ട്രെയിലർ നിയമങ്ങൾ ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ; കർശന നിർദ്ദേശങ്ങളുമായി അബൂദബി പൊലിസ്
അബൂദബി: വാഹനങ്ങളിൽ ട്രെയിലറുകൾ ഘടിപ്പിച്ച് സൈക്കിളുകൾ കൊണ്ടുപോകുന്നവർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് അബൂദബി പൊലിസ്. അബൂദബി പൊലിസ് നടപ്പാക്കുന്ന “നമ്മുടെ ശൈത്യകാലം സുരക്ഷിതവും സന്തോഷകരവുമാണ്” (Our Winter is Safe and Fun) എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഈ നടപടി.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ഡ്രൈവർമാർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റും സുരക്ഷാ പട്രോളുകളും വ്യക്തമാക്കി.
ട്രെയിലറുകൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ:
നമ്പർ പ്ലേറ്റ്: ട്രെയിലറിന്റെ പിന്നിൽ വ്യക്തമായി കാണാവുന്ന രീതിയിൽ അധികമായി ഒരു നമ്പർ പ്ലേറ്റ് (മൂന്നാമത്തെ പ്ലേറ്റ്) നിർബന്ധമായും ഉണ്ടായിരിക്കണം.
ലൈറ്റുകളും റിഫ്ലക്ടറുകളും: ട്രെയിലറിൽ സിഗ്നൽ ലൈറ്റുകൾ, വാർണിംഗ് ലൈറ്റുകൾ, രാത്രിയിൽ തിളങ്ങുന്ന റിഫ്ലക്ടീവ് സ്റ്റിക്കറുകൾ എന്നിവ ഘടിപ്പിച്ചിരിക്കണം.
ട്രാക്ക് നിബന്ധന: ട്രെയിലർ ഘടിപ്പിച്ച വാഹനങ്ങൾ എപ്പോഴും റോഡിന്റെ ഏറ്റവും വലതുവശത്തെ വരിയിലൂടെ (Rightmost lane) മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ.
അളവുകൾ: ട്രെയിലറിന്റെ വീതിയോ നീളമോ 260 സെന്റീമീറ്ററിൽ കൂടാൻ പാടില്ല.
നിയമലംഘനവും പിഴത്തുകകളും:
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് ഫെഡറൽ ട്രാഫിക് നിയമപ്രകാരം താഴെ പറയുന്ന പിഴകൾ ചുമത്തും.
- സുരക്ഷിതമല്ലാത്ത രീതിയിൽ ട്രെയിലർ വലിച്ചുകൊണ്ട് പോയാൽ 1,000 ദിർഹം പിഴ ഈടാക്കും.
- ട്രെയിലറിന്റെ പുറകിലോ വശങ്ങളിലോ ലൈറ്റുകൾ ഇല്ലെങ്കിൽ 500 ദിർഹം പിഴ ഈടാക്കും.
- വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറയ്ക്കുന്ന പ്രവർത്തികൾക്ക് 400 ദിർഹം പിഴ ഈടാക്കും.
നിയമലംഘകരെ കണ്ടെത്താൻ റോഡുകളിൽ പരിശോധന കർശനമാക്കുമെന്നും നിയമം ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അബൂദബി ട്രാഫിക് പൊലിസ് മുന്നറിയിപ്പ് നൽകി. ശൈത്യകാല യാത്രകൾ അപകടരഹിതമാക്കാൻ എല്ലാവരും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Abu Dhabi Police has issued safety guidelines for drivers transporting bicycles with trailers, emphasizing compliance with regulations, including proper lighting, reflective signs, and trailer dimensions, as part of the "Our Winter is Safe and Fun" campaign.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."