തിരുച്ചി-ചെന്നൈ ദേശീയപാതയിൽ പൊലിസിന് നേരെ ബോംബേറ്; ലക്ഷ്യം കുപ്രസിദ്ധ ഗുണ്ടാനേതാവ്; രണ്ട് പൊലിസ് ഉദ്യോഗസ്ഥർക്ക് പരുക്ക്
തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിൽ നടുറോഡിൽ പൊലിസ് വാഹനത്തിന് നേരെ ബോംബെറിഞ്ഞ് കൊലപാതക ശ്രമം. കുപ്രസിദ്ധ ഗുണ്ടാനേതാവ് മധുര സ്വദേശി 'വെള്ളൈ കാളി' എന്ന കാളിമുത്തുവിനെ ലക്ഷ്യമിട്ടായിരുന്നു പതിനഞ്ചംഗ സംഘത്തിന്റെ ആക്രമണം. അക്രമികളെ തടയാൻ പൊലിസ് വെടിയുതിർത്തു. ആക്രമണത്തിൽ മൂന്ന് പൊലിസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് 2.10-ഓടെ തിരുച്ചി-ചെന്നൈ ദേശീയപാതയിൽ പെരമ്പലൂരിന് സമീപമായിരുന്നു സിനിമയെ വെല്ലുന്ന ആക്രമണം. മധുര കോടതിയിൽ ഹാജരാക്കിയ ശേഷം വെള്ളൈ കാളിയെ ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്നു പൊലിസ് സംഘം. തിരുമാന്തുറൈയ്ക്ക് സമീപമുള്ള സ്വകാര്യ റസ്റ്റോറന്റിൽ ഉച്ചഭക്ഷണത്തിനായി വാഹനം നിറുത്തിയപ്പോഴാണ് അക്രമിസംഘം ബോംബെറിഞ്ഞത്.
പൊലിസ് വാഹനത്തിന് നേരെ നാടൻ ബോംബുകൾ വലിച്ചെറിഞ്ഞ സംഘം റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബോംബേറിൽ തകർന്ന വാഹനത്തിൽ നിന്നും വെള്ളൈ കാളിയെ വലിച്ചിറക്കി വെട്ടിക്കൊല്ലാനായിരുന്നു അക്രമികളുടെ നീക്കം. എന്നാൽ, തോക്കെടുത്ത് പൊലിസ് ധീരമായി അക്രമികളെ തിരിച്ചടിച്ചു. പൊലിസിന്റെ പ്രത്യാക്രമണത്തിൽ പതറിയ സംഘം ഉടൻ തന്നെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
കൊല്ലപ്പെട്ട മറ്റൊരു ഗുണ്ടാനേതാവിന്റെ കൂട്ടാളികളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലിസ് സംശയിക്കുന്നു. തമിഴ്‌നാട്ടിലെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് പരസ്യമായ ഈ ബോംബേറിലും കൊലപാതക ശ്രമത്തിലും കലാശിച്ചത്.
പരുക്കേറ്റ മൂന്ന് പൊലിസ് ഉദ്യോഗസ്ഥരെ പെരമ്പലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് 15 അംഗ സംഘത്തിനായി പൊലിസ് അന്വേഷണം ഊർജിതമാക്കി. അതിർത്തികളിൽ കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്.
ആക്രമണത്തെത്തുടർന്ന് വെള്ളൈ കാളിയെ അതീവ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാൾക്കെതിരെ നിരവധി കൊലപാതക, കഞ്ചാവ് കേസുകൾ നിലവിലുണ്ട്. പട്ടാപ്പകൽ ദേശീയപാതയിൽ നടന്ന ആക്രമണം തമിഴ്‌നാട് പൊലിസിനെ ഞെട്ടിച്ചിട്ടുണ്ട്. ക്രമസമാധാന നില തകർക്കുന്ന ഗുണ്ടാസംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. സുരക്ഷാ വീഴ്ചയെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Two police officers were injured after a 15-member gang hurled country bombs at a police escort team on the Trichy-Chennai National Highway. The attack occurred on Saturday afternoon while the police were transporting a notorious gangster, "Vellai" Kali, from Dindigul to Chennai's Puzhal Central Jail.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."