തെരഞ്ഞെടുപ്പ് തിരിച്ചടി; സി.പി.ഐ നിലപാടിനെതിരേ സി.പി.എമ്മിൽ പടയൊരുക്കം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുമായി ബന്ധപ്പെട്ട് സി.പി.ഐ നടത്തിയ വിലയിരുത്തലിലും സി.പി.ഐ നേതാക്കളുടെ പ്രതികരണങ്ങളിലും സി.പി.എമ്മിന് കടുത്ത അതൃപ്തി. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും വിധത്തിലാണ് സി.പി.ഐയുടെ നിലപാടുകളെന്നും, നിയമസഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്നതിന് ഇതു തടസമാകുമെന്നും സി.പി.എം കേന്ദ്രങ്ങൾ വിമർശനം ഉന്നയിക്കുന്നു.
തെരഞ്ഞെടുപ്പ് തിരിച്ചടിയുമായി ബന്ധപ്പെട്ടും വെള്ളാപ്പള്ളി വിഷയത്തിലും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉന്നയിച്ച പരസ്യവിമർശനവും കഴിഞ്ഞ ദിവസം നടന്ന സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ വച്ച റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തായതുമാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചത്. വീണാൽ വീഴ്ചയാണെന്നു സമ്മതിക്കുമെന്നും വീണതു വിദ്യയാക്കില്ലെന്നുമായിരുന്നു തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സംബന്ധിച്ച് കഴിഞ്ഞ ദിവസം ബിനോയ് വിശ്വം നടത്തിയ പ്രതികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ 17.35 ലക്ഷം വോട്ട് കൂടിയെന്നും 60 മണ്ഡലങ്ങളിൽ ഭൂരിപക്ഷമുണ്ടെന്നുമെല്ലാം കണക്ക് നിരത്തി സി.പി.എം പ്രതിരോധ വാദങ്ങൾ നിരത്തുന്നതിനിടെയായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണമെത്തിയത്. സി.പി.എമ്മിന്റെ വിലയിരുത്തലിൽനിന്നു ഭിന്നമായി, വിവിധ ജനവിഭാഗങ്ങൾ പല കാരണങ്ങളാൽ എൽ.ഡി.എഫിനോട് തെരഞ്ഞെടുപ്പിൽ അകൽച്ച കാണിച്ചതായി പാർട്ടി വിലയിരുത്തിയെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചു പി.ആർ ഏജൻസികളും സർക്കാരിന്റെയും പാർട്ടികളുടെയും സംവിധാനങ്ങളും നടത്തിയ പ്രചാരണം താഴേത്തട്ടിൽ എത്തിയോ എന്നതും പരിശോധിക്കണമെന്നും ബിനോയ് വിശ്വം തുറന്നടിച്ചിരുന്നു. ഇതിനു പുറമേ സി.പി.ഐ നേതൃയോഗത്തിൽ മുഖ്യമന്ത്രിക്കെതിരേ വിമർശനം ഉയർന്നതും സി.പി.എം കേന്ദ്രങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ളയും മുഖ്യമന്ത്രിയുടെ ഏകപക്ഷീയ തീരുമാനങ്ങളുമാണ് തിരിച്ചടിക്ക് കാരണമായതെന്ന അഭിപ്രായമായിരുന്നു സി.പി.ഐ യോഗത്തിലുയർന്നത്.
സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പാർട്ടി നേതാവ് പത്മകുമാറിനെ സംരക്ഷിക്കുന്ന സി.പി.എം നിലപാടിനെതിരേയും സി.പി.ഐ യോഗത്തിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു.സി.പി.ഐ നേതൃയോഗത്തിൽ വച്ച പ്രവർത്തന റിപ്പോർട്ടിൽ എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി മാത്രമാണു കൂടുന്നതെന്നും ജില്ലകളിൽ ഔപചാരിക യോഗം മാത്രമാണെന്നും മണ്ഡലം, പഞ്ചായത്തുതലത്തിൽ യോഗം ചേരാറില്ലെന്നുമുള്ള വിമർശനവും ഉന്നയിച്ചിരുന്നു.
cpm is deeply unhappy with the cpi’s assessment of the severe setback suffered in the local body elections and with the reactions of cpi leaders.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."