മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവം; 5 ലക്ഷം നഷ്ടപരിഹാരം നൽകാന്‍ ഉത്തരവ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തിൽ അഞ്ച് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ഉത്തരവിട്ടു. പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക് രണ്ടുമാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണം. അതിനുശേഷം ഈ തുക ഉത്തരവാദികളിൽ നിന്നും സർക്കാരിന് നിയമാനുസൃതം ഈടാക്കാം.
ലിഫ്റ്റിന്റെ സർവിസ് നടത്തുന്ന കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരേ നിയമാനുസൃതം നടപടിയെടുക്കാം. നഷ്ടപരിഹാരം നൽകിയ ശേഷം നടപടി റിപ്പോർട്ട് കമ്മിഷൻ ഓഫിസിൽ സമർപ്പിക്കണം. ലിഫ്റ്റിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ട് രവീന്ദ്രൻ നായർക്കുണ്ടായ ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് സൗജന്യ ചികിത്സ ഉറപ്പാക്കണം. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ആവശ്യമുണ്ടെങ്കിൽ അതും ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ വർഷം ജൂലൈ 13 ന് രാവിലെ 11.15 മുതൽ ജൂലൈ 15ന് രാവിലെ 6 വരെയാണ് രവീന്ദ്രൻ നായർ ലിഫ്റ്റിൽ കുടുങ്ങിയത്. തകരാറിലായ ലിഫ്റ്റ് ലോക്ക് ചെയ്യുകയോ സൂചനാബോർഡ് സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയെങ്കിലും ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കാനുള്ള ഉത്തരവാദിത്വം മെഡിക്കൽ കോളജിനുണ്ട്. അത് പാലിക്കപ്പെട്ടില്ല. ഈ ലിഫ്റ്റ് അടിക്കടി തകരാറിലാവുന്നതും നന്നാക്കിയാൽ വീണ്ടും തകരാറിലാവുന്നതും പതിവാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കേണ്ടതായിരുന്നു.
ദിവസവും ആയിരക്കണക്കിന് രോഗികളെത്തുന്ന മെഡിക്കൽ കോളജിൽ ഇത്തരം ഒരു സംഭവം നടന്നത് ഗൗരവത്തോടെ കമ്മിഷൻ കാണുന്നു. രവീന്ദ്രൻ നായരുടെ ജീവൻ തന്നെ അപകടത്തിലാവുമായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപവും വീഴ്ചയും ഉണ്ടായിട്ടുണ്ട്. നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യം ന്യായമാണെന്നും രോഗി മരിക്കാനുള്ള സാധ്യത വരെയുണ്ടായിരുന്ന സംഭവത്തിൽ സർക്കാരിനും ബാധ്യതയുണ്ടെന്നും ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ഉത്തരവിൽ വ്യക്തമാക്കി.
മാധ്യമങ്ങളിലെ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ രവീന്ദ്രൻ നായരും പരാതി നൽകിയിരുന്നു.
the human rights commission has ordered the government to pay five lakh rupees as compensation in the incident where a patient was trapped in a lift for 42 hours at thiruvananthapuram medical college hospital
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."