മാഞ്ചസ്റ്റര്‍ നാട്ടങ്കം ഇന്ന്
ലണ്ടന്‍: സീസണിലെ ആദ്യ മാഞ്ചസ്റ്റര്‍ നാട്ടങ്കം ഇന്ന്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, നാട്ടുവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയുമായി യുനൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ്ട്രാഫോര്‍ഡിലാണ് ഡെര്‍ബി പോരാട്ടത്തിലെ ആദ്യ അങ്കത്തില്‍ കൊമ്പുകോര്‍ക്കുന്നത്. വിഖ്യാത പരിശീലകരായ പെപ് ഗെര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റിയുടെ തന്ത്രങ്ങളുടെ അമരക്കാരനായും ഹോസെ മൗറീഞ്ഞോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകനായും സ്ഥാനമേറ്റ ശേഷമുള്ള ആദ്യ നേര്‍ക്കുനേര്‍ പോരാണ് ഇന്ന് അരങ്ങേറാനൊരുങ്ങുന്നത്. നേരത്തെ ഗെര്‍ഡിയോള ബാഴ്‌സലോണ ടീമിന്റെ പരിശീലകനായും മൗറീഞ്ഞോ റയല്‍ മാഡ്രിഡിന്റെ പരിശീലകനായും തന്ത്രങ്ങളുമായി ഏറ്റുമുട്ടിയിരുന്നു. പ്രീമിയര്‍ ലീഗ് ടീമുകളുടെ പരിശീലക സ്ഥാനമേറ്റ ശേഷം ആദ്യമായാണ് ഇരുവരും മുഖാമുഖം വരുന്നത്. ഇരുവരും 16 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഏഴു വിജയങ്ങളുമായി ഗെര്‍ഡിയോള മുന്നില്‍ നില്‍ക്കുന്നു. മൗറീഞ്ഞോയ്ക്ക് മൂന്നു വിജയങ്ങളാണുള്ളത്. ആറു മത്സരങ്ങള്‍ സമനിലയിലായി.
യൂറോപ്പിലെ മറ്റു ലീഗുകളില്‍ നിന്നു വ്യത്യസ്തമായ കേളീശൈലിയാണ് പ്രീമിയര്‍ ലീഗില്‍ എന്നതിനാല്‍ ഇരുവരുടേയും തന്ത്രങ്ങള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. കുശാഗ്ര ബുദ്ധിക്കാരായ ഇരുവരുടേയും കളിക്കളത്തിലെ പദ്ധതികള്‍ക്കനുസരിച്ചു തന്നെയാവും മത്സര ഫലത്തിന്റെ ഗതിയെന്ന കാര്യത്തില്‍ സംശയമില്ല. പ്രീമിയര്‍ ലീഗിലെ ആദ്യ മൂന്നു മത്സരങ്ങളിലും വിജയം സ്വന്തമാക്കിയാണ് ഇരു ടീമുകളും നാട്ടങ്കത്തിനായി ഒരുങ്ങിയിറങ്ങുന്നത് എന്നതും മത്സരത്തിന്റെ തീവ്രത വര്‍ധിപ്പിക്കും.
പരിശീലകനായ ശേഷം നടന്ന അഞ്ചു മത്സരങ്ങളില്‍ അഞ്ചിലും വിജയത്തിലേക്ക് ക്ലബിനെ നയിക്കാന്‍ സാധിച്ച സിറ്റിയിലെ ആദ്യ പരിശീലകനെന്ന പെരുമ ഗെര്‍ഡിയോള സ്വന്തമാക്കിയപ്പോള്‍ സമാനമായ റെക്കോര്‍ഡ് യുനൈറ്റഡില്‍ മൗറീഞ്ഞോയും നേടി. സ്ഥാനമേറ്റ ശേഷം തുടര്‍ച്ചയായ നാലു വിജയങ്ങളിലേക്ക് യുനൈറ്റഡിനെ നയിച്ച ആദ്യ മാനേജരെന്ന ഖ്യാതി. നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് യുനൈറ്റഡ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
172ാം ഡെര്‍ബി
ചരിത്രത്തിലെ 172ാം മാഞ്ചസ്റ്റര്‍ നാട്ടങ്കമാണ് ഇന്നു നടക്കാനിരിക്കുന്നത്. വിജയങ്ങളില്‍ യുനൈറ്റഡ് മുന്നില്‍ നില്‍ക്കുന്നു. 71 വിജയങ്ങള്‍. 51 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. ഇന്നത്തെ മത്സരത്തില്‍ സിറ്റി വിജയിച്ചാല്‍ നാട്ടങ്കത്തിലെ അവരുടെ 50ാം വിജയമായി അതു മാറും. അവസാനം നടന്ന പോരാട്ടത്തില്‍ വിജയം യുനൈറ്റഡിനൊപ്പമായിരുന്നു. മാര്‍ച്ചില്‍ നടന്ന പോരില്‍ 1-0ത്തിനാണ് യുനൈറ്റഡ് വിജയിച്ചത്. 18കാരനായ യുവ താരം റാഷ്‌ഫോര്‍ഡാണ് അന്നു യുനൈറ്റഡിനായി വിജയ ഗോള്‍ നേടിയത്. മാഞ്ചസ്റ്റര്‍ നാട്ടങ്കത്തില്‍ ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പെരുമയും ഈ ഗോളിലൂടെ റാഷ്‌ഫോര്‍ഡ് സ്വന്തമാക്കി.
അഗ്യെറോ ഇല്ലാതെ സിറ്റി,
മിഖിത്രയനില്ലാതെ യുനൈറ്റഡ്
മുന്നേറ്റത്തില്‍ സെര്‍ജിയോ അഗ്യെറോയുടെ അഭാവമാണ് സിറ്റിക്ക് തലവേദനയായി നില്‍ക്കുന്നത്. സസ്പന്‍ഷന്‍ കാരണമാണ് അര്‍ജന്റൈന്‍ താരത്തിനു പുറത്തിരിക്കേണ്ടി വന്നത്. ബാഴ്‌സലോണയില്‍ നിന്നു ടീമിലെത്തിയ ചിലിയന്‍ ഗോള്‍ കീപ്പര്‍ ക്ലൗഡിയോ ബ്രാവോ ക്ലബിനായി വല കാക്കും. സിറ്റിക്കായി അരങ്ങേറ്റ മത്സരത്തിനാണ് ചിലിയന്‍ നായകനൊരുങ്ങുന്നത്. ജര്‍മന്‍ താരങ്ങളായ ഇല്‍കെ ഗുണ്ടഗന്‍, ലെറോയ് സാനെ എന്നിവരും ക്ലബിനായി ഇന്നു അരങ്ങേറിയേക്കും. ഇരുവരും പരുക്കു ഭേദമായി തിരിച്ചെത്തി. പ്രതിരോധ താരം ബക്കറി സനയും പരുക്കു മാറി തിരിച്ചെത്തിയിട്ടുണ്ട്.
മറുഭാഗത്ത് ഹെന്റിഖ് മിഖിത്രയന്റെ അസാന്നിധ്യമാണ് ശ്രദ്ധേയം. അന്താരാഷ്ട്ര പോരാട്ടത്തിനായി അര്‍മേനിയന്‍ ടീമിനൊപ്പമാണ് താരം. ഇക്വഡോര്‍ താരം അന്റോണിയോ വലന്‍സിയ പരുക്കില്‍ നിന്നു പൂര്‍ണമായും മുക്തനല്ല. നിലവില്‍ താരം ആദ്യ ഇലവനിലുണ്ടെങ്കിലും അവസാന നിമിഷം മാറിയേക്കാം.
ഇവര്‍ ശ്രദ്ധേയര്‍
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറിയ പോള്‍ പോഗ്ബയുടെ സാന്നിധ്യമാണ് യുനൈറ്റഡിനെ ശ്രദ്ധേയമാക്കുന്നത്. മധ്യനിരയില്‍ താരത്തിന്റെ ചുറുചുറുക്കും മുന്നേറ്റത്തില്‍ ഇബ്രാഹിമോവിച്, റാഷ്‌ഫോര്‍ഡ്, റൂണി തുടങ്ങിയവരുടെ സാന്നിധ്യവും യുനൈറ്റഡിനെ കരുത്തുറ്റ നിരയാക്കി മാറ്റുന്നു. സ്പാനിഷ് ഗോള്‍ കീപ്പര്‍ ഡേവിഡ് ജിയയുടെ ഫോമും യുനൈറ്റഡിന്റെ ശക്തിയാണ്. പ്രതിരോധത്തില്‍ ബെയ്‌ലി- ബ്ലിന്‍ഡ് ദ്വയവും ശ്രദ്ധേയം.
അഗ്യെറോയുടെ അസാന്നിധ്യത്തിലും സിറ്റിയെ എഴുതി തള്ളാന്‍ സാധിക്കില്ല. ഗോള്‍ വല കാക്കാന്‍ ക്ലൗഡിയോ ബ്രാവോ ഇറങ്ങുന്നത് അവര്‍ക്ക് ആശ്വാസമാകുന്നു. പരിചയ സമ്പത്തും മികച്ച ജാഗ്രതയും റിഫ്‌ളക്ഷനും കൈമുതലുള്ള താരമാണ് ബ്രാവോ. പ്രതിരോധത്തില്‍ സ്റ്റോണ്‍സ്, സബലേറ്റ എന്നിവരും കരുത്തര്‍. ഫോമിലേക്കുയര്‍ന്ന റഹിം സ്റ്റെര്‍ലിങ്, ഡേവിഡ് സില്‍വ, ഫെര്‍ണാണ്ടീഞ്ഞോ, ഡി ബ്രുയ്ന്‍ എന്നിവര്‍ മധ്യനിര നിയന്ത്രിക്കും. അഗ്യെറോയ്ക്ക് പകരം സ്പാനിഷ് താരം നൊളിറ്റോ മുന്നേറ്റക്കാരനാകും.
സാധ്യതാ ഇലവന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ഡേവിഡ് ജിയ, വലന്‍സിയ, ബെയ്‌ലി, ബ്ലിന്‍ഡ്, ലുക് ഷോ, പോഗ്ബ, ഫെല്ലെയ്‌നി, റാഷ്‌ഫോര്‍ഡ്, റൂണി, മാര്‍ഷ്യല്‍, ഇബ്രാഹിമോവിച്.
മാഞ്ചസ്റ്റര്‍ സിറ്റി- ക്ലൗഡിയോ ബ്രാവോ, സബലേറ്റ, സ്റ്റോണ്‍സ്, ഒടാമെന്‍ഡി, ക്ലിചി, ഫെര്‍ണാണ്ടീഞ്ഞോ, സില്‍വ, ഡെല്‍ഫ്, സെറ്റെര്‍ലിങ്, നോളിറ്റോ, ഡി ബ്രുയ്ന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."