number of people in the draft list whose names have discrepancies (logical discrepancy) is increasing in connection with the revision of the hardcore voter list.
HOME
DETAILS
MAL
എസ്.ഐ.ആർ; പൊരുത്തക്കേടുള്ളവരുടെ എണ്ണം വർധിക്കുന്നു; പുതിയ അപേക്ഷകൾ അഞ്ച് ലക്ഷം കടന്നു
January 02, 2026 | 2:39 AM
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കരട് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ പേരുകളിൽ പൊരുത്തക്കേടുണ്ടായവരുടെ (ലോജിക്കൽ ഡിസ്‌ക്രിപൻസി) എണ്ണം വർധിക്കുന്നു. അവസാന എസ്.ഐ.ആറുമായി മാപ്പ് ചെയ്തവരിൽ 2002ലെ പട്ടികയുമായി താരതമ്യംചെയ്യുമ്പോൾ സ്വന്തം പേരിലേയോ മാതാപിതാക്കളുടെ പേരിലേയോ അക്ഷരപിശക്, വയസിലെ പൊരുത്തക്കേട് ഉൾപ്പടെയുള്ളവ കണ്ടെത്തിയവരുടെ എണ്ണമാണ് വർധിക്കുന്നത്.
ഒരാഴ്ച മുമ്പ് ഇത്തരക്കാരുടെ ഒരു പട്ടിക തയാറാക്കി ബി.എൽ.എമാർക്ക് ഇ.ആർ.ഒമാർ കൈമാറിയിരുന്നു. ഈ പട്ടികയിലുള്ളവരിൽ നിന്നു രേഖകൾ വാങ്ങി ആപ്പിൽ അപ്്ലോഡ് ചെയ്ത് രണ്ടും ഒരാളാണെന്ന് ഡിസംബർ 31ന് മുമ്പ് സാക്ഷ്യപ്പെടുത്തണമെന്നാണ് ബി.എൽ.ഒമാർക്ക് ലഭിച്ചിരുന്ന നിർദേശം. ഇത് പൂർത്തിയാക്കിയതോടെ കഴിഞ്ഞ ദിവസം വീണ്ടും ഏതാനും വോട്ടർമാരുടെ പട്ടിക കൂടി ബി.എൽ.ഒമാർക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെ മാപ്പ് ചെയ്യാൻ കഴിയാത്ത ഹിയറിങ് ആവശ്യമായവർക്ക് നോട്ടിസ് നൽകുന്ന പക്രിയ വൈകുകയാണ്. ഹിയറിങ്ങിന് ഏഴ് ദിവസം മുമ്പ് വോട്ടർക്കുള്ള നോട്ടിസ് ബി.എൽ.ഒമാർ നേരിട്ട് കൈമാറുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുള്ളത്.
വോട്ടർ പട്ടിക: പുതിയ അപേക്ഷകൾ അഞ്ച് ലക്ഷം കടന്നു
എസ്.ഐ.ആറിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷ അഞ്ച് ലക്ഷം പിന്നിട്ടു. ഇന്നലെ വൈകിട്ട് മൂന്നുവരെ 504065 അപേക്ഷകളാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത്. ഇതിൽ 98757 പേർ എസ്.ഐ.ആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം അപേക്ഷിച്ചവരാണ്. കേരളത്തിലുള്ള 76965 പേരും പ്രവാസികളായ 21792 പേരുമാണ് കരട് വോട്ടർ പട്ടികയ്ക്ക് ശേഷം അപേക്ഷ നൽകിയത്.
ഇതിന് പുറമെ കേരളത്തിലുള്ള 3,59,968 പേരും പ്രവാസികളായ 30202 പേരും എസ്.ഐ.ആറിന്റെ കരട് പട്ടിക പുറത്തിറങ്ങും മുമ്പ് അപേക്ഷ നൽകിയിട്ടുണ്ട്. അതേസമയം, വിവിധ കാരണങ്ങളാൽ വോട്ടർ പട്ടികയിൽ പേര് ഒഴിവാക്കുന്നതിനുള്ള 375 അപേക്ഷകളും തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."