മകനെ രക്ഷിക്കാൻ പുലിയെ തല്ലിക്കൊന്ന സംഭവം; അച്ഛനും മകനുമെതിരെ കേസെടുത്ത് വനംവകുപ്പ്; കൊല്ലാൻ ഉപയോഗിച്ച അരിവാളും കുന്തവും കസ്റ്റഡിയിൽ
സോമനാഥ് ഗിർ: പുലിയുടെ ആക്രമണത്തിൽ നിന്ന് മകനെ രക്ഷിക്കാൻ ശ്രമിച്ചതിന് വനം വകുപ്പ് കേസെടുത്തു. വന്യമൃഗത്തെ കൊലപ്പെടുത്തിയ പിതാവിനും മകനുമെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. ബുധനാഴ്ച വൈകുന്നേരം ഗുജറാത്തിലെ സോമനാഥിലാണ് നാടിനെ നടുക്കിയ സംഭവം. പുലിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബാബുഭായ് നരൻഭായ് വജ (60), മകൻ ശാർദൂൽ (27) എന്നിവർക്കെതിരെയാണ് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.
ബുധനാഴ്ച വൈകിട്ടോടെയാണ് വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന ബാബുഭായിയെ പുലി പെട്ടെന്ന് ആക്രമിക്കുന്നത്. പിതാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മകൻ ശാർദൂൽ പുലിയെ ബഹളം വെച്ച് ഓടിക്കാൻ ശ്രമിച്ചു. എന്നാൽ, പ്രകോപിതനായ പുലി വയോധികനെ വിട്ട് യുവാവിന്റെ കഴുത്തിന് നേരെ ചാടിവീണു. മകന്റെ ജീവൻ അപകടത്തിലാണെന്ന് കണ്ടതോടെ ബാബുഭായ് കയ്യിൽ കിട്ടിയ അരിവാളും കുന്തവും ഉപയോഗിച്ച് പുലിയെ നേരിടുകയായിരുന്നു. ഏറ്റുമുട്ടലിൽ പുലി ചാവുകയും അച്ഛനും മകനും മാരകമായി പരുക്കേൽക്കുകയും ചെയ്തു.
നിലവിൽ ഉനയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇരുവരും. എന്നാൽ വന്യമൃഗത്തെ കൊലപ്പെടുത്തിയ സാഹചര്യത്തിൽ നടപടിക്രമങ്ങളുടെ ഭാഗമായാണ് കേസെടുത്തതെന്ന് വനംവകുപ്പ് അറിയിച്ചു. പുലിയെ കൊല്ലാൻ ഉപയോഗിച്ച അരിവാളും കുന്തവും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. പുലിയുടെ ജഡം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
ആത്മരക്ഷാർത്ഥമാണ് കൊലപാതകം നടന്നതെങ്കിലും ഷെഡ്യൂൾ വൺ വിഭാഗത്തിൽപ്പെട്ട വന്യജീവിയെ കൊന്നതിനാൽ നിയമപരമായ നടപടികൾ അനിവാര്യമാണെന്ന് അധികൃതർ പറയുന്നു.
In Gir Somnath, Gujarat, a 60-year-old father and his son were booked by the forest department for killing a leopard. The incident occurred when the predator attacked the father, Babubhai, while he was sitting outside his home. When his son, Shardul, tried to intervene, the leopard turned on him and grabbed him by the neck.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."