എ.ഐ ഉസ്താദ് മുതല്‍ സമ്പൂര്‍ണ ഇസ്ലാമിക പഠനരീതി വരെ; 5.5 ഏക്കര്‍ ഭൂമിയില്‍ 10 പവലിയന്‍; കുനിയയില്‍ ഒരുങ്ങുന്ന അന്താരാഷ്ട്ര എക്‌സ്‌പോയുടെ വിശദാംശങ്ങള്‍ | Samastha Centenary International Expo
കാസര്‍ക്കോഡ്: ഫെബ്രവരി ആദ്യ വാരത്തില്‍ കാസര്‍കോഡ് ജില്ലയിലെ കുനിയയില്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ വച്ച് അരങ്ങേറുന്ന സമസ്തയുടെ നൂറാം വാര്‍ഷികത്തിന് (Samastha Centenary) മുന്നോടിയായി സമ്മേളന നഗരിയോട് ചേര്‍ന്ന് അന്താരാഷ്ട്ര എക്‌സ്‌പോക്ക് തുടക്കം കുറിക്കാന്‍ പോവുകയാണ്. 5.5 ഏക്കര്‍ ഭൂമിയില്‍ 10 പവലിയന്‍ ഉള്‍കൊള്ളുന്ന എക്‌സ്‌പോ ജനുവരി 30 മുതല്‍ ഫെബ്രവരി 8 വരെയാണ് നടക്കുക. വിശ്വാസം, പൈതൃകം, സംസ്‌കാരം, സാങ്കേതിക വിദ്യ എന്നിവയെ അടിസ്ഥാനമാക്കിയാണ് എക്‌സ്‌പോ ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ളത്.
രജിസ്‌ട്രേഷനും എക്‌സ്‌പോയുടെ സമയവും:
ജനുവരി 30 മുതല്‍ ഫെബ്രവരി 8 വരെ പത്ത് ദിവസമാണ് എക്‌സ്‌പോ ഉണ്ടാവുക. ജനുവരി 31 ഫെബ്രവരി 1 എന്നിങ്ങനെ രണ്ട് ദിവസം സ്ത്രീകള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ആ സമയങ്ങളില്‍ വളന്റിയര്‍മാര്‍ തൊട്ട് സ്റ്റാളിലെ സ്റ്റാഫുകള്‍ വരെ സ്ത്രീകള്‍ മാത്രമാവും. ഫെബ്രവരി 2 മുതല്‍ എക്‌സ്‌പോ പുരുഷന്മാര്‍ക്കായി തുറന്ന് നല്‍കപ്പെടും. ജനറല്‍, മദ്രസ, വി ഐ പി പ്രീമേയം എന്ന നിലയിലാണ് എക്‌സ്‌പോയുടെ ടിക്കറ്റ് വില്‍ക്കപ്പെടുന്നത്.
Website: https://expo.samastha.info/
എ.ഐ ഉസ്താദ്:
പതിനാറാം നൂറ്റാണ്ടില്‍ ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ രചിച്ച ഫത്ഹുല്‍ മുഈനിലെ ഏത് ഹദീസും ജനങ്ങള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ പ്രാപ്തമായി നില്‍ക്കുന്ന എ.ഐ ഉസ്താദാണ് എക്‌സ്‌പോയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കേരളീയ ഇസ്ലാമിക വൈജ്ഞാനിക പാരമ്പര്യത്തെ പുതിയ സാങ്കേതിക വിദ്യയിലൂടെ സാധാരണകാരായ ജനങ്ങളിലേക്ക് എത്തിക്കാന്‍ എ ഐ ഉസ്താദിലൂടെ സംഘാടകര്‍ക്ക് സാധിക്കുന്നു.
ഒപ്പം സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തെ പരിചയപ്പെടുത്തുന്ന വി.ആര്‍ സംവിധാനങ്ങളും എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുണ്ട്.
നീളം കൂടിയ ഖുര്‍ആന്‍:
എക്‌സ്‌പോയില്‍ ജനങ്ങളെ ഞെട്ടിക്കാന്‍ ഇരിക്കുന്ന മറ്റൊരു സംഗതി ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുര്‍ആനാണ്. ജസീം ഫൈസി രചിച്ച 1106 മീറ്ററോളം നീളം വരുന്ന ഖുര്‍ആനിന്റെ കയ്യെഴുത്തു പ്രതിയാണ് നിലവില്‍ ലോകത്തെ ഏറ്റവും നീളം കൂടിയ ഖുര്‍ആനായി പരിഗണിക്കുന്നത്. പ്രസ്തുത കയ്യെഴുത്തു പ്രതിക്ക് ഗിന്നസ് റെക്കോഡും ലഭിച്ചിരുന്നു. എന്നാല്‍ എക്‌സ്‌പോയില്‍ ഇതേ കയ്യെഴുത്തുപ്രതിയാണോ അതോ ഇതിനെയും കടത്തി വെട്ടിയ മറ്റൊരു കോപ്പിയാണോ സംഘാടകര്‍ പ്രദര്‍ശിപ്പിക്കാന്‍ പോകുന്നത് എന്നത് സര്‍പ്രൈസ് ആണ്. ഖുര്‍ആനിന് പുറമെ നീളം കൂടിയ ബുര്‍ദ കൂടി എക്‌സ്‌പോയിലെ പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കുന്നതാണ്.
ഇസ്‌ലാമിന്റെ സുവര്‍ണ്ണ കാലഘട്ടം:
യൂറോപ്പ് ഇരുട്ടിലായിരുന്നപ്പോള്‍ ലോകത്തിന് തന്നെയും വെളിച്ചം പകര്‍ന്ന ഇസ്ലാമിന്റെ സംഭാവനകളെ പരിചയപ്പെടുത്തുന്ന പവലിയണ്‍ എക്‌സ്‌പോയുടെ ഭാഗമായിയുണ്ട്. ശാസ്ത്രം, സാങ്കേതിക വിദ്യ, തത്വ ചിന്ത, സാഹിത്യം തുടങ്ങി അനവധി മേഖലകളില്‍ വിവിധ സംഭാവനകള്‍ സമര്‍പ്പിച്ച മുസ്ലിം പണ്ഡിതന്മാരെയും, കാലഘട്ടത്തെയും പരിചയപ്പെടാനുള്ള അവസരം കൂടി എക്‌സ്‌പോ നമുക്ക് നല്‍കുന്നു.
കേരളത്തിലെ ഇസ്ലാമിക വിദ്യാഭ്യാസ രീതികളുടെ പരിണാമം:
പ്രവാചകന്റെ കാലം തൊട്ട് തന്നെ കേരളത്തില്‍ ഇസ്‌ലാമിന്റെ സാന്നിധ്യം കാണാം. ജാതി വിവേചനം വളരെ ശക്തമായി നിന്നിരുന്ന ആ കാലഘട്ടത്തില്‍ വിജ്ഞാനം നേടുക എന്നത് സവര്‍ണ്ണ ജാതികള്‍ക്ക് മാത്രം അനുവദിക്കപ്പെട്ട ഒന്നായിരുന്നു. എന്നാല്‍ കേരളത്തില്‍ ആ കാലഘട്ടത്തില്‍ തന്നെ മുസ്ലിംകള്‍ യാതൊരു വിവേചനവുമില്ലാതെ എഴുതാനും വായിക്കാനും പഠിക്കുന്നുണ്ട്. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ തൊട്ട് അറബി സാഹിത്യങ്ങള്‍ വരെ അതാത് കാലത്തിനനു സരിച്ച് വ്യവസ്ഥാപിതമായ രീതിയില്‍ പഠിപ്പിക്കാന്‍ സമുദാത്തിന് സാധിച്ചിരുന്നു. ഈ എക്‌സ്‌പോയില്‍ വിളക്കിന് കീഴില്‍ അറിവ് നേടിയ കാലഘട്ടം മുതല്‍, പള്ളി ദര്‍സുകള്‍ സജ്ജീവമായ കാലത്തെയും അവിടുന്ന് അറബിക്ക് കോളേജുകളിലേക്ക് പരിണമിച്ചെത്തിയ യാത്രയെയും അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.
കര്‍മ്മശാസ്ത്രവും, ആരാധനാ കര്‍മ്മങ്ങളും പഠിക്കാനുള്ള അവസരം:
ചരിത്രത്തിനും, പൈതൃകത്തിനും പുറമെ ഇസ്‌ലാമിലെ അടിസ്ഥാന ആരാധന കര്‍മ്മങ്ങളായ നമസ്‌കാരം, നോമ്പ്, ഹജ്ജ്, സകാത്ത് തുടങ്ങിയവയെ പരിചയപ്പെടുത്തുന്ന പാവില്യണ്‍ കൂടി എക്‌സ്‌പോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സമസ്തയുടെ വിദ്യാഭ്യാസ പദ്ധതികള്‍ മനസ്സിലാക്കാനുള്ള അവസരം:
സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ വരുന്ന മദ്രസ സംവിധാനങ്ങളെയും, അല്‍ബിര്‍, എസ് എന്‍ ഇ സി, ഇ ലേര്‍ണിംഗ്, അസ്മി, സി എസ് ഡബ്ലിയു സി, എസ് കെ എസ് എസ് എഫ് ട്രെന്‍ഡ് എന്നിവയ്ക്ക് കീഴിലെ വിദ്യാഭ്യാസ പദ്ധതികളെയും പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍ കൂടി എക്‌സ്‌പോയില്‍ ഉണ്ടായിരിക്കുന്നതാണ്.
കലാ സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍:
നൂറ്റാണ്ടുകളുടെ പൈതൃകം പേറുന്ന മാപ്പിള കലകളുടെ പ്രദര്‍ശനവും, വിവിധ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും എക്‌സ്‌പോയില്‍ വെച്ച് അരങ്ങേറുന്നതായിരിക്കും. കുട്ടികള്‍ക്കും, കൗമാരക്കാര്‍ക്കും വേണ്ടി പ്രത്യേക പാവില്യണുകള്‍ കൂടി സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. കാലിഗ്രഫി പ്രദര്‍ശനം എക്‌സ്‌പോയുടെ മറ്റൊരു പ്രത്യേകതയാണ്.
മലബാറിന്റെ രുചി ബേധങ്ങളെ അടയാളപ്പെടുത്തുന്ന ഭക്ഷണ സ്റ്റാളുകള്‍ കൂടി ഉള്‍പ്പെടുമ്പോള്‍ എക്‌സ്‌പോ വൈവിധ്യങ്ങളുടെ കലവറ കൂടിയായി മാറുന്നു.
'സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ആസ്വദിക്കാന്‍ പാകത്തിന് എക്‌സ്‌പോയില്‍ കാര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്നതാണ് ഈ എക്‌സ്‌പോയുടെ ഏറ്റവും വലിയ സവിശേഷത. കുട്ടികള്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍, പുരുഷന്മാര്‍, പണ്ഡിതര്‍, സാധാരണകാര്‍ തൊട്ട് ആരെയും ആകര്‍ഷിക്കാന്‍ പാകത്തിനുള്ള വസ്തുക്കളും, വിവരങ്ങളും എക്‌സ്‌പോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്' അന്താരാഷ്ട്ര എക്‌സ്‌പോയുടെ കണ്‍വീനര്‍ ഡോ.ഷഫീഖ് റഹ്മാന്‍ വഴിപ്പാറ സുപ്രഭാതം വെബിനോടായി പറഞ്ഞു.
Summary: An international expo is being organized in Kuniya, Kasaragod, from January 30 to February 8, 2026, as part of Samastha's centenary celebrations, featuring ten pavilions spread across 5.5 acres. A major highlight is the "AI Usthad," an artificial intelligence system capable of explaining Islamic jurisprudence from the 16th-century text Fathul Mu'in, alongside a display of the world’s longest handwritten Quran. The event offers dedicated days for women (Jan 31 and Feb 1) and showcases Islamic heritage, science, Mappila arts, and the evolution of Kerala's unique educational system.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."