ഒഴിവുകള്‍ നികത്താതെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്; പ്രക്ഷോഭം നടത്തും
തൃശൂര്‍: ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ നിരവധി ഒഴിവുകളുണ്ടായിട്ടും നികത്താന്‍ നടപടി സ്വീകരിക്കാത്ത ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ നിലപാടിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് പി.എസ്.സി എച്ച്.എസ്.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തിരുവോണ നാളില്‍ 'പട്ടിണിയില്‍ അധ്യാപനം, ഇലയിട്ട് തൊഴില്‍ തേടി സമരം' എന്ന ബാനറില്‍ രാവിലെ പത്ത് മണിക്ക് തെക്കെ ഗോപുരനടയിലാണ് സമരത്തിന് ആരംഭം കുറിക്കുക. ആറ് മാസത്തിനുള്ളില്‍ അവസാനിക്കുന്ന മിക്ക റാങ്ക് ലിസ്റ്റുകളിലും പത്ത് മുതല്‍ 20 ശതമാനം വരെ മാത്രമാണ് നിയമനം നടന്നിട്ടുള്ളത്.
മുന്‍ സര്‍ക്കാറിന്റെ കാലത്ത് നിലനിന്ന നിയമന നിരോധനം ഇതിനൊരു കാരണമാണ്.
മൂന്ന് വര്‍ഷത്തിലധികമായി സംസ്ഥാനത്ത് 2379 ഓളം ഒഴിവുകള്‍ നികത്താതെ കിടക്കുന്നതായി റാങ്ക് ഹോള്‍ഡേഴ്‌സ് നേരിട്ട് നടത്തിയ സര്‍വേയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
പ്രിന്‍സിപ്പല്‍മാരുടെ തസ്തിക കൂടി കൂട്ടിയാല്‍ ഇത് 3000ത്തോളം വരും. ഇത്രയും ഒഴിവുകള്‍ നികത്തിയാല്‍ 70-75 ശതമാനം പേര്‍ക്ക് ജോലി ലഭിക്കും. നിര്‍ദിഷ്ട യോഗ്യത നേടി പി.എസ്.സി പരീക്ഷയെഴുതി ഇന്റര്‍വ്യു കഴിഞ്ഞ് റാങ്ക് ലിസ്റ്റില്‍ വരുന്ന ഉദ്യോഗാര്‍ഥികളെ മറ്റ് വിഭാഗങ്ങള്‍ക്കുള്ള ഒഴിവുകള്‍ മാറ്റിവച്ചതിനു ശേഷം മാത്രമെ പരിഗണിക്കുകയുള്ളൂ എന്ന തീരുമാനം കടുത്ത അനീതിയാണ്.
പൊതു വിദ്യാഭ്യാസം തകര്‍ക്കുന്ന സമീപനമാണ് കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ചത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുക, തസ്തിക നിര്‍ണയം നടത്തി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുക, കാലഹരണപ്പെട്ട ലിസ്റ്റില്‍ നിന്ന് നിയമനം നടത്താതിരിക്കുക, പ്രൊമോഷന് വേണ്ടി നീക്കിയിരിപ്പ് നടത്തുന്നത് അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ മുന്നോട്ട് വെക്കുന്നതായി റാങ്ക് ഹോള്‍ഡേഴ്‌സ് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പ്രസി. സി.കെ ബാബു, സെക്ര. സി.കെ സജിത്ത് കുമാര്‍, ട്രഷറര്‍ അബൂബക്കര്‍ സിദ്ധീഖ്, രശ്മി.ടി.കര്‍ത്ത, രാജി രാജേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."