ഇരട്ടി ഊർജവുമായി യു.ഡി.എഫ്; ഇനി മിഷൻ 2026
കോഴിക്കോട്: തദ്ദേശത്തിലെ ചരിത്ര വിജയത്തിലൂടെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള ഊർജവും ആത്മവിശ്വാസവും കൈവരിച്ച് യു.ഡി.എഫ്. പ്രതീക്ഷിച്ചതിനേക്കാൾ മികച്ച വിജയമാണ് ഐക്യ ജനാധിപത്യ മുന്നണി നേടിയത്. നാല് കോർപറേഷനുകളിലും 55 മുനിസിപ്പാലിറ്റികളിലും ഏഴ് ജില്ലാ പഞ്ചായത്തുകളിലും 508 ഗ്രാമപഞ്ചായത്തുകളിലും 79 ബ്ലോക്ക് പഞ്ചായത്തുകളിലും ഭരണം നേടാനായത് സംസ്ഥാനത്തെ യു.ഡി.എഫ് അനുകൂല തരംഗം വ്യക്തമാക്കുന്നതോടൊപ്പം സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം കൂടി പ്രകടമായി. യു.ഡി.എഫിന്റെ ടീം വർക്കിന്റെ വിജയം കൂടിയാണിത്.
ഫലം വന്നപ്പോൾ ആദ്യം അമ്പരപ്പാണ് യു.ഡി.എഫ് ക്യാംപിലുണ്ടായത്. മലബാർ ജില്ലകളിൽ വൻ മുന്നേറ്റം നടത്താനായി. ന്യൂനപക്ഷ വിഭാഗങ്ങൾ യു.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നതുകൂടി വൻവിജയം വരച്ചുകാട്ടുന്നു. മധ്യകേരളത്തിലടക്കം നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. കോട്ടയത്ത് കേരള കോൺഗ്രസ് (എം) കേന്ദ്രങ്ങളിലും മികച്ച വിജയം നേടാനായി. തൃശൂരിൽ ബി.ജെ.പിയിലേക്ക് പോയ വോട്ടുകൾ തിരിച്ചുപിടിച്ചു. ഉപതെരഞ്ഞെടുപ്പുകൾക്ക് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരിക്കൽ കൂടി വിജയം കണ്ടിരിക്കുകയാണ്. വിജയത്തിൽ മുസ് ലിം ലീഗിന്റെ പങ്കും നിർണായകമായി. ലീഗിന് സ്വാധീനമുള്ള മലബാർ ജില്ലകളിൽ വൻ കുതിപ്പാണ് യു.ഡി.എഫ് നടത്തിയത്.
അനുകൂല രാഷ്ട്രീയ കാലാവസ്ഥക്കൊപ്പം മറ്റു ഘടകങ്ങൾ കൂടി യു.ഡി.എഫിന് തുണയായി. സ്ഥാനാർഥി നിർണയവും സീറ്റ് വിഭജനവും വലിയ പരാതികളില്ലാതെ പൂർത്തിയാക്കി പ്രചാരണ രംഗത്ത് മുന്നേറാൻ തുടക്കത്തിൽ തന്നെ യു.ഡി.എഫിന് കഴിഞ്ഞിരുന്നു. വാർഡ് കമ്മിറ്റികൾ നിർദേശിച്ച സാധാരണ പ്രവർത്തകരെ സ്ഥാനാർഥികളായി നിർത്തിയതോടെ ഇടതു കോട്ടകളായി വിശേഷിക്കപ്പെട്ട പല തദ്ദേശ സ്ഥാപനങ്ങളും കടപുഴകി. കോർപറേഷനുകളിർ മുതിർന്ന നേതാക്കൾക്ക് ചുമതല നൽകിയുള്ള പ്രവർത്തനവും ഗുണം ചെയ്തു.
അതേസമയം, തിരുവനന്തപുരം കോർപറേഷനിൽ വിജയം നേടാൻ കവിയാതെ പോയത് പ്രത്യേക സാഹചര്യം കൊണ്ടാണെന്ന് നേതാക്കൾ വിശദീകരിക്കുന്നു. കെ. മുരളീധരന്റെ നേതൃത്വത്തിൽ കെ.എസ് ശബരീനാഥനെ മുന്നിൽ നിർത്തി നടത്തിയ നീക്കങ്ങൾ ബി.ജെ.പി മുന്നേറ്റത്തിൽ ഫലം കണ്ടില്ലെങ്കിലും സംസ്ഥാനത്തെ മറ്റു പല തദ്ദേശ സ്ഥാപനങ്ങളിലും ബി.ജെ.പിക്ക് തടയിടാൻ യു.ഡി.എഫിന് കഴിഞ്ഞുവെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ശബരിമല സ്വർണക്കൊള്ള, വെള്ളാപ്പള്ളി നടേശനെ പിന്തുണക്കുന്ന നിലപാട് എന്നിവ ഉൾപ്പെടെ യു.ഡി.എഫ് ഉന്നയിച്ച രാഷ്ട്രീയ വിഷയങ്ങളെല്ലാം ജനം അംഗീകരിച്ചെന്ന് കൂടിയാണ് ഫലം തെളിയിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ കേസ് ഏശിയില്ലെന്നും യു.ഡി.എഫ് വിലയിരുത്തുന്നു. നാലു മാസത്തിന് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് അതിവേഗം ഒരുങ്ങാനുള്ള ഇന്ധനം കൂടിയാണ് യു.ഡി.എഫിന് തദ്ദേശ ഫലം. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഇടതുമുന്നണി നടത്തിയ പ്രചാരണങ്ങൾ വിലപ്പോയില്ലെന്ന് കൂടിയാണ് മലബാർ ജില്ലകളിലെ ഫലം സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."