ഭിന്നശേഷി പണം തട്ടിയെടുക്കുന്നു; നിയമനടപടിക്കൊരുങ്ങി ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍
കാസര്‍കോട്: ഭിന്നശേഷി കായിക താരങ്ങള്‍ നേതൃത്വം നല്‍കി സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരളയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലും സംസ്ഥാന സര്‍ക്കാരും അംഗീകാരം നല്‍കാതെ ചതിച്ചുവെന്നും അര്‍ഹതപ്പെട്ട പണം മറ്റുസംഘടനകള്‍ തട്ടിയെടുക്കുന്നതായും പരാതി.
തങ്ങളെ ചതിച്ച് മാനണ്ഡങ്ങള്‍ മറികടന്ന് അര്‍ഹതയില്ലാത്ത മറ്റൊരു സംഘടനക്ക് അംഗീകാരം നല്‍കിയെന്നാണ് ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ആക്ഷേപം. 2015 മുതല്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തുപ്രവര്‍ത്തിച്ചുവരുന്ന ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരള, 2015 മുതല്‍ കേരളത്തിലെ ഭിന്നശേഷി കായിക താരങ്ങളെ പാരലിംപിക് കമ്മിറ്റി ഓഫ് ഇന്ത്യ നടത്തുന്ന ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയും അതുവഴി നിരവധി കായിക ഇനങ്ങളില്‍ ദേശീയ മെഡലുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.
നിരവധി സംസ്ഥാന, ദേശീയ മത്സരങ്ങള്‍ നടത്തിയിട്ടുള്ള സംഘടനയുടെ പ്രവര്‍ത്തനത്തെയാണ് സംസ്ഥാന സര്‍ക്കാരും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും കണ്ടില്ലെന്ന് നടിക്കുന്നത്. എന്നാല്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഫോര്‍ ഡിഫറെന്റിലി ഏബിള്‍ഡ് എന്ന സംഘടനയ്ക്ക് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തി അംഗീകാരം നല്‍കിയെന്നും അസോസിയേഷന്‍ ആരോപിക്കുന്നു.
സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഫോര്‍ ഡിഫറെന്റിലി ഏബിള്‍ഡ് കേരളയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഭിന്നശേഷിക്കാരനല്ലാത്ത വ്യക്തിയാണെന്നും, സാമ്പത്തിക ആനുകൂല്യങ്ങളൊന്നും യഥാര്‍ത്ഥ വ്യക്തികള്‍ക്ക് ലഭിക്കുന്നില്ലെന്നും പി.സി.എ.എസ്.എ.കെ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."