യൂറോപ്പിലേക്ക് പറക്കാൻ ഇനി എളുപ്പം; വാർസോയിലേക്ക് പുതിയ സർവീസുമായി എയർ അറേബ്യ
ഷാർജ: യുഎഇയുടെ ബജറ്റ് എയർലൈനായ എയർ അറേബ്യ തങ്ങളുടെ യൂറോപ്യൻ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി പോളിഷ് തലസ്ഥാനമായ വാർസോയിലേക്ക് പുതിയ വിമാന സർവീസ് ആരംഭിച്ചു. വാർസോ മോഡ്‌ലിൻ വിമാനത്താവളത്തിലേക്കുള്ള നോൺ-സ്റ്റോപ്പ് സർവീസുകൾ ഡിസംബർ 20 മുതലാണ് നിലവിൽ വന്നത്. ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നേരിട്ട് നടത്തുന്ന ഈ സർവീസ്, പോളണ്ടിലെ പ്രധാന നഗരങ്ങളുമായി യുഎഇയെ കൂടുതൽ അടുപ്പിക്കും.
നിലവിൽ വാർസോയിലെ ചോപിൻ, മോഡ്‌ലിൻ എന്നീ രണ്ട് വിമാനത്താവളങ്ങളിലേക്കും സർവീസ് നടത്തുന്ന ചുരുക്കം എയർലൈനുകളിൽ ഒന്നായി ഇതോടെ എയർ അറേബ്യ മാറി.
പുതിയ റൂട്ട് കൂടി സജീവമായതോടെ യുഎഇക്കും പോളണ്ടിനുമിടയിലുള്ള എയർ അറേബ്യയുടെ ആകെ സർവീസുകൾ ആഴ്ചയിൽ 24 ആയി ഉയർന്നു. ഇതിൽ വാർസോ ചോപിൻ വിമാനത്താവളത്തിലേക്കുള്ള പ്രതിദിന വിമാനങ്ങളും ക്രാക്കോ നഗരത്തിലേക്കുള്ള പത്ത് പ്രതിവാര സർവീസുകളും ഉൾപ്പെടുന്നു.
ടൂറിസം, ബിസിനസ് ആവശ്യങ്ങൾക്കും കൂടാതെ പ്രവാസികൾക്കും സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കാനും ഈ വിപുലീകരണം ഏറെ ഗുണകരമാകുമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. മധ്യ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന തിരക്ക് പരിഗണിച്ചാണ് കമ്പനിയുടെ ഈ നീക്കം.
പ്രധാന യൂറോപ്യൻ വിപണികളുമായുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് പോളണ്ടിലെ ഈ വളർച്ച കാണിക്കുന്നതെന്ന് എയർ അറേബ്യ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആദേൽ അൽ അലി പറഞ്ഞു. യാത്രക്കാർക്ക് കൂടുതൽ തിരഞ്ഞെടുപ്പുകളും സൗകര്യങ്ങളും കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മ്യൂണിക്ക്, വിയന്ന, ഏഥൻസ്, മിലാൻ, പ്രാഗ് തുടങ്ങിയ പ്രമുഖ യൂറോപ്യൻ നഗരങ്ങളിലേക്കുള്ള എയർ അറേബ്യയുടെ പട്ടികയിലേക്കാണ് ഇപ്പോൾ വാർസോ മോഡ്‌ലിനും ചേർക്കപ്പെട്ടിരിക്കുന്നത്.
air arabia introduces a new direct service to warsaw, making travel to europe more affordable and convenient for passengers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."