ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനെ 'തീവ്രവാദി' എന്നാക്ഷേപിച്ച് വെള്ളാപ്പള്ളി, മുസ്‌ലിം ലീഗിന് നേരെ വീണ്ടും അധിക്ഷേപം; നിലവിട്ട് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: വർഗീയ പരാമർശം ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറം പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രകോപിതനായതിന് പിന്നാലെ വിശദീകരണം നൽകുമ്പോഴാണ് വീണ്ടും വർഗീയ പരാമർശം നടത്തിയത്. കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിയോട് ചോദ്യം ചോദിച്ച റിപ്പോർട്ടർ ടിവിയുടെ മാധ്യമപ്രവർത്തകൻ തീവ്രവാദിയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
മുസ്‌ലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ എം.എസ്.എഫിൽ വിദ്യാർഥി ആയിരിക്കെ പ്രവർത്തിച്ചത് ചൂണ്ടിക്കാണിച്ചാണ് മാധ്യമപ്രവർത്തകനെ തീവ്രവാദിയായി വെള്ളാപ്പള്ളി നടേശൻ ചിത്രീകരിച്ചത്. എന്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിക്കുന്നതെന്ന് ചോദിച്ചപ്പോൾ 'അയാൾ തീവ്രവാദി'യാണെന്ന് എനിക്ക് വിവരം കിട്ടിയിട്ടുണ്ടെന്നാണ് നടേശന്റെ വിശദീകരണം. ഇയാൾ ഈരാറ്റുപേട്ടക്കാരനാണെന്നും മുസ്‍ലിംകളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
'റിപ്പോട്ടറുടെ അപ്പൂപ്പനാകാനുള്ള പ്രായമുണ്ട് എനിക്ക്. അതിൻറെ മര്യാദപോലും കാണിച്ചില്ല. ഞങ്ങൾക്ക് മലപ്പുറത്ത് സ്‌കൂളും കോളജും ഇല്ല എന്നത് കണക്കുവെച്ചാണ് പറഞ്ഞു. അൺഎയ്ഡഡ് കോളജ് മാത്രമാണ് അവിടെ ഉള്ളത്. 48 അൺഎയ്ഡഡ് കോളജ് മുസ്‍ലിം ലീഗിനുണ്ട്'. വെള്ളാപ്പള്ളി വിധദീകരിച്ചു.
റാഹീസ് റഷീദ് എന്ന മാധ്യമ പ്രവർത്തകന്റെ പേരാണോ പ്രശ്നമെന്ന് ചോദിച്ചപ്പോൾ വീണ്ടും വെള്ളാപ്പള്ളി ക്ഷുഭിതനായി. തീവ്രവാദി എന്ന വിളിക്ക് തെളിവുണ്ടോ എന്ന ചോദ്യത്തിനും തട്ടിക്കയറിയാണ് പ്രതികരിച്ചത്.
ഇതോടൊപ്പം മുസ്‌ലിം ലീഗിനെ വീണ്ടും അധിക്ഷേപിച്ച് വെള്ളാപ്പള്ളി സംസാരിച്ചു. ദലിതരുടെ അവകാശങ്ങൾ എല്ലാം മുസ്‌ലിം ലീഗ് തട്ടിയെടുത്തു. ലീഗ് മത സൗഹാർദ്ദം തകർക്കുന്നു. മാറാട് ആവർത്തിക്കാൻ ശ്രമം നടത്തുന്നു. ഈഴവരെ എസ്എൻഡിപിക്കെതിരെ മുസ്‌ലിം ലീഗ് തിരിച്ചുവിടുകയാണെന്നും നടേശൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."