പതാകയെത്തും മദീനയിൽ നിന്നടക്കം; ശതാബ്ദി സമ്മേളനത്തിനുയരുന്നത് നൂറ് കൊടികൾ
മലപ്പുറം: സമസ്ത ശതാബ്ദിയാഘോഷ നഗരിയിൽ പ്രതാപത്തിന്റെ അടയാളമായി ഉയർത്തിക്കെട്ടുക നൂറുകൊടികൾ. ആദർശ വിശുദ്ധിയുടെ ചരിത്രം പറയുന്ന സമ്മേളനത്തിന് മദീനയിൽ, പ്രവാചക സന്നിധിയിൽ നിന്ന് പാരമ്പര്യശോഭയിലേക്ക് ചേർത്തുവെച്ചു പതാകയെത്തും. പ്രവാചകാനുചരൻമാരുടേയും ഇമാമുമാരുടേയും പൂർവീക മഹത്തുക്കളുടേയും അന്ത്യവിശ്രമ സ്ഥാനങ്ങളിൽ നിന്നെത്തുന്ന കൊടികൾ ശതാബ്ദി ആഘോഷ നഗരിക്ക് മാറ്റുകൂട്ടും. ആറുപതിറ്റാണ്ട് മുൻപ് സമസ്തയുടെ പതാകയ്ക്ക് രൂപം നൽകിയത് കാസർകോട് മാലിക് ദീനാർ പള്ളിയിൽ ചേർന്ന മുശാവറ യോഗത്തിലായിരുന്നു.ചരിത്രസ്മൃതികളുറങ്ങുന്ന മണ്ണിലാണ് ശതാബ്ദിയാഘോഷത്തിന്റെ കൊടികളുയരുന്നത്.
ലോക മുസ് ലിംകൾക്ക് ആത്മീയ, കർമ മണ്ഡലങ്ങളിൽ ദിശനിർണയിച്ചവരും ഇന്ത്യയിലെ മുസ് ലിം മുന്നേറ്റത്തിന് ശക്തി പകർന്നവരുമായ മഹത് വ്യക്തിത്വങ്ങൾ അന്തിയുറങ്ങുന്ന സ്ഥലങ്ങൾ താണ്ടിയാണ് സമസ്ത പതാക മദീനയിൽനിന്ന് കേരളത്തിലെത്തുന്നത്. മദീനയിൽ റൗളയിൽ നിന്ന് പുറപ്പെടുന്ന കൊടി മക്കയിൽ ജന്നത്തുൽ മുഅല്ലയിൽ പ്രവാചക പത്‌നി ഖദീജ ബീവി, സയ്യിദ് അലവി മാലിക്കി, സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ എന്നിവരുടെയുൾപ്പെടെ അന്ത്യവിശ്രമസ്ഥാനങ്ങളിൽ സിയാറത്ത് നടത്തിയാണ് കേരളത്തിലേക്ക് കൊണ്ടുവരിക.
ഈജിപ്തിൽ നിന്ന് ഇമാം ശാഫിഈ, ഇമാം ശാദുലി എന്നിവരുടെ മഖ്ബറയിൽനിന്ന് അടുത്ത ദിവസം കൊടികളെത്തും. ഇതിനു മുന്നോടിയായി ഈജിപ്തിൽ പ്രവാചക പൗത്രൻ ഇമാം ഹുസൈൻ(റ), അംറ് ബ്‌നു ആസ്വ്(റ), ഇമാം സുയൂത്തി, ഇമാം ഇബ്‌നു ഹജറുൽ അസ്ഖലാനി, ഇബ്‌നു അത്വാഇല്ലാഹി സിക്കന്തരി, സൈനബ് ബീവി, നഫീസത്തുൽ മിസ് രി, ബദവി ഇമാം, അബുൽ അബ്ബാസ് മുർസി, യാഖൂത്തുൽ അർഷി, ഇമാം ബൂസൂരി തുടങ്ങിയവരുടെ മഖ്ബറകളിൽ സിയാറത്ത് നടത്തിയാണ് മൂന്നുകൊടികൾ കൊണ്ടുവരുന്നത്. ചേരമാൻ പെരുമാൾ ചക്രവർത്തി അന്ത്യവിശ്രമം കൊള്ളുന്ന സലാല, സമാഈ (ഒമാൻ), ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (ബാഗ്ദാദ്), സുലൈമാൻ ജസൂലി (മൊറോക്കോ), സ്വഹാബി മഖാം അൽ ഐൻ(യു.എ.ഇ), മുഹ് യിദ്ദീൻ ശൈഖിന്റെ പൗത്രൻ(മലേഷ്യ), സയ്യിദ് അബൂസ്വാലിഹ് കുഞ്ഞിക്കോയ തങ്ങൾ (ശ്രീലങ്ക) എന്നിവിടങ്ങളിൽ നിന്നാണ് മറ്റുലോക രാഷ്ട്രങ്ങളിൽ നിന്നുള്ള കൊടികളെത്തുന്നത്. ഇന്ത്യയിൽ ഖാജാ മുഈനുദ്ദീൻ ചിശ്തി(അജ്മീർ), ഹസ്‌റത്ത് നിസാമുദ്ദീൻ, മുഹ് ദിസ് ദഹ് ലവി, ബഖ്തിയാറുൽ കഅ്കി (ഡൽഹി), അല്ലാമ ഫസ് ലുൽ ഹഖ് ഖൈറാബാദി (ആൻഡമാൻ), ശൈഖ് ഉബൈദുല്ലാഹ് തങ്ങൾ, ഖാസിം വലിയുല്ലാഹി (ലക്ഷദ്വീപ്), പഹാഡി ശരീഫ്, ബാനി നിസാമിയ, യൂസുഫൈൻ ദർഗ (ഹൈദരാബാദ്), ശൈഖ് അഹ്മദ് സർഹിന്ദി (പഞ്ചാബ്), ഹാജി അലി കടൽപള്ളി(മുംബൈ), ഹസ്‌റത്ത് ബാൽ മസ്ജിദ് (കശ്മിർ), ശൈഖ് അഹ്മ്ദ് റസാഖാൻ ബറേൽവി (ഉത്തർ പ്രദേശ്) എന്നിവരുടെ മഖാമുകൾ ഉൾപ്പെടുന്നു. കേരളത്തിൽ മമ്പുറം, പൊന്നാനി, വെളിയങ്കോട്, പാണക്കാട്, ബീമാപ്പള്ളി, വാഴക്കാട്, മടവൂർ, പെരിങ്ങത്തൂർ തുടങ്ങി 62 മഖാമുകളിൽ നിന്നാണ് കൊടികളെത്തുക. കർണാടകയിൽ നിന്ന് 10, തമിഴ്‌നാട്ടിൽ നിന്ന് 8ഉും കൊടികളെത്തും. ഇതിനു മുൻപായി നിരവധി മഖാമുകളിൽ സിയാറത്ത് നടത്തിയാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നും കൊടിയുമായി പുറപ്പെടുക.
ഫെബ്രുവരി രണ്ടിന് വൈകുന്നേരം നാലിന് വരക്കൽ മഖാമിൽ സമസ്ത നേതാക്കൾ കൊടികൾ ഏറ്റുവാങ്ങി സിയാറത്ത് നടത്തും. പിറ്റേന്ന് ബറാഅത്ത് ദിനത്തിൽ രാവിലെ എട്ടിന് വരക്കലിൽ നിന്നും കാസർകോട് തളങ്കരയിലേക്ക് പതാകയാത്ര പുറപ്പെടും. നാലിന് ളുഹ് ർ നിസ്‌കാര ശേഷം തളങ്കര മാലിക് ബ്‌നു ദീനാർ മസ്ജിദിൽ സിയാറത്ത് നടത്തി നൂറുകണക്കിന് വാഹന അകമ്പടിയോടെ സമ്മേളന നഗരിയേക്ക് പുറപ്പെടും.
തുടർന്ന് വളണ്ടിയർമാരുടെ റൂട്ട് മാർച്ചോടെ നഗരിയിലേക്ക് വരവേൽക്കും. വൈകീട്ട് സാദാത്തുക്കൾ, സമസ്ത മുശാവറ അംഗങ്ങൾ, പണ്ഡിതൻമാർ, ഉമറാക്കൾ തുടങ്ങി നൂറ് വ്യക്തിത്വങ്ങൾ കൊടി ഉയർത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."