പൗരത്വനിർണയം നാടുകടത്തുക എന്ന ഉദ്ദേശ്യത്തോടെയല്ല: തെരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി: വോട്ടർപട്ടിക തീവ്ര പരിഷ്‌കരണങ്ങളിൽ (എസ്.ഐ.ആർ) പൗരത്വനിർണയം നടത്തുന്നത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രമാണെന്നും പൗരന്മാരല്ലാത്തവരെ നാടുകടത്തുക എന്ന ഉദ്ദേശ്യത്തോടെയല്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രിംകോടതിയിൽ. എസ്.ഐ.ആർ നടപടികൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹരജികൾ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അഭിഭാഷകൻ രാകേഷ് ദ്വിവേദി ഈ വാദമുന്നയിച്ചത്.
വോട്ടർപട്ടികയിൽ ഉൾപ്പെട്ട ഒരാൾ ഇന്ത്യൻ പൗരനാണെന്ന് അനുമാനിക്കണമെന്നും മറിച്ച് തെളിയിക്കേണ്ട ബാധ്യത എതിർക്കുന്നയാളുടെതാണെന്നുമുള്ള 1995ലെ ലാൽ ബാബു ഹുസൈൻ കേസിലെ വിധിന്യായം ഇവിടെ ബാധകമല്ലെന്ന് കമ്മിഷൻ വാദിച്ചു. ഈ കേസിൽ പൊലിസാണ് വോട്ടർമാരുടെ പൗരത്വം പരിശോധിച്ചത്. എസ്.ഐ.ആറിൽ പൊലിസ് ഇടപെടലില്ല.
പൗരത്വം സംശയിക്കുന്ന വ്യക്തി തൊട്ടുമുമ്പത്തെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കാണിക്കുകയാണെങ്കിൽ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറോ ഈ വിഷയം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനോ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനുള്ള മുഴുവൻ നടപടികളും സ്വീകരിക്കും.
പൗരനല്ലെന്ന് കേന്ദ്ര സർക്കാർ കണ്ടെത്തുന്നതുവരെ വ്യക്തിയുടെ വോട്ടവകാശം എടുത്തുകളയാൻ കഴിയുമോയെന്ന് ബെഞ്ച് ഉന്നയിച്ച ചോദ്യത്തിന് വോട്ടവകാശത്തിന് 18 വയസ് തികയുക മാത്രമല്ല, ഇന്ത്യയിലെ പൗരനായിരിക്കുകയും വേണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന് ദിവേദി വാദിച്ചു.
വ്യക്തിയെ പൗരനായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഹരജിക്കാരുടെ വാദം ഭരണഘടനയ്ക്ക് വിരുദ്ധമാണ്. പൗരത്വം നിർണയിക്കുന്നത് വോട്ടർപട്ടിക പരിഷ്‌കരിക്കുന്നതിന് മാത്രമാണെന്നും കമ്മിഷൻ വാദിച്ചു.
പൗരൻമാരല്ലാത്തവരെ വോട്ടർപട്ടികയിൽ ചേർക്കണമെന്ന് ആരും പറയുന്നില്ലെന്നും പൗരത്വം തീരുമാനിക്കേണ്ടത് ആരാണെന്നതാണ് ചോദ്യമെന്നും ഹരജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഇടപെട്ടു പറഞ്ഞു. ഒരു വ്യക്തിയെ വോട്ടറായി രജിസ്റ്റർ ചെയ്യുക എന്ന പരിമിതമായ ഉദ്ദേശ്യത്തിനായി പൗരത്വം നിർണയിക്കേണ്ടത് ഭരണഘടനാപരമായ കടമയാണെന്ന് ദിവേദി മറുപടി പറഞ്ഞു.
പൗരനല്ലാത്ത വ്യക്തി പൗരത്വം നേടാനും തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ പൗരത്വം നിർണയിക്കാനും, മറ്റൊരു വ്യക്തി താൻ പൗരനാണെന്ന് പറയുകയും വോട്ട്‌ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ അയാൾ യഥാർഥ പൗരനാണോ എന്നു നിർണയിക്കാനും കമ്മിഷന് അധികാരമുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
കർശനമായ പരിശോധനയല്ല, ഉദാരമായ സമീപനമാണ് ഇക്കാര്യത്തിൽ കമ്മിഷനുള്ളതെന്ന് ദിവേദി മറുപടി നൽകി.
രാഷ്ട്രീയ പാർട്ടികൾ എസ്.ഐ.ആറിൽ സംശയങ്ങളുണ്ടാക്കാതെ,അതിനെ ചോദ്യം ചെയ്യാതെ സഹകരിക്കണം. തെരഞ്ഞെടുപ്പ് പട്ടിക തയാറാക്കലും പരിഷ്‌കരണവും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഭരണഘടനാ ബാധ്യതയാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."