'ഈ ജോലിക്ക് മനുഷ്യര്‍ അപേക്ഷിക്കേണ്ടതില്ല'; ഇത്തരം പരസ്യങ്ങള്‍ 2026ല്‍ പ്രചാരത്തിലാകുമോ? എ.ഐ ജീവിതത്തിന്റെ ഭാഗമായ 2025; ഇനി 2026ല്‍ ഇത് എവിടെയെത്തും
ഭാവിയില്‍ ജോബ് റിക്രൂട്ടിങ് പരസ്യങ്ങളില്‍ 'ഇതിലേക്ക് മനുഷ്യര്‍ മാത്രം അപേക്ഷിക്കുക', 'ഇതിലേക്ക് റോബോട്ടുകള്‍/എ.ഐ ചാറ്റ് ബോട്ടുകള്‍ മാത്രം അപേക്ഷിക്കുക' തുടങ്ങിയ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകുമെന്ന് മൂന്ന് വര്‍ഷം മുമ്പ് നടന്ന സെമിനാറില്‍ കേട്ടതോര്‍ക്കുന്നു. അന്ന് അത് 'കുറച്ച് ഓവറായോ' എന്ന് തോന്നിയെങ്കിലും ഇപ്പോള്‍ ആ ഒരു ആശയത്തില്‍ ഒരു പുതുമയും തോന്നുന്നില്ല. കാരണം വൈറ്റ് കോളര്‍/ ബ്ലു കോളര്‍ ജോലികള്‍ക്ക് റോബോട്ടുകളെ ക്ഷണിച്ചുള്ള പരസ്യങ്ങള്‍ എതു സമയവും പ്രത്യക്ഷപ്പെടാവുന്ന തരത്തിലേക്ക് കാലം മാറി. വലിയ കമ്പനികളിലേക്ക് 'മാന്‍ പവര്‍' നല്‍കുന്ന ഏജന്റുമാരെപ്പോലെ 'എ.ഐ പവര്‍' വിതരണക്കാരായ ഏജന്റുമാരും ഇനി ഉണ്ടാകും. കമ്പനികള്‍ക്കാവശ്യമായ 'ജോലിക്കാരെ ഏജന്റുമാര്‍ 'കസ്റ്റമൈസ്' ചെയ്‌തെടുക്കുന്ന സമയവും വിദൂരമല്ല.
പുതിയ അപ്‌ഡേറ്റുകള്‍ ദിവസേന എത്തുന്ന കാലഘട്ടമാണിത്. അടുത്ത ആഴ്ചകളില്‍ എന്തൊക്കെ സംഭവിക്കുമെന്ന് പ്രവചിക്കാന്‍ പോലും ബുദ്ധിമുട്ടാണ്. ഒരാഴ്ച മുമ്പ് സങ്കല്‍പ്പിക്കാത്ത അവസരങ്ങളും വെല്ലുവിളികളും നമുക്ക് മുമ്പിലെത്തുന്ന വിധത്തിലായി മാറ്റങ്ങള്‍. എ.ഐ വാഗ്ദാനം ചെയ്ത എല്ലാ കാര്യക്ഷമതകളും ഇതുവരെ പൂര്‍ണമായി എത്തിച്ചേര്‍ന്നിട്ടില്ല. വ്യവസായ രംഗത്തായാലും പ്രൊഫഷണല്‍ രംഗത്തായാലും തീര്‍ത്തും സ്വകാര്യവും വ്യക്തിപരവുമായ ആവശ്യങ്ങളായാലും ആളുകള്‍ എ.ഐയെ കൂടുതലായി ആശ്രയിച്ച് തുടങ്ങി.
2026ല്‍ സംഭവിച്ചേക്കാവുന്ന കൗതുകകരമായ കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്.
ഇന്റര്‍നെറ്റിന്റെ പുതിയ ഹോംപേജ്
ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയുന്ന രീതി തീര്‍ത്തും മാറുകയാണ്. മുമ്പ് നാം എന്തെങ്കിലും തിരയുമ്പോള്‍ ഗൂഗിള്‍ ലിങ്കുകളുടെ ഒരു പട്ടികയാകും നമുക്ക് മുമ്പിലേക്ക് ഗൂഗിള്‍ ഇട്ടു തന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതു മാറി. 2025ല്‍ ഗൂഗിളില്‍ എ.ഐ മോഡ് അധിക ഒപ്ഷന്‍ വന്ന് തുടങ്ങി. ഉദാഹരണത്തിന് ഒരു മലയാള നടന്‍ മരിച്ചാല്‍ അതേ കുറിച്ച് കൂടുതല്‍ അറിയാന്‍ നാം ഗൂഗിളില്‍ തിരയുമ്പോള്‍ നേരത്തെ കുറേ വാര്‍ത്തകളുടെ ലിങ്കുകള്‍ ആകും ഗൂഗിള്‍ തന്നിരുന്നത്. പ്രത്യക്ഷപ്പെടുന്ന ഓരോ ലിങ്കും തുറന്ന് അത് വായിക്കണം. ചില ലിങ്കുകളില്‍ നാം ആഗ്രഹിച്ച എല്ലാ വിവരങ്ങളും ഉണ്ടാകണമെന്നുമില്ല. ഇവിടെയാണ് എ.ഐ മോഡിന്റെ പ്രസക്തി. എ.ഐ മോഡ് തെരഞ്ഞെടുക്കുന്നതോടെ ഒരു വാര്‍ത്തയുടെ ലിങ്കും തുറക്കാതെ തന്നെ മരണം, ജനനം, കുടുംബം, നേട്ടങ്ങള്‍, ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ എല്ലാം നമുക്ക് എ.ഐ പ്ലാറ്റ്‌ഫോം ചുരുക്കിയ ടെക്സ്റ്റ് രൂപത്തില്‍ വ്യക്തിഗതമായി പറഞ്ഞുതരുന്നു. ഇത് 'സീറോ ക്ലിക്ക്' ഭയം വെബ് പോര്‍ട്ടലുകള്‍ക്ക് ഉണ്ടാക്കുന്നുവെങ്കിലും, ഉപയോക്താക്കള്‍ക്ക് ഇത് കൂടുതല്‍ സൗകര്യപ്രദമാണ്.
ഇനി മാറ്റം അതിലും വേഗത്തില്‍
2026ല്‍ ഈ മാറ്റം വേഗത്തിലാകും. ചാറ്റ്ജി.പി.ടിയുടെ അറ്റ്‌ലസ്, പെര്‍പ്ലെക്‌സിറ്റിയുടെ കോമറ്റ് തുടങ്ങിയ എ.ഐ ബ്രൗസറുകള്‍ വ്യാപകമാകും. ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നത് നേരിട്ട് നല്‍കും, ക്ലിക്ക് ചെയ്യാതെ തന്നെ. നമ്മള്‍ തെരഞ്ഞെടുക്കുന്ന വെബ്‌സൈറ്റുകളില്‍ നിന്ന് ദൈനംദിന അപ്‌ഡേറ്റുകള്‍ എ.ഐ തന്നെ സര്‍ഫ് ചെയ്ത് തരും.! എങ്ങിനെയുണ്ട് അടിപൊളി അല്ലേ?
കാര്യങ്ങള്‍ അറിയുന്നതിന് ആളുകള്‍ ഗൂഗിളിനെ ആശ്രയിക്കുന്നത് നിര്‍ത്തുകയാണെങ്കില്‍ ഗൂഗിള്‍ പോലുള്ള വമ്പന്‍ കമ്പനികള്‍ക്കുള്ള വലിയ വെല്ലുവിളിയാകും അത്. എന്നാല്‍ ഇതത്ര എളുപ്പമല്ല. എ.ഐ ഓവര്‍വ്യൂകള്‍ വഴി കൂടുതല്‍ വിവരങ്ങള്‍ നേരിട്ടുതന്നെ നല്‍കാന്‍ അപ്പോള്‍ ഗൂഗിള്‍ ശ്രമിക്കും. 2026ഓടെ, ഇന്റര്‍നെറ്റില്‍ നാം വിവരങ്ങള്‍ കണ്ടെത്തുന്ന രീതി സാധാരണമായി മാറും. ഉപയോക്താക്കളെ വെബ്‌സൈറ്റുകളിലേക്ക് കയറ്റുന്നതിനേക്കാള്‍, അവിടെ നിന്നുള്ള അറിവ് നേരിട്ട് എടുത്ത് നല്‍കുന്ന രീതിയാകും പ്രചാരം നേടുക.
ആപ്പുകള്‍ക്കപ്പുറം എ.ഐ ഉപകരണങ്ങള്‍
ബ്രൗസര്‍ തന്നെയാണ് ഏതു സ്മാര്‍ട് ഉപകരണത്തിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആപ്പ്. ഇനി സ്മാര്‍ട്‌ഫോണ്‍, ലാപ്‌ടോപ്പ് കമ്പനികള്‍ എ.ഐ ബ്രൗസറിനെ ഉപകരണത്തിന്റെ ഹൃദയമാക്കും. ഒരു വ്യക്തിഗത ബട്ട്‌ലറിനെ പോലെ നമ്മുടെ ദിവസം ചുരുക്കി പറയാനും, അപ്പോയിന്റ്‌മെന്റുകള്‍ ക്രമീകരിക്കാനും, പ്രധാന സന്ദേശങ്ങള്‍ ഓര്‍മിപ്പിക്കാനും കഴിയുന്ന ഉപകരണങ്ങളാകും വരുന്നത്. എ.ഐ ഫോണ്‍ പ്രഖ്യാപനം അത്ര അകലെയല്ല. അതുമൂലമുണ്ടാകുന്ന വിപ്ലവം ഊഹത്തിനും അപ്പുറമാകും.
സ്മാര്‍ട്‌ഫോണുകള്‍ ആപ്പുകളുടെ കാലമാണ് സൃഷ്ടിച്ചതെങ്കില്‍, ജനറേറ്റീവ് എ.ഐ 'പോസ്റ്റ്ആപ്പ്' കാലത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ഫോണുമായി ഇടപഴകല്‍ സംഭാഷണ രൂപത്തിലാകും. പലപ്പോഴും സ്‌ക്രീന്‍ പോലും വേണ്ടിവരില്ല. ഗോഗിള്‍സിലൂടെയോ (സംരക്ഷണ കണ്ണടകള്‍) ഇയര്‍ബഡ്‌സിലൂടെയോ നമ്മള്‍ ഉപകരണവുമായി സംസാരിക്കുന്ന കാലം അടുത്തിരിക്കുന്നു.
ഈ ഉപകരണങ്ങള്‍ നമ്മള്‍ കണ്ടതും കേട്ടതും ഓര്‍ത്തുവയ്ക്കുന്നവയാകും. പുതിയ എ.ഐ കണ്ണടകള്‍ അതിന്റെ സൂചനയാണ്. സംഭാഷണങ്ങളും കാഴ്ചകളും കുറിപ്പുകളാക്കി, അടുത്ത നടപടികള്‍ ഓര്‍മിപ്പിക്കുന്ന എ.ഐ സഹായി. സ്വകാര്യതാ ആശങ്കുകള്‍ ഉയരുമെങ്കിലും വലിയ സൗകര്യങ്ങളാകും ലഭിക്കുക. ഭാഷകള്‍ വിവര്‍ത്തനം ചെയ്യാനും, പുതിയ സാഹചര്യങ്ങളില്‍ എന്ത് പ്രതികരിക്കണം എന്ന് പറയാനും എ.ഐ കണ്ണടകള്‍ക്ക് കഴിയും.
എ.ഐ ഏജന്റുകളുടെ കൂട്ടായ്മ
2025 പരീക്ഷണങ്ങളുടെ വര്‍ഷമായിരുന്നെങ്കില്‍, 2026 പല എ.ഐ ഏജന്റുകളെ കൂട്ടിചേര്‍ത്ത് വലിയ ജോലികള്‍ ചെയ്യാനുള്ള കാലമാകും. വ്യത്യസ്ത കമ്പനികളുടെ ഏജന്റുകളെ ഏകോപിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ ജനപ്രിയമാകും. ബിസിനസുകളില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഇത് വലിയ സഹായമാകും. സ്വയം പ്രവര്‍ത്തിക്കുന്ന എ.ഐ ഏജന്റുകളുടെ വിപണി 2026ല്‍ 8.5 ബില്യണ്‍ ഡോളര്‍ വരെ എത്തുമെന്നാണ് കണക്ക്.
ഭൗതിക ലോകത്തിലേക്കുള്ള എ.ഐ
സ്വയം ഓടുന്ന വാഹനങ്ങള്‍, ഡ്രോണ്‍ ഡെലിവറികള്‍, വീട്ടുജോലികളും ഫാക്ടറി ജോലികളും ചെയ്യുന്ന റോബോട്ടുകള്‍... ഇതെല്ലാം ഇനി ഭാവനയോ സങ്കല്‍പ്പമോ അല്ല. ചെലവ് കുറയുന്നതോടെ ഈ സാങ്കേതികവിദ്യകള്‍ വ്യാപകമാകും. മനുഷ്യ ഇടപെടല്‍ കുറഞ്ഞതോടെ സുരക്ഷയും കാര്യക്ഷമതയും വര്‍ധിക്കുകയും ചെയ്യും.
ചുരുക്കത്തില്‍:
എ.ഐ നമ്മുടെ ജീവിതത്തില്‍ ശബ്ദമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സഹയാത്രികനായി മാറുന്ന കാലമാണ് വരുന്നത്. നമ്മുടെ ഒരു പേഴ്‌സണല്‍ അസിസ്റ്റന്റായി എപ്പോഴും നമുക്കൊപ്പമുണ്ടാകും, ചോദിച്ചതെന്തും നിമിഷങ്ങള്‍ക്കകം തരുന്ന സംവിധാനം. 2026 അതിന്റെ ഒരു തുടക്കമാകും.
Summary: In 2026, artificial intelligence is poised to become as integral to daily life as the internet, transforming how we search for information, interact with devices, and perform jobs. AI-powered browsers like ChatGPT's Atlas and Perplexity's Comet will dominate, providing direct answers and automated tasks without needing to click through links, while devices evolve into personal AI assistants that handle appointments, reminders, and even real-world actions via voice or wearables. Multi-agent AI systems will collaborate on complex tasks, autonomous robots will become commonplace in industries and homes, and job markets may see specialized recruitment for AI "workers," marking the beginning of a post-app era driven by seamless, conversational intelligence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."