പ്രവാസികൾക്കുള്ള പ്രവേശന നിയമങ്ങൾ കർശനമാക്കാൻ ഒമാൻ; എൻട്രി പെർമിറ്റ് ലഭിക്കാൻ ഇനി സർട്ടിഫിക്കറ്റ് പരിശോധന നിർബന്ധം
മസ്‌കത്ത്: ഒമാനിൽ ജോലി തേടിയെത്തുന്ന പ്രവാസി തൊഴിലാളികൾക്കായി പ്രവേശന നിയമങ്ങൾ കൂടുതൽ കർശനമാക്കി തൊഴിൽ മന്ത്രാലയം. പുതുതായി നടപ്പിലാക്കുന്ന 'പ്രൊഫഷണൽ അക്രഡിറ്റേഷൻ' സംവിധാനത്തിന്റെ ഭാഗമായി, രാജ്യത്തേക്ക് എത്തുന്നതിന് മുൻപുതന്നെ പ്രവാസികൾ തങ്ങളുടെ അക്കാദമിക്, പ്രൊഫഷണൽ യോഗ്യതകൾ പരിശോധിച്ച് ഉറപ്പുവരുത്തണം. യോഗ്യതാ തട്ടിപ്പുകൾ തടയുന്നതിനും തൊഴിൽ വിപണിയുടെ നിലവാരം ഉയർത്തുന്നതിന്റെയും ഭാഗമായാണ് നീക്കം.
തൊഴിൽ വിപണിയിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും അർഹരായവർക്ക് മാത്രം തൊഴിലവസരങ്ങൾ ഉറപ്പാക്കാനുമാണ് ഈ മാറ്റങ്ങളെന്ന് തൊഴിൽ മന്ത്രാലയത്തിലെ പ്രൊഫഷണൽ സ്റ്റാൻഡേർഡ്സ് വകുപ്പ് ഡയറക്ടർ സഹെർ ബിൻ അബ്ദുല്ല അൽ ഷെയ്ഖ് വ്യക്തമാക്കി. എൻജിനീയറിങ്, ലോജിസ്റ്റിക്സ്, അക്കൗണ്ടിംഗ് തുടങ്ങി സർക്കാർ നിയന്ത്രിക്കുന്ന പ്രധാന മേഖലകളിൽ ജോലി തേടുന്നവർക്കാണ് ഈ നിയമം ആദ്യഘട്ടത്തിൽ കൂടുതൽ ബാധകമാകുക.
പുതിയ നിയമപ്രകാരം, വിദേശ തൊഴിലാളികൾ ഒമാനിലേക്ക് തിരിക്കും മുൻപ് അവരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ അംഗീകൃത മേഖലാ നൈപുണ്യ യൂണിറ്റുകൾ (Sector Skills Units) വഴി വിലയിരുത്തണം. ഈ പരിശോധന പൂർത്തിയാക്കി 'വർക്ക് പ്രാക്ടീസ് ലൈസൻസ്' ലഭിച്ചാൽ മാത്രമേ പ്രവാസികൾക്ക് ഒമാനിലേക്ക് വരാനുള്ള എൻട്രി പെർമിറ്റുകൾ അനുവദിക്കൂ. യോഗ്യതയില്ലാത്തവർ തൊഴിൽ വിപണിയിലേക്ക് എത്തുന്നത് ഇതിലൂടെ പൂർണ്ണമായും തടയാനാകും.
പ്രൊഫഷണൽ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റുകളുടെയും ലൈസൻസുകളുടെയും വ്യാജ പകർപ്പുകൾ വിപണിയിൽ പ്രചരിക്കുന്നതായി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ രേഖകൾ സമർപ്പിക്കുന്നത് ഒമാനി നിയമപ്രകാരം കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച ലൈസൻസുകൾ മാത്രമാണ് സമർപ്പിക്കുന്നതെന്ന് ഉറപ്പുവരുത്താൻ ജീവനക്കാർക്കും അതത് കമ്പനികൾക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
നിയമം ലംഘിക്കുന്നവർക്കെതിരെ അധികൃതർ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. പിഴ ശിക്ഷ, ലൈസൻസ് റദ്ദാക്കൽ, നാടുകടത്തൽ എന്നിവയ്ക്ക് പുറമെ ഗൗരവകരമായ കേസുകൾ കോടതിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്യും. ഇത്തരം ലംഘനങ്ങൾക്ക് ഒത്താശ ചെയ്യുന്നതോ അല്ലെങ്കിൽ നിയമങ്ങൾ അവഗണിക്കുന്നതോ ആയ തൊഴിലുടമകളും കമ്പനികളും തുല്യമായ നിയമനടപടികൾ നേരിടേണ്ടി വരും.
ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി തൊഴിൽ മേഖലയിൽ കൊണ്ടുവരുന്ന സമഗ്രമായ പരിഷ്കാരങ്ങളുടെ തുടർച്ചയാണിത്. പ്രൊഫഷണൽ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനും തൊഴിലുടമകളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനും പുറമെ, സ്വദേശിവൽക്കരണത്തിന് (Omanization) കൂടുതൽ കരുത്ത് പകരാനും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നു. യോഗ്യതയുള്ള വിദേശ തൊഴിലാളികൾക്ക് മാത്രം അവസരം നൽകുന്നതിലൂടെ സേവന മേഖലകളുടെ നിലവാരം ഉയർത്താനും ഇതിലൂടെ സാധിക്കും.
ഡിജിറ്റൽ വെരിഫിക്കേഷൻ സാങ്കേതികവിദ്യകൾക്കും അംഗീകൃത പരിശീലന സേവനങ്ങൾക്കും വരും ദിവസങ്ങളിൽ രാജ്യത്ത് വലിയ പ്രാധാന്യം ലഭിക്കും. പ്രവാസികൾ തങ്ങളുടെ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിനും ഔദ്യോഗിക സംവിധാനങ്ങൾ വഴി മാത്രം അപേക്ഷകൾ സമർപ്പിക്കുന്നതിനും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സുരക്ഷിതവും നിയമപരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
oman plans to tighten entry rules for expatriates making certificate verification mandatory to receive entry permits authorities say the move aims to regulate migration ensure qualifications enhance labor market standards and strengthen compliance procedures for foreign workers entering the country
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."