വാളയാർ ആൾക്കൂട്ടക്കൊല; നാല് പ്രതികൾ ബിജെപി അനുഭാവികൾ, ഒരാൾ സിഐടിയു പ്രവർത്തകൻ; സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്
വാളയാർ: വാളയാറിൽ രാം നാരായണൻ എന്ന യുവാവ് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതികളിൽ നാല് പേർ ബിജെപി അനുഭാവികളും ഒരാൾ സിഐടിയു പ്രവർത്തകനുമാണെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. കേസിലെ ഒന്ന്, രണ്ട്, മൂന്ന് അഞ്ച് പ്രതികൾ ബിജെപി അനുഭാവികളാണെന്നാണ് കണ്ടെത്തൽ. ഇതിൽ ഒന്ന്, രണ്ട് പ്രതികൾ മുൻപ് സിഐടിയു, ഡിവൈഎഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസുകളിലും പ്രതികളാണ്. നാലാം പ്രതി സിഐടിയു പ്രവർത്തകനാണ്.
കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതികൾ രാം നാരായണനെ മർദ്ദിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ മറ്റ് ചില കേസുകളിലെ പ്രതികളും സ്ഥലത്തെത്തിയിരുന്നതായി പൊലിസിന് തെളിവ് ലഭിച്ചു.
അതേസമയം, കൊലപാതകത്തിന് പിന്നിൽ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണെന്ന് മന്ത്രി എം.ബി. രാജേഷും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആരോപിച്ചു. കൊല്ലപ്പെട്ട യുവാവിനെ ബംഗ്ലാദേശിയെന്ന് വിളിച്ചാണ് മർദ്ദിച്ചതെന്നും ഇവർ കൂട്ടിച്ചേർത്തു.
അതേസമയം, സിപിഎമ്മിന്റെ ആരോപണങ്ങൾ ബിജെപി നിഷേധിച്ചു. മർദ്ദിച്ചവരുടെ കൂട്ടത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരും ഉണ്ടായിരുന്നുവെന്നാണ് ബിജെപിയുടെ വിശദീകരണം.
സംഭവത്തിൽ ഉൾപ്പെട്ട 14 പേർ ആർഎസ്എസ് പ്രവർത്തകരാണെന്നും ഒരാൾ സിപിഎം പ്രവർത്തകനുമാണെന്ന ആരോപണവുമായി പാലക്കാട് ഡിസിസിയും രംഗത്തെത്തിയിരുന്നു. അതേസമയം, പ്രതികളുടെ രാഷ്ട്രീയ ബന്ധം വിശദമായി പരിശോധിക്കുമെന്ന് പാലക്കാട് എസ്പി അറിയിച്ചു.
രാം നാരായണനെ പ്രതികൾ എത്രത്തോളം ക്രൂരമായാണ് മർദ്ദിച്ചതെന്ന് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രതികൾ വടി ഉപയോഗിച്ച് രാം നാരായണന്റെ തലയ്ക്കും മുതുകിനും മാരകമായി അടിച്ചു. കൂടാതെ മുഖത്തും വയറിലും ക്രൂരമായി മർദ്ദിച്ചതായും റിപ്പോർട്ടിലുണ്ട്.
കേസിൽ പിടിയിലായവരെല്ലാം നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. ഇതിൽ ഒന്നാം പ്രതിക്കെതിരെ മാത്രം വിവിധ പൊലിസ് സ്റ്റേഷനുകളിലായി 15-ലേറെ കേസുകൾ നിലവിലുണ്ട്. സംഭവം നടന്ന് ദിവസങ്ങൾ കഴിയുമ്പോഴും കേസിൽ ഉൾപ്പെട്ട കൂടുതൽ പേരെ പിടികൂടാൻ വൈകുന്നതിൽ പൊലിസിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
The Special Branch report reveals that four BJP sympathizers and a CITU worker were among those arrested for the lynching of Ram Narayan, a migrant worker, in Walayar, Kerala. The incident has sparked widespread outrage and demands for justice.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."