ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; മനംനൊന്ത് ഭർത്താവും വിവാഹത്തിന് മധ്യസ്ഥത വഹിച്ച ബന്ധുവും ജീവനൊടുക്കി
ദാവൻഗരെ : വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഇതിന് പിന്നാലെ, വിവാഹത്തിന് മധ്യസ്ഥത വഹിച്ച പെൺകുട്ടിയുടെ ബന്ധുവും ആത്മഹത്യ ചെയ്തു. കർണാടകയിലെ ദാവൻഗരെ ജില്ലയിലെ ഗുമനൂരു ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ഇരട്ട ആത്മഹത്യ നടന്നത്.
ഗുമനൂരു സ്വദേശിയായ ഹരീഷ് (30), ഭാര്യ സരസ്വതിയുടെ സഹോദരീ ഭർത്താവായ രുദ്രേഷ് (36) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഹരീഷിന്റെ ഭാര്യ സരസ്വതിയെയും കാമുകൻ കുമാറിനെയും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ദാവൻഗരെ റൂറൽ പൊലിസ് അറസ്റ്റ് ചെയ്തു.
സംഭവം ഇങ്ങനെ:
മൂന്ന് മാസം മുൻപായിരുന്നു ഹരീഷിന്റെയും സരസ്വതിയുടെയും വിവാഹം. ഇവരുടെ വിവാഹത്തിന് മുൻകൈ എടുത്തതും മധ്യസ്ഥത വഹിച്ചതും രുദ്രേഷ് ആയിരുന്നു. എന്നാൽ കഴിഞ്ഞ തിങ്കളാഴ്‌ച (ജനുവരി 26) രാവിലെ ക്ഷേത്രത്തിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ സരസ്വതി കാമുകനായ കുമാറിനൊപ്പം ഒളിച്ചോടുകയായിരുന്നു.
ഭാര്യ ഒളിച്ചോടിയ വിവരം അറിഞ്ഞ ഹരീഷ് മാനസികമായി തകർന്നു. തന്റെ മരണത്തിന് ഉത്തരവാദികൾ സരസ്വതിയും കാമുകൻ കുമാറുമാണെന്ന് രണ്ട് പേജുള്ള ആത്മഹത്യാ കുറിപ്പിൽ എഴുതിവെച്ച ശേഷം ഹരീഷ് തൂങ്ങിമരിക്കുകയായിരുന്നു.ഹരീഷിന്റെ മരണവാർത്തയറിഞ്ഞ രുദ്രേഷ്, താൻ മുൻകൈ എടുത്ത് നടത്തിയ വിവാഹം ഇത്തരത്തിൽ ദുരന്തമായതിലുള്ള കുറ്റബോധത്താൽ വിഷം കഴിച്ച് ജീവനൊടുക്കി.
വ്യാജ ആരോപണങ്ങളും ഭീഷണിയും:
വിവാഹം കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ തന്നെ സരസ്വതി ഹരീഷിനും കുടുംബത്തിനുമെതിരെ പീഡനാരോപണം ഉന്നയിച്ച് പൊലിസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇത് ഹരീഷിനെ കുടുക്കാൻ മനഃപൂർവ്വം ചമച്ചതാണെന്നും സരസ്വതിക്ക് കുമാറുമായി വിവാഹത്തിന് മുൻപേ ബന്ധമുണ്ടായിരുന്നുവെന്നും പൊലിസ് അന്വേഷണത്തിൽ വ്യക്തമായി. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെയും കുടുംബത്തെയും ഇവർ ഭീഷണിപ്പെടുത്തിയിരുന്നതായും ഹരീഷിന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
ഹരീഷിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സരസ്വതിയെയും കുമാറിനെയും കൂടാതെ ബന്ധുക്കളായ ഗണേഷ്, അഞ്ജനമ്മ എന്നിവർക്കെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."