'പാർട്ടിക്ക് പാർട്ടിയുടേതായ രീതിയുണ്ട്'; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ കുഞ്ഞികൃഷ്ണനെതിരെ നടപടി ഉണ്ടായേക്കും, പാർട്ടിയെ തകർക്കുന്ന നടപടിയെന്ന് എം.വി ജയരാജനും കെ.കെ രാഗേഷും
കണ്ണൂർ: രക്തസാക്ഷി ഫണ്ടിൽ എംഎൽഎ ഉൾപ്പെടെ തട്ടിപ്പ് നടത്തിയെന്ന വെളിപ്പെടുത്തൽ നടത്തിയ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെതിരെ പ്രതികരണവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷും, മുതിർന്ന നേതാവ് എം.വി ജയരാജനും രംഗത്ത്. കുഞ്ഞികൃഷ്‌ണന്റെ നടപടി പാർട്ടിയെ തകർക്കലാണെന്ന് പറഞ്ഞ ഇരുവരും അദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകുമെന്ന സൂചനയും നൽകി.
തെറ്റായ കാര്യം പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ലെന്നും പാർട്ടിക്ക് പാർട്ടിയുടെതായ രീതിയുണ്ടെന്നും രാഗേഷ് പറഞ്ഞു. തെറ്റുപറ്റിയാൽ പാർട്ടിയെ തിരുത്താനുള്ള മാർഗം ഇതല്ലെന്നും എലിയെ പിടിക്കാൻ ഇല്ലം ചുടുന്നത് പോലെയുള്ള സമീപനമാണിതെന്നും എം.വി ജയരാജനും പറഞ്ഞു. പാർട്ടി കമ്മിറ്റിയിൽ ഉണ്ടായിരുന്നപ്പോഴാണ് രണ്ട് റിപ്പോർട്ടുകളും പാർട്ടി ചർച്ച ചെയ്ത് നിലപാടെടുത്തതെന്ന് ജയരാജൻ വ്യക്തമാക്കി.
പാർട്ടി കമ്മിറ്റി ചർച്ച ചെയ്ത് ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ ആ നിലപാടിനൊപ്പം നിൽക്കുക എന്നതാണ് പാർട്ടിയുടെ സംഘടനാ രീതി. താനൊഴിച്ച് മറ്റെല്ലാവരും കള്ളന്മാർ എന്നതാണ് കുഞ്ഞികൃഷ്ണന്റെ നിലപാട്. ഒരു ഫണ്ട് തട്ടിപ്പും ഉണ്ടായിട്ടില്ല. വരവ് ചിലവ് കണക്കുകൾ സമർപ്പിക്കുന്നതിൽ മധുസൂദനൻ വരുത്തിയ വീഴ്ചയിൽ പാർട്ടി നടപടിയെടുത്തിരുന്നു. മൺമറഞ്ഞുപോയ കോടിയേരി ബാലകൃഷ്ണനെ മോശമായി ചിത്രീകരിച്ചത് ശരിയായില്ലെന്നും എം.വി ജയരാജൻ പറഞ്ഞു.
തെറ്റായ കാര്യം പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ലെന്ന് വിഷയത്തിൽ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് പറഞ്ഞു. പാർട്ടിക്ക് പാർട്ടിയുടെതായ രീതിയുണ്ടെന്നും രാഗേഷ് വ്യക്തമാക്കി. പാർട്ടിയ്‌ക്കെതിരായ ആരോപണം പരസ്യമാക്കിയതിൽ വൈകാതെ കുഞ്ഞികൃഷ്ണനെതിരെ നടപടി എടുത്തേക്കും.
വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ
കണ്ണൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് പാർട്ടി വകമാറ്റി എന്നാണ് കുഞ്ഞിക്കൃഷ്ണൻ നടത്തിയ വെളിപ്പെടുത്തൽ. ടി.ഐ മധുസൂദനൻ എംഎൽഎയാണ് ഫണ്ട് തട്ടിപ്പ് നടത്തിയത്. പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗം തെറ്റായിട്ടാണ് പ്രവർത്തിക്കുന്നത്. തെറ്റ് ചെയ്തവരെ സംരക്ഷിക്കാനാണ് പാർട്ടിയുടെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയന് എല്ലാം അറിയാമെന്നും കുഞ്ഞിക്കൃഷ്ണൻ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."