താമരശ്ശേരിയിൽ യുവതി ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ; കൂടെ താമസിച്ചിരുന്ന യുവാവിനെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി പൊലിസ്
താമരശ്ശേരി: കൈതപ്പൊയിലിലെ സ്വകാര്യ അപ്പാർട്ട്മെൻ്റിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനി ഹസ്‌ന (34) ആണ് മരിച്ചത്. എട്ടു മാസമായി ഇവർ കൈതപ്പൊയിലിലെ ഹൈസൻ അപ്പാർട്ട്മെൻ്റിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്:
ഇന്ന് രാവിലെ പത്തു മണി കഴിഞ്ഞിട്ടും ഹസ്‌ന താമസിച്ചിരുന്ന മുറി തുറക്കാത്തതിനെത്തുടർന്ന്, കൂടെ താമസിച്ചിരുന്ന പുതുപ്പാടി സ്വദേശി ആദിൽ (29) ഫ്ലാറ്റ് ഉടമയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് ഹസ്‌നയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലിസിൽ വിവരമറിയിക്കുകയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഹസ്‌നയും ആദിലും കഴിഞ്ഞ എട്ടു മാസമായി വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. ഇരുവരും മുൻപ് വിവാഹമോചിതരായവരാണ്.ഹസ്‌നയ്ക്ക് മൂന്ന് മക്കളുണ്ട്. ഇതിൽ 13 വയസ്സുള്ള മൂത്ത മകൻ മാത്രമാണ് ഇവർക്കൊപ്പം താമസിച്ചിരുന്നത്. മറ്റു രണ്ട് മക്കളെ കാണാൻ മുൻ ഭർത്താവ് അനുവദിക്കാത്തതിൽ ഹസ്‌നയ്ക്ക് കടുത്ത മനോവിഷമം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
ഈങ്ങാപ്പുഴയിൽ മകൻ വെട്ടിക്കൊന്ന സുബൈദയുടെ സഹോദരി സക്കീനയുടെ മകനാണ് ആദിൽ. ഇയാൾക്ക് ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പൊലിസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്.
മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്നും ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്നും താമരശ്ശേരി പൊലിസ് അന്വേഷിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."