യു.പി.എ സര്‍ക്കാരിന്റെ എംബ്രയര്‍ ജെറ്റ് കരാറിനെതിരേ അന്വേഷണം പ്രഖ്യാപിച്ച് യു.എസും ബ്രസീലും
ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്തെ മറ്റൊരു അഴിമതിക്കഥ കൂടി പുറത്തുവരുന്നു. 2008ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് സംഭവം നടക്കുന്നത്. ഇന്ത്യയും സൗദിയുമായി കരാര്‍ ഉറപ്പിക്കുന്നതിന് ബ്രസീലിയന്‍ വിമാനമായ എംബ്രെയര്‍ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. ബ്രസീലിയന്‍ അഭിഭാഷകരും യുഎസ് നീതി വകുപ്പും ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
2008ല്‍ ഇന്ത്യയുമായി നടത്തിയ കരാര്‍ സംബന്ധിച്ച് യുഎസ് നിയമവകുപ്പിന്റെ കീഴില്‍ പരിശോധിച്ച് വരികയാണെന്ന് ബ്രസീല്‍ ദിനപത്രമായ ഫോര്‍ഹാ ഡെ സാവോപോളോ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. എംബ്രെയറുമായി ഇടപാടുകള്‍ നടത്തിയിട്ടുള്ള ഇന്ത്യയും സഊദി അറേബ്യയും ഉള്‍പ്പെടെ എട്ട് രാജ്യങ്ങളുടെ ഇടപാടുകളിലേക്കും അന്വേഷണം നീളാന്‍ സാധ്യതയുണ്ട്.
മൂന്ന് ഇ.എം.ബി 145 ജെറ്റുകള്‍ക്ക് വേണ്ടി യു.പി.എ സര്‍ക്കാരുമായി 208 ഡോളര്‍ മില്യണ്‍ കരാറില്‍ ഒപ്പുവെക്കുന്നതിനായി യു.കെ കേന്ദ്രീകരിച്ചുള്ള ഒരു ഇടനിലക്കാരന് പണം കൈമാറിയെന്നാണ് ആരോപണം. എന്നാല്‍ ഇന്ത്യന്‍ പ്രതിരോധ നിര്‍വഹണ വ്യവസ്ഥയനുസരിച്ച് ഇടനിലക്കാര്‍ക്കും അനധികൃത ഏജന്റുമാര്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളതാണ്. ഡി.ആര്‍.ഡി.ഒ പദ്ധതി പ്രകാരം 2520 കോടി രൂപയ്ക്കാണ് മൂന്ന് ഇ.എം.ബി 145 വിമാനങ്ങള്‍ സ്വദേശത്ത് നിര്‍മ്മിതമായ റഡാറില്‍ സജ്ജമാക്കിയത്. പരിഷ്‌കരിച്ച ആദ്യത്തെ വിമാനം 2011ല്‍ ഡി.ആര്‍.ഡി.ഒ കൈമാറി. ബാക്കി രണ്ടെണ്ണം പിന്നീടും കൈമാറി. നഷ്ടപ്പെട്ട നിരവധി അവസരങ്ങള്‍ക്ക് ശേഷം എ.ഇ.ഡബ്ല്യൂ & സി പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാക്കും.
സാവോപോളോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കൊമേഴ്‌സ്യല്‍, പ്രൈവറ്റ്, മിലിറ്ററി ജെറ്റുകളുടെ നിര്‍മ്മാതാക്കളാണ് എംബ്രയര്‍.
ഇന്ത്യയുമായുള്ള കരാര്‍ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തയെ കുറിച്ച് എംബ്രെയര്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ല. എന്നാല്‍ കമ്പനിയുടെ മൂന്ന് ഉദ്യോഗസ്ഥര്‍ അഴിമതി സംബന്ധിച്ച അന്വേഷണം നടക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ മെയ് മാസത്തിലാണ് അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. കമ്പനിയില്‍ 30 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന ഒരു ഉദ്യോഗസ്ഥന്‍ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബ്രസീലിയന്‍ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് ഓഫിസില്‍ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്ത് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."