പാർക്കിംഗ് പാടില്ല, തട്ടുകടകൾ അടപ്പിക്കും; പുതുവത്സരത്തോടനുബന്ധിച്ച് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം
കോഴിക്കോട്: പുതുവത്സര തലേന്ന് താമരശ്ശേരി ചുരത്തിൽ അനുഭവപ്പെടാറുള്ള വൻ തിരക്ക് നിയന്ത്രിക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി പൊലിസ്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി. നാളെ (ബുധനാഴ്ച) വൈകീട്ട് 7 മണി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.
തട്ടുകടകൾക്ക് നിയന്ത്രണം: ചുരം മേഖലയിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ വൈകുന്നേരത്തോടെ അടയ്ക്കണമെന്ന് പൊലിസ് നിർദ്ദേശം നൽകി. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാനാണ് ഈ നടപടി.
പാർക്കിംഗ് നിരോധനം: ചുരത്തിലെ വളവുകളിലോ റോഡരികിലോ വാഹനങ്ങൾ നിർത്താൻ അനുവദിക്കില്ല. കാഴ്ചകൾ കാണാനായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് നടപടി.
മുൻവർഷങ്ങളിൽ പുതുവത്സര തലേന്ന് ചുരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് ഇത്തവണ മുൻകൂട്ടിയുള്ള നടപടികൾ. യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ആഘോഷങ്ങൾ പരിമിതപ്പെടുത്തണമെന്നും പൊലിസുമായി സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, ജനുവരി 5 മുതൽ താമരശ്ശേരി ചുരത്തിൽ കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. റോഡ് അറ്റകുറ്റപ്പണികളുടെയും, ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനും വേണ്ടിയാണ് ഈ നിയന്ത്രണം.
ഈ സാഹചര്യത്തിൽ, ഭാരമേറിയ വാഹനങ്ങളും മൾട്ടി ആക്സിൽ വാഹനങ്ങളും താമരശ്ശേരി ചുരം ഒഴിവാക്കി നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ പോകണമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു.
Authorities have implemented comprehensive security arrangements to regulate the anticipated heavy traffic at Thamarassery Ghat on New Year's Eve, prioritizing crowd control and tourist safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."