ലൈംഗികാതിക്രമക്കേസുകൾ: അതിജീവിതരുടെ പേരും വിവരങ്ങളും വെളിപ്പെടുത്തരുത്; ഡൽഹി പൊലിസ് കമ്മിഷണർക്ക് ഹൈക്കോടതിയുടെ കർശന നിർദേശം
ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസുകളിൽ ഇരയാകുന്നവരുടെ വ്യക്തിവിവരങ്ങൾ കോടതി രേഖകളിൽ വെളിപ്പെടുത്തരുതെന്ന് ഡൽഹി ഹൈക്കോടതി. അതിജീവിതരുടെ പേര്, രക്ഷിതാക്കളുടെ വിവരങ്ങൾ, വീട്ടുപേര്, മേൽവിലാസം എന്നിവ കോടതിയിൽ സമർപ്പിക്കുന്ന ഒരു റിപ്പോർട്ടിലോ രേഖയിലോ ഉൾപ്പെടുത്താൻ പാടില്ലെന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമ ഉത്തരവിട്ടു. ഇക്കാര്യം ഉറപ്പാക്കാൻ ഡൽഹിയിലെ എല്ലാ പൊലിസ് സ്റ്റേഷനുകൾക്കും അടിയന്തര നിർദേശം നൽകാൻ പൊലിസ് കമ്മിഷണറോട് കോടതി ആവശ്യപ്പെട്ടു.
പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിൽ ഇരയുടെ പേര് പരാമർശിച്ചത് കോടതിയുടെ കടുത്ത വിമർശനത്തിന് ഇടയാക്കി. അതിജീവിതയുടെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും ഇത്തരം പിഴവുകൾ സംഭവിക്കുന്നത് ആശങ്കാജനകമാണെന്നും കോടതി നിരീക്ഷിച്ചു.
പന്ത്രണ്ടുകാരിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ പ്രതി സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ നിർദേശങ്ങൾ നൽകിയത്. തനിക്ക് കുട്ടിയുടെ അമ്മയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമുണ്ടായിരുന്നുവെന്നും കുട്ടി വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നുമായിരുന്നു പ്രതിയുടെ വാദം. 2021-ൽ കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ കുറ്റകൃത്യം നടക്കാൻ സാധ്യതയില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
എന്നാൽ ഈ വാദങ്ങൾ തള്ളിയ കോടതി, അമ്മയുമായി ബന്ധമുണ്ടായിരുന്നു എന്നത് പ്രായപൂർത്തിയാകാത്ത ഇരയുടെ മൊഴിയെ സംശയിക്കാൻ കാരണമാകുന്നില്ലെന്ന് വ്യക്തമാക്കി. കുട്ടിയുടെ മൊഴി ഗൗരവതരമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സ്വർണകാന്ത ശർമ പ്രതിക്ക് ജാമ്യം നിഷേധിച്ചത്.
The Delhi High Court has issued a strict directive to the Police Commissioner ensuring that the identity of sexual assault survivors, including their names and addresses, remains confidential in all court records and police reports.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."