വി.കെ ഇബ്രാഹിം കുഞ്ഞിന്റെ വിയോഗം: വേള്‍ഡ് കെ.എം.സി.സി അനുശോചിച്ചു
ദുബൈ: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തില്‍ വേള്‍ഡ് കെ.എം.സി.സിയും യു.എ.ഇ കെ.എം.സി.സിയും അനുശോചനം രേഖപ്പെടുത്തി. പൊതുപ്രവര്‍ത്തനത്തിന്റെയും തൊഴിലാളി യൂനിയന്‍ സംഘാടനത്തിന്റെയും താഴെ തട്ടുകളിലൂടെ ഉയര്‍ന്നു വന്ന രാഷ്ട്രീയ നേതാവായിരുന്നു ഇബ്രാഹിം കുഞ്ഞ്. മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷനിലും, യൂത്ത് ലീഗിലും സജീവമായി പ്രവര്‍ത്തിച്ചു മുസ് ലിം ലീഗിന്റെ നേതൃത്വത്തിലേക്കുയര്‍ന്ന അദ്ദേഹം, എറണാകുളം ജില്ലയില്‍ യൂത്ത് ലീഗിനെ ശക്തമായ ഒരു യുവജന സംഘടനയാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. അതോടൊപ്പം, മുസ് ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ സ്വതന്ത്ര തൊഴിലാളി യൂണിയന്‍ തെക്കന്‍ കേരളത്തില്‍ കെട്ടിപ്പടുക്കുന്നതിലും അനിഷേധ്യമായ സാരഥ്യം വഹിച്ചു അദ്ദേഹം. പൊതുമരാമത്ത് വകുപ്പ് മന്ത്രിയെന്ന നിലയില്‍ കേരളത്തിന്റെ വികസനക്കുതിപ്പിലും സ്ഥാനം നേടിയെന്ന് വേള്‍ഡ് കെ.എം.സി.സി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. വേള്‍ഡ് കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി പുത്തൂര്‍ റഹ്മാന്‍, ട്രഷറര്‍ യു.എ നസീര്‍ എന്നിവര്‍ വ്യക്തിപരമായും വിട പറഞ്ഞ നേതാവിനെ അനുസ്മരിച്ചു. വിവിധ കെ.എം.സി.സി ഘടകങ്ങള്‍ വരും ദിവസങ്ങളില്‍ ഇബ്രാഹിം കുഞ്ഞ് അനുസ്മരണ സദസുകള്‍ സംഘടിപ്പിക്കുമെന്നും ഇവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."