ഉപ്പുതറയിലെ യുവതിയുടെ കൊലപാതകം; ഒളിവിലായിരുന്ന ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ രജനി എന്ന 38-കാരി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് സുബിനെ (43) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപത്തുള്ള പറമ്പിലാണ് സുബിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (ജനുവരി 6) രജനിയെ വീട്ടിനുള്ളിൽ തലയ്ക്ക് മാരകമായി പരിക്കേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയത്.
സംഭവം ഇങ്ങനെ
ജനുവരി ആറിന് വൈകുന്നേരം സ്കൂൾ വിട്ടെത്തിയ ഇളയ മകൻ രാജീവ് ആണ് രജനിയെ രക്തം വാർന്ന് കട്ടിലിൽ കിടക്കുന്ന നിലയിൽ ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരെയും പൊലിസിനെയും വിവരമറിയിക്കുകയായിരുന്നു.കമ്പിവടി പോലുള്ള ആയുധം കൊണ്ട് തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ദമ്പതികൾക്കിടയിൽ പതിവായി ഉണ്ടായിരുന്ന കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ നിഗമനം.
സംഭവദിവസം ഉച്ചയ്ക്ക് സുബിൻ ബസിൽ കയറി പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. അന്ന് മുതൽ സുബിനായി പൊലിസ് വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു.
അനാഥരായി മൂന്ന് മക്കൾ:
മാതാപിതാക്കളുടെ അപ്രതീക്ഷിത മരണം മൂന്ന് മക്കളെയാണ് തീരാദുഃഖത്തിലാഴ്ത്തിയത്. മൂത്തമകൾ രേവതി (ഡിഗ്രി വിദ്യാർത്ഥിനി), മക്കളായ രതിൻ (പ്ലസ് ടു വിദ്യാർത്ഥി), രാജീവ് (പത്താം ക്ലാസ് വിദ്യാർത്ഥി) എന്നിവർ ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണയിലാണ്.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ ഉപ്പുതറ പൊലിസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."