യെലഹങ്കയിലെ 'ബുൾഡോസർ രാജ്'; കുടിയൊഴിപ്പിക്കപ്പെട്ടവർ 5 ലക്ഷം നൽകണം, വീട് സൗജന്യമല്ലെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: യെലഹങ്കയിലെ കൊഗിലു ഗ്രാമത്തിൽ കൈയേറ്റം ആരോപിച്ച് വീടുകൾ പൊളിച്ചുമാറ്റപ്പെട്ട കുടുംബങ്ങൾക്ക് സർക്കാരിന്റെ 'ഇരുട്ടടി'. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ബയ്യപ്പനഹള്ളിയിൽ പകരം വീട് നൽകുമെങ്കിലും അത് സൗജന്യമായിരിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പുനരധിവാസത്തിനായി ഓരോ കുടുംബവും 5 ലക്ഷം രൂപ വീതം നൽകണം.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ:
മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്.11.2 ലക്ഷം രൂപ വിലമതിക്കുന്ന വീടുകൾ ഗുണഭോക്താക്കൾക്ക് 5 ലക്ഷം രൂപയ്ക്കാണ് സർക്കാർ നൽകുന്നത്. ബാക്കി തുക സബ്‌സിഡിയായി കണക്കാക്കും.ജനുവരി ഒന്നിന് വീടുകളുടെ താക്കോൽ കൈമാറും.വീട് ലഭിക്കാൻ അർഹരായവരെ കണ്ടെത്താൻ പ്രാദേശിക എം.എൽ.എയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിക്കും.നിലവിൽ ഭവനരഹിതരായവർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കാൻ നിർദ്ദേശം നൽകി. എന്നാൽ, കുടിയൊഴിപ്പിക്കപ്പെട്ട സ്ഥലത്ത് വീണ്ടും താമസിപ്പിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി കർശനമായി പറഞ്ഞു.
സംഭവം ഇങ്ങനെ:
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് യെലഹങ്ക കൊഗിലു ഗ്രാമത്തിലെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) ബുൾഡോസറുകൾ ഉപയോഗിച്ച് വീടുകൾ പൊളിച്ചുനീക്കിയത്. ഉർദു ഗവൺമെന്റ് സ്കൂളിന് സമീപത്തെ കുളം കൈയേറിയാണ് താമസിക്കുന്നതെന്ന് ആരോപിച്ചായിരുന്നു നടപടി. മുന്നറിയിപ്പില്ലാതെ നടത്തിയ ഈ 'ബുൾഡോസർ രാജി'ലൂടെ നാനൂറോളം വീടുകൾ തകർക്കപ്പെടുകയും 350-ലധികം കുടുംബങ്ങൾ പെരുവഴിയിലാവുകയും ചെയ്തു.വാടകവീടുകളിൽ പോലും കഴിയാൻ ശേഷിയില്ലാത്ത സാധാരണക്കാർക്ക് അഞ്ച് ലക്ഷം രൂപ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണെന്ന പരാതി ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."