aisha potty switched to congress, feeling sidelined in her previous party.
HOME
DETAILS
MAL
'എന്നെ വിളിക്കാത്തിടത്ത് ഞാൻ പോകണോ'; ഐഷാ പോറ്റി കോൺഗ്രസിലെത്തിയത് അവഗണനയിൽ മനംമടുത്ത്
January 14, 2026 | 2:03 AM
കൊല്ലം: ഐഷാ പോറ്റി, മൂന്നു പതിറ്റാണ്ടത്തെ ചെങ്കൊടിത്തണലിൽ നിന്നും ത്രിവർണത്തണലിലേക്ക് കൂടു മാറിയത് തന്നെ അവഗണിച്ചവർക്ക് നൽകിയ മധുര പ്രതികാരമായി. ചോദിക്കുന്നവരോടെല്ലാം ഐഷാ പോറ്റിയ്ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. 'എന്നെ വിളിക്കാത്തിടത്ത് ഞാൻ പോകണോ'. ഐഷാ പോറ്റിയുടെ ഈ മറുപടിയിൽ എല്ലാം ഉണ്ടായിരുന്നു.
പാർട്ടി പരിപാടികളിലും സർക്കാർ പരിപാടികളിലും നോട്ടിസിൽ പോലും തന്റെ പേരു വയ്ക്കാറില്ലെന്നും വെറുതേ കേട്ടറിഞ്ഞ് പരിപാടികൾക്കു പോകേണ്ട കാര്യമില്ലെന്നും ഐഷാ പോറ്റി പല പ്രാവിശ്യം തുറന്നടിച്ചു. കലയപുരം ആശ്രയ സങ്കേതത്തിൽ സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ സമ്മേളന വേദിയിലെത്തിയാണ് ഐഷാ പോറ്റി കോൺഗ്രസിനൊപ്പം എന്ന സൂചന ആദ്യം പരസ്യമാക്കിയത്.
സി.പി.എം ജില്ലാ നേതൃത്വമോ സ്ഥലം എം.എൽ.എ കൂടിയായ ധനമന്ത്രി ബാലഗോപാലോ മുൻ എം.എൽ.എയെ പരിഗണിച്ചില്ല. സർക്കാർ പരിപാടികളിൽ നിന്നു പോലും മുൻ എം.എൽ.എയായ ഐഷ പോറ്റിയെ തൂത്തെറിഞ്ഞു. എം.എൽ.എ ആയിരുന്നപ്പോൾ അനുവദിച്ച അറക്കടവ് പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ചടങ്ങിലേക്കു പോലും ഐഷാ പോറ്റിയെ ക്ഷണിച്ചിരുന്നില്ല. ഇതിനോട് അവർ പ്രതികരിച്ചത് ഇങ്ങനെയാണ്. പാലം ഉദ്ഘാടനം ചെയ്യുന്ന വിവരം പത്രം വായിച്ചാണ് അറിഞ്ഞത്. പാർട്ടിക്കാർ പോലും എന്നെ വിളിച്ചില്ല, വിളിക്കാറുമില്ല. ഞാൻ എം.എൽ.എ ആയിരിക്കെ അനുവദിച്ച എത്രയോ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. ഒരെണ്ണം പോലും എന്നോടു പറഞ്ഞിട്ടില്ല. വിളിക്കേണ്ട എന്നു തീരുമാനിച്ചു കാണും. എനിക്ക് ഇടം ഇല്ലാത്തിടത്ത് ഞാൻ പോകേണ്ട കാര്യവും ഇല്ല- അന്ന് അവർ മറുപടി നൽകി.
2024ലാണ് ഐഷ പാർട്ടിയിൽ നിന്ന് അകലുന്നത്. സി.പി.എം കൊട്ടാരക്കര ഏരിയാ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്ന ഐഷാ പോറ്റിയെ ഏരിയാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. പിന്നാലെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. തൊട്ടു പിന്നാലെ സജീവ രാഷ്ട്രീയം വിടുകയാണെന്ന് ഐഷാ പോറ്റി പ്രഖ്യാപിച്ചു. ഐഷാ പോറ്റിയെ പിണക്കിയാൽ കൊട്ടാരക്കര കൈവിട്ടുപോകുമെന്ന് മുന്നിൽകണ്ട സി.പി.എം ജില്ലാ നേതൃത്വം ഐഷാ പോറ്റിയെ പിന്നീട് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഐഷ വഴങ്ങിയില്ല. 2025 ഓഗസ്റ്റിൽ വക്കനാട് സർക്കാർ ഹൈസ്‌കൂളിലെ ഉദ്ഘാടന ചടങ്ങിൽ ക്ഷണിച്ചുവെങ്കിലും അവർ പങ്കെടുത്തില്ല.
തലേ ദിവസം സ്‌കൂൾ സന്ദർശിച്ച ഐഷാ പോറ്റി ഉദ്ഘാടനത്തിൽ നിന്ന് ഒഴിവായത് വലിയ ചർച്ച ആയിരുന്നു. ധനമന്ത്രി കെ.എൻ ബാലഗോപാലായിരുന്നു ഉദ്ഘാടകൻ. പിന്നാലെ കോൺഗ്രസ് നേതൃത്വം കൊട്ടാരക്കരയിൽ ധനമന്ത്രി കെ.എൻ ബാലഗോപാലിനെതിരേ സ്വതന്ത്ര സ്ഥാനാർഥിയായി ഐഷാ പോറ്റിയെ എത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. അവരുടെ സ്വീകാര്യതയ്ക്ക് ഇപ്പോഴും ഇടിവു സംഭവിച്ചിട്ടില്ലെന്നും അതു വോട്ടായി മാറിയാൽ വൻ മാർജിനിൽ വിജയിക്കാൻ കഴിയുമെന്നും വിലയിരുത്തിയ കോൺഗ്രസ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ തന്നെ ഇതിനായി ഇറക്കി. അങ്ങനെ ഐഷാ പോറ്റി കോൺഗ്രസുകാരിയായി മാറി.
2006ൽ കൊട്ടാരക്കരയിലെ കരുത്തനായ ആർ. ബാലകൃഷ്ണപിള്ള എന്ന അതികായകനെ അടപടലം വീഴ്ത്തിയാണ് കൊല്ലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഐഷാ പോറ്റി ആദ്യമായി നിയമസഭയുടെ പടികൾ കയറുന്നത്. 12,968 വോട്ടുകൾക്കായിരുന്നു അട്ടിമറി വിജയം. 1977 മുതൽ കൊട്ടരക്കരയിൽ ജയിച്ചുവന്ന ബാലകൃഷ്ണപിള്ളയുടെ തോൽവി കേരള രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കുന്നതായിരുന്നു. 2011ൽ 20,592 ആയി ഭൂരിപക്ഷം വർധിപ്പിച്ച ഐഷാ പോറ്റി 2016 ൽ 42,632 എന്ന വൻ മാർജിനിൽ വിജയിച്ചാണ് നിയമസഭയിലേക്ക് കയറിയത്. അന്ന് അവർ മന്ത്രിയല്ലെങ്കിൽ സ്പീക്കറാകുമെന്നു പരക്കെ വർത്തമാനമുണ്ടായിരുന്നു. എന്നാൽ രണ്ടുമായില്ലെന്നു മാത്രമല്ല പാർട്ടിയിലും തഴയപ്പെട്ടു.
തുടർന്നു വന്ന തിരഞ്ഞെടുപ്പിൽ മൂന്ന് പ്രാവശ്യം എന്ന കോടാലിയിൽ വെട്ടി ഒതുക്കി. പക്ഷേ മണ്ഡലത്തിൽ ഐഷയുടെ സാന്നിധ്യം ബാലഗോപാലിന് വോട്ടായി മാറി 10,814 വോട്ട് ഭൂരിപക്ഷത്തിൽ ധനമന്ത്രി കസേരയിൽ എത്തിക്കുകയും ചെയ്തു. പാർട്ടി ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഐഷാ പോറ്റിയെ പിന്നീട് പാർട്ടിയും സർക്കാരും ഒതുക്കി. പാർട്ടി അവണന സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിട്ടും ഫലമുണ്ടായില്ല.
മൂന്നു തവണ എം.എൽ.എയായ ഐഷാ പോറ്റിക്ക് വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനമോ മറ്റേതെങ്കിലും പദവികളോ നൽകണമെന്ന ആവശ്യവും മുഖവിലയ്ക്കെടുത്തില്ല. സജീവ രാഷ്ട്രീയം മതിയാക്കി വക്കീൽ പണിയുമായി മുന്നോട്ട് പോകുന്നതിനൊപ്പം ഓൾ ഇന്ത്യ ലോയേഴ്‌സ് യൂനിയൻ ദേശീയ കൗൺസിൽ അംഗവും സംസ്ഥാന ട്രഷറർ സ്ഥാനവും വഹിച്ചിരുന്നു ഐഷാ പോറ്റി. എൻ. വാസുദേവൻ പോറ്റിയുടെയും എം.ജെ പാർവതി അന്തർജനത്തിന്റേയും മകളായി 1958 മേയ് 31ന് കിടങ്ങൂരാണ് ഐഷാ പോറ്റി ജനിച്ചത്. തിരുവനന്തപുരം ലോ കോളജിൽ നിന്ന് എൽ.എൽ.എം നേടി ശങ്കരൻ പോറ്റിയെ വിവാഹം ചെയ്ത ശേഷമാണ്സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. 1991ൽ സി.പി.എമ്മിൽ അംഗമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."