ഡൽഹിയിലെ സ്കൂളുകളിൽ വീണ്ടും ബോംബ് ഭീഷണി; വിദ്യാർഥികളെയും അധ്യാപകരെയും ഒഴിപ്പിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ നിരവധി സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചതിന് പിന്നാലെ സ്‌കൂളുകളിൽ പരിശോധന ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഇമെയിൽ ലഭിച്ചതെന്ന് പൊലിസ് പറഞ്ഞു. സ്‌കൂളുകളിൽ പരിശോധനകൾ നടത്തുന്നതിനായി ഡൽഹി പൊലിസും അഗ്നിശമന സേനയേയും ബോംബ് നിർവീര്യമാക്കൽ സ്ക്വാഡുകളെയും വിവിധ സ്കൂൾ കാമ്പസുകളിൽ വിന്യസിച്ചിട്ടുണ്ട്. വിദ്യാർഥികളെയും അധ്യാപകരെയും സ്‌കൂളിൽ നിന്ന് ഒഴിപ്പിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ദേശീയ തലസ്ഥാനത്തെ സ്കൂളുകൾക്ക് ലഭിക്കുന്ന രണ്ടാമത്തെ ബോംബ് ഭീഷണി മെയിലാണിത്. ഇതുവരെ ഒരു സ്കൂളിലും ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. സ്കൂളുകളിൽ ഇപ്പോഴും ടീമുകൾ പരിശോധന നടത്തുന്നുണ്ട്.
ബിടി തമിഴ് സ്കൂൾ, സർദാർ പട്ടേൽ വിദ്യാലയം, ബ്രിട്ടീഷ് സ്കൂൾ തുടങ്ങിയ സ്‌കൂളുകളിലാണ് ബോബ് ഭീഷണി ഉണ്ടായത്. മൂന്ന് സ്കൂളുകളിൽ നിന്ന് ബോംബ് ഭീഷണി ഉണ്ടെന്ന് രാവിലെ 9:12 ഓടെയാണ് കോളുകൾ വന്നുതുടങ്ങിയതെന്ന് പൊലിസ് പറഞ്ഞു. പിന്നീട്, സമാനമായ ബോംബ് ഭീഷണി ഇമെയിൽ സംബന്ധിച്ച് കൂടുതൽ സ്കൂളുകൾ പൊലിസിനെ അറിയിച്ചു.
അജ്ഞാത മെയിൽ ഐഡി ഉപയോഗിച്ചാണ് മെയിൽ അയച്ചതെന്ന് മുതിർന്ന പൊലിസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ ആഴ്ച ആദ്യം തിങ്കളാഴ്ച 13 സ്കൂളുകളിലെങ്കിലും ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചിരുന്നു. സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിനും അന്വേഷണത്തിനും ശേഷം, ഭീഷണികൾ വ്യാജമാണെന്ന് തെളിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."