ചട്ട ലംഘനം; എറണാകുളത്ത് മിൽമ ക്ഷീര സഹകരണ സംഘങ്ങളിൽ മിന്നൽ പരിശോധന
കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ മിൽമ ക്ഷീര സഹകരണ സംഘങ്ങളിൽ മിന്നൽ പരിശോധന. വാരപ്പെട്ടി, പുത്തൻകുരിശ് സഹകരണ സംഘങ്ങളിലാണ് ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. ചട്ടം ലംഘിച്ച് മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ഭരണസമിതിയിൽ കടന്നു കയറിയെന്ന പരാതിയിലാണ് പരിശോധന.
ചെയർമാൻ സി.എൻ വത്സലൻ പിള്ളയും ബോർഡ് അംഗങ്ങളും ക്ഷീര കർഷകർ അല്ലെന്നാണ് പരാതി. വർഷം 500 ലിറ്റർ പാൽ സ്വന്തമായി അളക്കുന്ന കർഷകനെയേ ഭരണസമിതി അംഗമാകാൻ കഴിയൂ എന്നും പരാതിയിൽ പറയുന്നു. സ്വന്തമായി ക്ഷീര കർഷകൻ അല്ലാതെ പുറത്ത് നിന്നും പാൽ കൊണ്ടുവന്ന് സംഘത്തിൽ സ്വന്തം പേരിൽ അളന്ന് നൽകി തട്ടിപ്പ് നടത്തുന്നു എന്നും പരാതിയിലുണ്ട്.
വാരപ്പെട്ടി, പുത്തൻകുരിശ് സഹകരണ സംഘങ്ങൾക്ക് പുറമെ ചെയർമാൻ സി.എൻ വത്സലൻ പിള്ളയുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. മിൽമ ഡയറക്ടർ ബോർഡംഗം പി.എസ് നജീബിൻ്റെ വീട്ടിലും റെയ്ഡ് നടക്കുന്നതായാണ് വിവരം. മൂവാറ്റുപുഴ വാളകം സ്വദേശി അനന്തു ഭാസി എന്ന വ്യക്തി നൽകിയ പരാതിയിലാണ് മിന്നൽ പരിശോധന നടക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."