പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവിനെത്തുടര്‍ന്നെന്ന് കുടുംബം
കൊച്ചി: വടക്കന്‍ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. കാവ്യ ഗുരുതരാവസ്ഥയിലായിരുന്ന വിവരം അറിയിച്ചിരുന്നില്ലെന്നും ആശുപത്രിയില്‍ ആവശ്യത്തിന് രക്തം ഉണ്ടായിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.
പട്ടണം പള്ളിയില്‍ കാവ്യമോളാണ് (30) ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഡിസംബര്‍ 24ന് ആയിരുന്നു യുവതിയുടെ രണ്ടാമത്തെ പ്രസവം നടന്നത്. രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് കാവ്യയുടെ യൂട്രസ് നീക്കം ചെയ്തു. ഇതോടെ യുവതിയുടെ നില ഗുരുതമാവുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. അപകട നിലയില്‍ ആയിട്ടും ആദ്യ ഘട്ടത്തില്‍ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ വിസമ്മതിച്ചതായും ആരോപണമുണ്ട്.
വൈകുന്നേരം നാല് മണിയോടെ ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍മാര്‍ അറിയിക്കുകയും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് ആശുപത്രി അധികൃതര്‍ തന്നെ ഏര്‍പ്പാടാക്കി അവിടെയെത്തിച്ചു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതോടെ ഗുരുതരാവസ്ഥയിലാകുകയും ബുധനാഴ്ച വൈകുന്നേരം 5.45ന് മസ്തിഷ്‌ക മരണം സംഭവിക്കുകയുമായിരുന്നു.
സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അതേസമയം, ചികിത്സാ പിഴവ് ഉണ്ടായെന്ന ആരോപണം ആശുപത്രി നിഷേധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."