസ്റ്റർ ജനറൽ നിർദ്ദേശം നൽകി. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഡിസംബർ 6-ന് വൈകുന്നേരം 6 മണി വരെയാണ് പോസ്റ്റ് ഓഫീസുകൾ പ്രവർത്തിച്ചത്. പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് വോട്ടെടുപ്പിന്റെ പിറ്റേന്നും ഡ്യൂട്ടി ലീവ് അനുവദിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി.
പോളിംഗ് ഡ്യൂട്ടി പലപ്പോഴും അടുത്ത ദിവസം രാവിലെ വരെ നീണ്ടുപോകാറുണ്ട്. പോളിംഗ് സാധനങ്ങൾ വിതരണം ചെയ്യുന്ന ദിവസം രാവിലെ മുതൽ അത് സ്വീകരണ കേന്ദ്രത്തിൽ തിരികെ ഏൽപ്പിക്കുന്നത് വരെയാണ് ഡ്യൂട്ടി കാലയളവ്. ഈ സാഹചര്യത്തിൽ, അടുത്ത ദിവസം പ്രവൃത്തി ദിവസമാണെങ്കിൽ, അന്ന് കൂടി ഡ്യൂട്ടി ലീവ് അനുവദിച്ചു നൽകണമെന്ന് ബന്ധപ്പെട്ട വകുപ്പ്, ഓഫീസ് മേധാവികൾക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Central Government employees in Kerala are being provided with special facilities, such as arriving late or leaving early, to cast their votes in the local body elections. This arrangement follows a request from the State Election Commission to the Centre's Department of Personnel & Training. Additionally, polling officials have been granted duty leave on the day immediately following the election to account for the late hours involved in winding up polling duties, providing significant relief to the personnel deployed. Post offices are also extending their working hours to facilitate postal ballots.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."