'മൂന്നാം കക്ഷി ഇല്ല' ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ ഇടപെട്ടെന്ന് ചൈനയുടെ അവകാശവാദവും തള്ളി ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യ -പാക് സംഘര്‍ഷം ലഘൂകരിക്കാന്‍ ഇടപെട്ടെന്ന ചൈനയുടെ അവകാശവാദവും തള്ളി ഇന്ത്യ. വെടിനിര്‍ത്തല്‍ തീരുമാനത്തില്‍ മൂന്നാം കക്ഷിക്ക് പങ്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അടിവരവരയിട്ട് വ്യക്തമാക്കി. ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ മൂന്നുദിവസം നീണ്ട സംഘര്‍ഷം പരിഹരിക്കാന്‍ മൂന്നാമതൊരു കക്ഷി ഇടപെട്ടിട്ടില്ലെന്ന് മന്ത്രാലയം വിശദീകരിച്ചു.
'ഇത്തരം അവകാശവാദങ്ങള്‍ ഞങ്ങള്‍ ഇതിനകം തന്നെ നിഷേധിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങളില്‍, മൂന്നാം കക്ഷിക്ക് പങ്കില്ല. ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ഇരു രാജ്യങ്ങളിലെയും ഡി.ജി.എം.ഒമാര്‍ നേരിട്ട് അംഗീകരിച്ചതാണെന്ന് ഞങ്ങള്‍ മുമ്പും പലതവണ വ്യക്തമാക്കിയിട്ടുണ്ട്' മന്ത്രാലയ പ്രതിനിധി വ്യക്തമാക്കി.
മെയ് മാസത്തിലുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷം ഉള്‍പ്പെടെ നിരവധി ആഗോള സംഘര്‍ഷങ്ങള്‍ക്ക് ബീജിംഗ് മധ്യസ്ഥത വഹിച്ചുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. വടക്കന്‍ മ്യാന്‍മര്‍, കംബോഡിയ -തായ്‌ലന്‍ഡ്, ഇറാനിലെ ആണവ പ്രശ്‌നം തുടങ്ങിയ വിഷയങ്ങളിലെല്ലാം ചൈന ഇടപെട്ടെന്നും ആഗോള സമാധാനമാണ് ലക്ഷ്യമെന്നുമാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ പറഞ്ഞത്. ഇന്ത്യ -പാക് സംഘര്‍ഷം താനാണ് അവസാനിപ്പിച്ചതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരന്തരം അവകാശപ്പെടുന്നതിനിടെയാണ് ഇതേ അവകാശവാദവുമായി ചൈന രംഗത്തെത്തിയത്.
'രണ്ടാം ലോകയുദ്ധത്തിനു ശേഷം ആഭ്യന്തര യുദ്ധങ്ങളും അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങളും ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത വര്‍ഷമാണിത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വ്യാപിക്കുകയാണ്. ദീര്‍ഘകാലത്തേക്ക് സമാധാനം നിലനിര്‍ത്താനായി, സംഘര്‍ഷങ്ങളുടെ കാരണം മനസ്സിലാക്കി ഇടപെടുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. വടക്കന്‍ മ്യാന്‍മറിലെ പ്രശ്‌നം, ഇറാനിയന്‍ ആണവ പ്രതിസന്ധി, ഇന്ത്യ -പാകിസ്താന്‍ സംഘര്‍ഷം, ഇസ്‌റാഈല്‍ -ഫലസ്തീന്‍ സംഘര്‍ഷം, കംബോഡിയ -തായ്‌ലന്‍ഡ് സംഘര്‍ഷം എന്നിവയെല്ലാം പരിഹരിക്കാന്‍ ഞങ്ങള്‍ മധ്യസ്ഥത വഹിച്ചു'' -വാങ് യീ പറഞ്ഞു.
ഇക്കഴിഞ്ഞ മെയ് ഏഴിന് ഇന്ത്യന്‍ സേന പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപറേഷന്‍ സിന്ദൂറിന് പിന്നാലെയാണ് സൈനിക സംഘര്‍ഷമുണ്ടായത്. മെയ് 10ന് ഇരുരാജ്യങ്ങളിലെയും സൈനിക പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചക്കു പിന്നാലെയാണ് ആക്രമണം അവസാനിപ്പിച്ചതെന്ന് അന്ന് തന്നെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ വിശദീകരണം വന്ന ശേഷവും താന്‍ ഇടപെട്ട് ചര്‍ച്ച നടത്തിയെന്ന് പലതവണ ട്രംപ് അവകാശപ്പെട്ടിരുന്നു. പാകിസ്താന്‍ ഭരണകൂടവും സൈനിക മേധാവി അസിം മുനീറുമായുള്ള ട്രംപിന്റെ അടുത്ത ബന്ധവും ഇതോടൊപ്പമുള്ള വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
india has firmly rejected china’s claim that it mediated to ease the india-pakistan conflict, stating that the ceasefire decision was purely bilateral with no third-party involvement. the ministry of external affairs reiterated that the agreement was directly reached by the dgm os of both countries after operation sindoor.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."