റോഡിലെ അശ്രദ്ധ വരുത്തുന്ന വിന; നടുക്കുന്ന അപകട ദൃശ്യങ്ങളുമായി അബുദബി പോലീസിന്റെ മുന്നറിയിപ്പ്
അബുദബി: എമിറേറ്റിലെ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രൈവർമാരുടെ അശ്രദ്ധയും നിയമലംഘനങ്ങളും മൂലം സംഭവിക്കുന്ന അപകടങ്ങളുടെ യഥാർത്ഥ ദൃശ്യങ്ങൾ പുറത്തുവിട്ട് അബുദബി പൊലിസ്.
വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ കാട്ടുന്ന ചെറിയ അശ്രദ്ധകൾ പോലും എങ്ങനെ വലിയ ദുരന്തങ്ങളായി മാറുന്നു എന്ന് വ്യക്തമാക്കുന്ന ബോധവൽക്കരണ വീഡിയോയാണ് പൊലിസ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന അപകടകരമായ ഡ്രൈവിംഗ് രീതികൾക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് അധികൃതർ ഇതിലൂടെ നൽകുന്നത്.
താൽക്കാലികമായുണ്ടാകുന്ന ശ്രദ്ധ വ്യതിചലനം, അമിത വേഗത, അശ്രദ്ധമായ ലെയ്ൻ മാറ്റങ്ങൾ, മുൻപിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കുന്നതിൽ വരുത്തുന്ന വീഴ്ച എന്നിവയാണ് അപകടങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളെന്ന് വീഡിയോ അടിവരയിടുന്നു.
പല സന്ദർഭങ്ങളിലും ഡ്രൈവർമാർക്ക് നിമിഷങ്ങൾക്കുള്ളിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതായും ഇത് വലിയ തോതിലുള്ള ഭൗതിക നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും കാരണമാകുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്.
നാടകീയമായ ചിത്രീകരണങ്ങൾക്ക് പകരം നിത്യേനയുള്ള ഗതാഗതത്തിനിടയിൽ ക്യാമറകളിൽ പതിഞ്ഞ യഥാർത്ഥ അപകട ദൃശ്യങ്ങളാണ് പൊലിസ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏതാനും നിമിഷങ്ങളുടെ ശ്രദ്ധ വ്യതിചലനം പോലും ഒരു സാധാരണ യാത്രയെ മരണത്തിലേക്കോ ആജീവനാന്ത വൈകല്യത്തിലേക്കോ നയിക്കുന്ന ദുരന്തമാക്കി മാറ്റുമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.
ഡ്രൈവിംഗിനിടയിലെ ഫോൺ വിളികളോ സന്ദേശങ്ങളോ ഒരു മനുഷ്യജീവനേക്കാൾ വലുതല്ലെന്നും സുരക്ഷിതമായ യാത്രാ സംസ്‌കാരം വളർത്തിയെടുക്കാൻ ഓരോ ഡ്രൈവറും ഉത്തരവാദിത്തം കാട്ടണമെന്നും അബുദബി പൊലിസ് വ്യക്തമാക്കി.
abu dhabi police have issued a strong road safety warning by releasing disturbing accident visuals. the campaign highlights how negligence and reckless driving can turn fatal, urging motorists to follow traffic rules and drive responsibly.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."