ഭർത്താവിന്റെ 'ക്രൂരമായ തമാശ'; കുടുംബാംഗങ്ങളുടെ മുന്നിൽ അപമാനിതയായ മോഡൽ ജീവിതം അവസാനിപ്പിച്ചു
ലഖ്‌നൗ: സ്വന്തം രൂപത്തെക്കുറിച്ച് ഭർത്താവ് കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ച് നടത്തിയ പരിഹാസത്തിൽ മനംനൊന്ത് യുവ മോഡൽ ആത്മഹത്യ ചെയ്തു. ലഖ്‌നൗ സ്വദേശിയായ തനു സിംഗ് (28) ആണ് മരിച്ചത്. ലഖ്‌നൗവിലെ ഇന്ദിരാനഗറിലുള്ള ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് തനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവം ഇങ്ങനെ:
കുടുംബാംഗങ്ങളോടൊപ്പം സംസാരിച്ചിരിക്കവെ തനുവിന്റെ ഭർത്താവ് അവരെ "ബന്ദരിയ" (കുരങ്ങൻ) എന്ന് വിളിച്ച് കളിയാക്കിയതാണ് ദുരന്തത്തിന് കാരണമായത്. മറ്റുള്ളവർക്ക് ഇത് വെറുമൊരു തമാശയായി തോന്നിയെങ്കിലും, എല്ലാവരുടെയും മുന്നിൽ വെച്ച് പരിഹസിക്കപ്പെട്ടത് തനുവിനെ മാനസികമായി തകർത്തു.
മരണം സംഭവിച്ചത്:
ഭർത്താവിന്റെ വാക്കുകളിൽ പിണങ്ങി തനു ഉടൻ തന്നെ സ്വന്തം മുറിയിലേക്ക് പോയി. വൈകാരികമായ ഒരു പിണക്കം മാത്രമാണെന്ന് കരുതി വീട്ടുകാർ ആദ്യം ഗൗരവമായി എടുത്തില്ല. എന്നാൽ ഒരു മണിക്കൂറിന് ശേഷം ഭക്ഷണത്തിനായി വിളിച്ചപ്പോൾ മുറി തുറക്കാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അവരെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
'അവൾ വളര സെൻസിറ്റീവ് ആയിരുന്നു'
തനുവിന്റെ പ്രൊഫഷണൽ ജീവിതത്തെയും രൂപത്തെയും കുറിച്ചുള്ള ചെറിയ വിമർശനങ്ങൾ പോലും അവളെ ആഴത്തിൽ ബാധിക്കാറുണ്ടായിരുന്നു എന്ന് സഹോദരി അഞ്ജലി വെളിപ്പെടുത്തി. ഒരു മോഡൽ എന്ന നിലയിൽ സ്വന്തം വ്യക്തിത്വത്തെയും സൗന്ദര്യത്തെയും കുറിച്ച് അവൾ ഏറെ ശ്രദ്ധാലുവായിരുന്നു. ഭർത്താവിൽ നിന്നുള്ള അപ്രതീക്ഷിത പരിഹാസം അവളുടെ ആത്മവിശ്വാസത്തെ മുറിപ്പെടുത്തിയതാകാം ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.
പൊലിസ് നടപടി:
സംഭവത്തിൽ ഇന്ദിരാനഗർ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. ഭർത്താവിനെയും മറ്റ് കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണം പൂർത്തിയാക്കിയ ശേഷം നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."