'ഗുളിക നല്‍കിയത് യുവതി ആവശ്യപ്പെട്ടിട്ട്'; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുലിന്റെ സുഹൃത്ത് ജോബി
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസില്‍ രണ്ടാം പ്രതിയായ ജോബി ജോസഫ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
യുവതിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് ജോബി ജോസാണ് എന്നായിരുന്നു പരാതിക്കാരി ഉന്നയിച്ചിരുന്നത്. പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് മരുന്ന് എത്തിച്ചതെന്നാണ് ജോബിയുടെ വാദം. മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ജോബി ഹരജിയില്‍ പറയുന്നു. നിലവില്‍ ജോബി ജോസഫും ഒളിവിലാണ്. കേസ് പരിഗണിക്കുന്നത് 17 ലേക്ക് മാറ്റി.
നിര്‍ബന്ധിത ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട് പരാതിക്കാരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോബി ജോസഫിനെതിരെ കേസെടുത്തത്.
രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗക്കേസിലും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥയ്ക്കു മുന്നില്‍ ഹാജരാകണം, അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണം എന്നിങ്ങനെയാണ് ഉപാധികള്‍. കേസില്‍ വിശദ വാദംകേട്ട് മൂന്നു ദിവസം കഴിഞ്ഞാണ് വിധി.
ബലാത്സംഗ പരാതിയില്‍ സംശയമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പരാതി നല്‍കിയതിലെ കാലതാമസം ചൂണ്ടിക്കാട്ടിയ സെഷന്‍സ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. പരാതിയിലും മൊഴിയിലും വൈരുധ്യമുണ്ട്. രാഹുലിന് എതിരായ ആരോപണം ഗൗരവതരമാണ്. പൊലിസിനു പരാതി നല്‍കാതെ കെ.പി.സി.സി പ്രസിഡന്റിനാണ് പരാതി നല്‍കിയതും കോടതി ചൂണ്ടിക്കാട്ടി.
യുവതി സമ്മര്‍ദത്താലാകാം പരാതി നല്‍കിയതെന്നും കോടതി വിലയിരുത്തി. പരാതി വൈകിയതും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതുമാണ് ജാമ്യത്തിന് കാരണം. ഹാജരാക്കിയ സമൂഹമാധ്യമ ചാറ്റുകള്‍ ആരോപണം തെളിയിക്കുന്നതല്ലെന്നും വിധിപ്പകര്‍പ്പില്‍ വ്യക്തമാക്കുന്നു. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പൊലിസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പിന്തുടര്‍ന്ന് ശല്യപ്പെടുത്തുക, തടഞ്ഞുവയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബെംഗളുരുവില്‍ പഠിക്കുന്ന 23കാരി കെ.പി.സി.സി അധ്യക്ഷന് നല്‍കിയ പരാതിയിലാണ് കേസ്.
രാഹുലിനെതിരായ ആദ്യ കേസിലെ ജാമ്യാപേക്ഷയില്‍ 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്. രാഹുലിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം. കോടതി ഉത്തരവ് ലഭിച്ച ഉടന്‍ അപ്പീല്‍ നല്‍കും.
Joby Joseph, the second accused in the sexual assault and forced abortion case involving Congress leader Rahul Mankoottil, has filed an anticipatory bail plea before the Thiruvananthapuram Principal Sessions Court. The complainant alleged that Joby supplied her with abortion pills, but Joby claims he delivered the medicines only at her request and was unaware of their seriousness. Joby is currently absconding, and the court has postponed the hearing to the 17th.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."