വീടുകൾക്ക് മുന്നിൽ നിഗൂഢമായ ചുവപ്പ് അടയാളങ്ങൾ; സിസിടിവിയിൽ മുഖംമൂടി ധരിച്ചയാൾ; മോഷണ ഭീതിയിൽ നാട്ടുകാർ
നേമം: തിരുവനന്തപുരം നേമം പൊലിസ് സ്റ്റേഷൻ പരിധിയിലെ വിവിധ റെസിഡൻഷ്യൽ മേഖലകളിൽ വീടുകളുടെ തൂണുകളിൽ നിഗൂഢമായ രീതിയിൽ ചുവപ്പ് അടയാളങ്ങൾ പ്രത്യക്ഷപ്പെട്ടത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കുന്നു. കോർപ്പറേഷൻ സോണൽ ഓഫീസ് ലെയ്ൻ, ജെ.പി ലെയ്ൻ തുടങ്ങിയ ഇടറോഡുകളിലെ വീടുകൾക്ക് മുന്നിലാണ് ഇത്തരം അടയാളങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ നേമം പൊലിസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തിന്റെ വിശദാംശങ്ങൾ:
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കിട്ടിയ തെളിവ് പ്രകാരം പകൽ സമയത്ത് മാസ്‌ക് ധരിച്ച ഒരാൾ ജനവാസമില്ലാത്തതും ആളില്ലാത്തതുമായ വീടുകൾ നിരീക്ഷിക്കുന്നതായും, തുടർന്ന് ആ വീടുകൾക്ക് മുന്നിൽ ചുവപ്പ് നിറത്തിൽ അടയാളം രേഖപ്പെടുത്തുന്നതായും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
മോഷണശ്രമമെന്ന് സംശയം:
രാത്രികാലങ്ങളിൽ കവർച്ച നടത്തുന്നതിനായി വീടുകൾ മുൻകൂട്ടി മനസ്സിലാക്കാൻ മോഷണ സംഘങ്ങൾ നൽകുന്ന അടയാളമാണിതെന്നാണ് നാട്ടുകാരുടെ ഭീതി. റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ഇത് സംബന്ധിച്ച് പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.നാല് വർഷം മുൻപ് സമാനമായ രീതിയിൽ വീടുകൾക്ക് മുന്നിൽ 'കറുത്ത സ്റ്റിക്കറുകൾ' പതിപ്പിച്ചത് വലിയ തോതിൽ വാർത്തയായിരുന്നു. അന്നും കവർച്ചാ സംഘങ്ങളെക്കുറിച്ചുള്ള ഭീതി നിലനിന്നിരുന്നു.
പൊലിസിന്റെ നിർദ്ദേശം:
സംഭവത്തിൽ വ്യാപകമായ അന്വേഷണം നടക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വ്യക്തിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും നേമം പൊലിസ് അറിയിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ ആരെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്നും, രാത്രികാലങ്ങളിൽ ജാഗ്രത പാലിക്കണമെന്നും പൊലിസ് നിർദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."