ഗസ്സ രണ്ടാംഘട്ട വെടിനിർത്തൽ ഉടൻ; നെതന്യാഹു യു.എസിലെത്തി ട്രംപിനെ കാണും
വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്‌റാഈൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഈ മാസം 29ന് യു.എസിൽ കൂടിക്കാഴ്ച നടത്തും. ഗസ്സയിലെ വെടിനിർത്തലിന്റെ രണ്ടാംഘട്ടത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ച. നെതന്യാഹുവിന്റെ ഓഫിസാണ് കൂടിക്കാഴ്ച വിവരം പുറത്തുവിട്ടത്.
ട്രംപ് അധികാരമേറ്റ് ഒരുവർഷം തികയും മുൻപ് യു.എസിൽ നെതന്യാഹുവിന്റെ അഞ്ചാമത്തെ സന്ദർശനമാണ് നടക്കാനിരിക്കുന്നത്. യു.എസ് തയാറാക്കിയ വെടിനിർത്തൽ കരാർ പ്രകാരം ഗസ്സയിൽ ഒക്ടോബർ 10 മുതൽ വെടിനിർത്തൽ നിലവിൽ വന്നിട്ടുണ്ട്. എന്നാൽ വെടിനിർത്തൽ ലംഘനം നടത്തി ഇസ്‌റാഈൽ ഇതുവരെ 390ലേറെ പേരെ കൊലപ്പെടുത്തിയിട്ടുണ്ട്.
രണ്ടാംഘട്ട വെടിനിർത്തൽ പദ്ധതിയെക്കുറിച്ച് മധ്യസ്ഥരും ഹമാസും നേരത്തെ ചർച്ച നടത്തിയിരുന്നു. രണ്ടാംഘട്ട വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വരണമെന്നും ഇസ്‌റാഈൽ സൈന്യം പൂർണമായി ഗസ്സ വിടണമെന്നും തുർക്കിയും ഖത്തറും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യമുന്നയിച്ചിരുന്നു. ഒരു ബന്ദിയുടെ മൃതദേഹം കൂടിയേ ഇനി ഹമാസിന് കണ്ടെടുത്തു ഇസ്‌റാഈലിനു കൈമാറാൻ ബാക്കിയുള്ളൂ. ഇതിനായി തെരച്ചിലും നടക്കുന്നുണ്ട്. ബന്ദി കൈമാറ്റം പൂർണമായാലാണ് രണ്ടാംഘട്ട വെടിനിർത്തൽ പ്രാബല്യത്തിൽ വരേണ്ടത്.
ട്രംപും നെതന്യാഹുവും തമ്മിൽ കൂടിക്കാഴ്ചയെന്നാണ് നെതന്യാഹുവിന്റെ വക്താവ് ഷോഷ് ബെഡ്രോസിയൻ അറിയിച്ചത്. സ്ഥലം എവിടെയെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ എട്ടു ദിവസത്തെ സന്ദർശനത്തിനാണ് നെതന്യാഹു യു.എസിലേക്ക് പോകുന്നതെന്നും ഇതിനിടെ ട്രംപുമായി രണ്ടു തവണ കൂടിക്കാഴ്ച നടത്തുമെന്നും ഇസ്‌റാഈൽ ചാനലായ ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഫ്‌ളോറിഡയിലെ ട്രംപിന്റെ കൊട്ടാര സദൃശ്യമായ ബംഗ്ലാവായ മാർ എ ലാഗോ എസ്‌റ്റേറ്റിലാകും കൂടിക്കാഴ്ചയെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾ വേഗത്തിൽ തുടങ്ങുമെന്നും നെതന്യാഹു സൂചന നൽകി.
ശൈത്യം ശക്തമാകുന്നു; ഗസ്സയിൽ ദുരിതം
ഗസ്സ: മഴയും ശൈത്യവും ഗസ്സയിലെ ടെന്റുകളിൽ കഴിയുന്നവരെ ദുരിതത്തിലാക്കുന്നു. അടുത്ത മൂന്ന് ദിവസം ശൈത്യക്കാറ്റ് ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനമെന്ന് ഗസ്സ അധികൃതർ പറയുന്നു. തണുപ്പിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ടെന്റുകൾ ഗസ്സയിലില്ല. ഇസ്‌റാഈലിന്റെ വിലക്കുള്ളതിനാൽ ടെന്റുകളുമായി എത്തിയ വിദേശരാജ്യങ്ങളുടെ ട്രക്കുകൾ റഫ അതിർത്തിയിൽ അനുമതി കാത്തുകഴിയുകയാണ്. താൽക്കാലിക ടെന്റുകൾ കീറിയ നിലയിലും മറ്റുമാണുള്ളത്. ഇന്നു മുതൽ വെള്ളിയാഴ്ച വരെ ഗസ്സയിൽ ശൈത്യക്കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഗസ്സയിൽ മാധ്യമങ്ങൾക്കുള്ള വിലക്ക് നീട്ടി ഇസ്‌റാഈൽ സുപ്രിംകോടതി
തെൽഅവീവ്: ഗസ്സയിൽ വിദേശ മാധ്യമങ്ങളെ വിലക്കിയ നടപടി നീട്ടി ഇസ്‌റാഈൽ സുപ്രിംകോടതി. ജറൂസലേമിലെ സുപ്രിംകോടതിയാണ് ഫോറിൻ പ്രസ് അസോസിയേഷൻ (എഫ്.പി.എ)യുടെ ഹരജി തള്ളിയത്. സ്വതന്ത്ര അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് ഗസ്സയിലേക്ക് പ്രവേശിക്കാൻ അനുമതി വേണമെന്നായിരുന്നു ഹരജി. വിലക്ക് നീട്ടാനുള്ള ഇസ്‌റാഈൽ സർക്കാരിന്റെ നീക്കത്തിന് കോടതി അനുമതി നൽകി. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഇത് ഒൻപതാം തവണയാണ് വിലക്ക് നീട്ടി ഇസ്‌റാഈൽ സുപ്രിംകോടതി ഉത്തരവിടുന്നത്. നിയമ വ്യവസ്ഥയെ കൊഞ്ഞനം കുത്തുന്നതാണ് ഇസ്‌റാഈലിന്റെയും സുപ്രിംകോടതിയുടെയും നടപടിയെന്ന് എഫ്.പി.എ പറഞ്ഞു.
us president donald trump and israel prime minister benjamin netanyahu will meet in the us on the 29th of this month.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."