വിധി നിരാശാജനകം, നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല; ജനാധിപത്യ കേരളം അവള്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും കെ.കെ രമ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്റെ വിധി നിരാശാജനകമെന്ന് കെ.കെ രമ എം.എല്‍.എ.
ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട കേസിന്റെ നാള്‍വഴികള്‍ പിന്തുടര്‍ന്ന ആരും മറിച്ചൊരു വിധി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ന്യായാധിപയെ സംബന്ധിച്ച് അതിജീവിതയ്ക്കുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍, കോടതിയുടെ സുരക്ഷയിലുണ്ടായിരുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് തുടങ്ങി ഒട്ടനേകം സന്ദര്‍ഭങ്ങള്‍ നീതിബോധമുള്ള മനുഷ്യരെ ആശങ്കയിലാഴ്ത്തിരുന്നുവെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികളെ രക്ഷപ്പെടുത്തുന്നതിനായി ഭരണകൂടം ശ്രമം നടത്തിയെന്നും ഒരു പ്രതികരണത്തില്‍ അവര്‍ കുറ്റപ്പെടുത്തി. കുറ്റക്കാരായ ക്രിമിനലുകള്‍ക്ക് പിന്നിലുള്ള ഗൂഢാലോചനക്കാരനെ കണ്ടെത്തുന്നതിന് പ്രോസിക്യൂഷന് സാധിച്ചില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ദിലീപിന്റെ നിര്‍ദേശപ്രകാരമാണ് കൃത്യം ചെയ്തതെന്ന് പള്‍സര്‍ സുനി പറഞ്ഞിട്ടും ആ തെളിവുകള്‍ സമര്‍പ്പിച്ചുകൊണ്ട് വിധി അനുകൂലമാക്കിയെടുക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
'പ്രതികളെ രക്ഷപ്പെടുത്തുന്നതിനായി ഭരണകൂടം ശ്രമം നടത്തി. കുറ്റവിമുക്തനാക്കിയതോടെ ഇനി എന്തുവേണമെങ്കിലും അദ്ദേഹത്തിന് പറയാമല്ലോ. കേരളത്തിലെ നീതിബോധമുള്ള പൊതുസമൂഹം അതിജീവിതയ്ക്കൊപ്പമാണ്. വിധിയില്‍ ഗൂഢാലോചന തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെങ്കിലും അവര്‍ ചരിത്രത്തിന്റെ ഭാഗമാണ്. അവര്‍ നടത്തിയ നിശ്ചയദാര്‍ഡ്യത്തോടെയുള്ള പ്രതികരണമാണ് കേസ് ഇവിടെവരെ എത്തിച്ചത്.- കെ.കെ രമ പറഞ്ഞു.
അധികാരവും പണവുമുണ്ടെങ്കില്‍ എന്തും നടക്കുമെന്നാണ് ഇന്നത്തെ വിധിയിലൂടെ മനസ്സിലാക്കാനാകുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
പോസ്റ്റ് ഇങ്ങനെ
ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട കേസിന്റെ നാള്‍വഴികള്‍ പിന്തുടര്‍ന്ന ആരും മറിച്ചൊരു വിധി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ന്യായാധിപയെ സംബന്ധിച്ച് അതിജീവിതയ്ക്കുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍, കോടതിയുടെ സുരക്ഷയിലുണ്ടായിരുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് തുടങ്ങി ഒട്ടനേകം സന്ദര്‍ഭങ്ങള്‍ നീതിബോധമുള്ള മനുഷ്യരെ ആശങ്കയിലാഴ്ത്തിരുന്നു.
അക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും നീതിപീഠത്തെ ചൂഴ്ന്നു നില്‍ക്കുന്ന കാര്‍മേഘങ്ങള്‍ നീക്കണമെന്നും പറഞ്ഞത് ഹൈക്കോടതിയാണ്.
അതിക്രൂരമായ ഈ കുറ്റകൃത്യത്തിന് പിറകെ ഗൂഢാലോചന തെളിയിക്കുന്നതില്‍ പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടു. ഈ പരാജയത്തിനു പിറകില്‍ കാണാമറയത്തെ ഉന്നത ഒത്തുതീര്‍പ്പുകളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വിധി നിരാശാജനകമെങ്കിലും നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല. ഇതിനുമുകളിലും കോടതികളുണ്ട്.
കോടതി മുറികളില്‍ സാങ്കേതികമായി പരാജയപ്പെട്ടാലും സമൂഹ മനഃസാക്ഷിയുടെ കോടതിയിലും മനുഷ്യഭാവിയുടെ പോര്‍മുഖത്തും വിജയിച്ചു നില്‍ക്കുകയാണ് അതിജീവിത.
അവളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഒരു ചരിത്രമാണ്.
അവള്‍ പരാജയപ്പെടുകയില്ല. ജനാധിപത്യ കേരളം അവള്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കും.
സ്‌നേഹാഭിവാദ്യങ്ങള്‍ പ്രിയപ്പെട്ടവളേ..
reacting to the court verdict in the actress assault case, k k rama said the judgment is disappointing but the struggle for justice will not end. she added that democratic kerala firmly stands with the survivor, reaffirming continued support for her fight.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."