യു.എന്‍.ഡി.പി പദ്ധതി തള്ളിക്കളയണമെന്ന് ജനപ്രതിനിധികള്‍
തൊടുപുഴ: യു.എന്‍.ഡി.പിയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കാന്‍ തയ്യാറാക്കിയ പദ്ധതിയായ ഇന്‍ഡ്യ ഹൈറേഞ്ച് മൗണ്ടന്‍ ലാന്റ് സ്‌കേപ് പ്രൊജക്ട് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും പദ്ധതി സര്‍ക്കാര്‍ തള്ളിക്കളയണമെന്നും ഇത് സംബന്ധിച്ച് കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയകക്ഷിനേതാക്കളും ആവശ്യപ്പെട്ടു. പദ്ധതിയോടുള്ള യോഗത്തിലെ എതിര്‍പ്പ് സര്‍ക്കാരിനെ അറിയിക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി.
പരിസ്ഥിതി പരിപാലനവുമായി ബന്ധപ്പെടുത്തി 2011-13 കാലയളവില്‍ യു.എന്‍.ഡി.പി തയ്യാറാക്കിയതും 2014- ല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പരിഗണനയ്ക്ക് വന്നതുമായ പദ്ധതി ഗ്ലോബല്‍ എന്‍വയേണ്‍മെന്റ് ഫണ്ടില്‍ നിന്നും ലഭിക്കുന്ന ഗ്രാന്റ് ഉപയോഗിച്ചാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് ആഗസ്റ്റ് രണ്ടിന് കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലെ തീരുമാനപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നതിന് തീരുമാനമെടുക്കുന്നതിനായി കഴിഞ്ഞമാസം 16 ന് വനം മന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടറിയേറ്റില്‍ ചേര്‍ന്ന യോഗത്തിലുണ്ടായ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജില്ലയില്‍ ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേര്‍ന്നത്.
ഇടുക്കിയിലെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പദ്ധതി നടപ്പാക്കുന്നത് ജനജീവിതം ദുസ്സഹമാക്കുന്നതാണെന്നും പദ്ധതിരേഖ പരിശോധിച്ചതില്‍ കടുവാസംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികളുമായി കൂട്ടിയിണക്കി സംരക്ഷിത പ്രദേശങ്ങളുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്ന പദ്ധതി ജനജീവിതം ദുസ്സഹമാക്കുന്നതിന് കാരണമാകുന്നുമെന്നും എം.പി പറഞ്ഞു. മൂന്നാര്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പദ്ധതി ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണെന്ന് എസ്.രാജേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.
2011 ല്‍ തന്നെ സുതാര്യമായ പദ്ധതി അവതരിപ്പിക്കാനോ പ്രാരംഭ ദിശയില്‍ വേണ്ടത്ര ചര്‍ച്ച നടത്താനോ തയ്യാറാകാതെ ഇത്തരം പദ്ധതികള്‍ കൊണ്ടുവരുന്നത് ഇടുക്കിയിലെ ജനങ്ങള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതാണ്. പട്ടയ പ്രശ്‌നമുള്‍പ്പെടെ പൂര്‍ണ്ണമായും പരിഹരിക്കപ്പെടാത്ത നിരവധി വിഷയങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. പുതിയ കുരുക്കുകള്‍ക്ക് കൂട്ടുനിര്‍ക്കാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയുകയില്ലെന്ന് റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ പറഞ്ഞു.
ബന്ധപ്പെട്ട പഞ്ചായത്തുകള്‍ക്ക് അഭിപ്രായം സ്വരൂപിക്കാന്‍ വേണ്ടത്ര സമയമില്ലാത്തനിനാലും പദ്ധതി സംബന്ധിച്ച ആശങ്കകള്‍ നിലവിലുള്ളതിനാലും പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് പറഞ്ഞു.നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പദ്ധതിയെ എതിര്‍ത്ത് സംസാരിച്ചു. യു.എന്‍.ഡി.പി കണ്‍സല്‍ട്ടന്റുമാരായ അജയ്കുമാര്‍ വര്‍മ്മ, ജി.ബീന എന്നിവരാണ് പദ്ധതി യോഗത്തില്‍ അവതരിപ്പിച്ചത്. യോഗത്തില്‍ പ്രകടിപ്പിക്കപ്പെട്ട വികാരം സര്‍ക്കാരിനെ അറിയിക്കുമെന്ന് ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."