പീഡിപ്പിക്കപ്പെടാന്‍ പിഞ്ചുകുഞ്ഞുങ്ങള്‍
തിരൂരില്‍ മൂന്നുവയസ്സുകാരി നാടോടി ബാലിക, തൃശൂര്‍ തളിക്കുളത്ത് അഞ്ചുവയസുകാരി, ആലപ്പുഴ കരളകത്ത് ഒമ്പതുകാരി, തൃശൂര്‍ ചെന്ത്രാപ്പിന്നിയില്‍ ഏഴുവയസുകാരി, കൊല്ലം ഓയൂരില്‍ നാലുവയസുകാരി, ഇടുക്കിയില്‍ മരപ്പൊത്തില്‍നിന്നു കണ്ടെടുക്കപ്പട്ട നാലുവയസുകാരി... ഇത്തിരിപ്പോന്ന കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്, കൊലപ്പെടുത്തി ചവറ്റുകൂനയിലെറിയുന്നതിന്, അല്‍പ്പജീവന്‍ ബാക്കിയാക്കി പെരുവഴിയില്‍ കളയുന്നതിന് എത്രവേണമെങ്കിലുമുണ്ട് ഉദാഹരണങ്ങള്‍.
വേട്ടക്കാര്‍ ആരായാലും ഇരകളുടെ പ്രായം പലപ്പോഴും പത്തില്‍ താഴെയാകുന്നു. സംസ്ഥാനത്തു നടക്കുന്ന ബലാത്സംഗങ്ങളിലെ ഇരകളില്‍ 15 ശതമാനവും പത്തുവയസിനു താഴെയുള്ള പെണ്‍കുട്ടികളാണ്. അവരില്‍ ഒരു വയസ്സുവരെയുള്ളവര്‍പോലും ഉള്‍പ്പെടുന്നു. മൂന്നുവര്‍ഷംമുമ്പ് ലൈംഗികപീഡനത്തിനിരയായ 20 ശതമാനം കുട്ടികളുടെ പ്രായം രണ്ടുവയസിനും എട്ടുവയസിനുമിടയിലായിരുന്നു.
എളുപ്പത്തില്‍ കീഴ്‌പ്പെടുത്താനാകുന്നവരാണു കുഞ്ഞുങ്ങള്‍. അവര്‍ക്കു ചെറുത്തുനില്‍ക്കാനാവില്ല. വേഗത്തില്‍ പ്രലോഭിപ്പിക്കാവുന്നവരുമാണവര്‍. ഒരു മിഠായിപ്പൊതി കാണിക്കുമ്പോഴേയ്ക്കും അവര്‍ അടുത്തുകൂടുന്നു. അവര്‍ക്കറിയില്ലല്ലോ കാട്ടുമൃഗങ്ങളുടെ മനസിലിരുപ്പ്.
രക്ഷിതാക്കള്‍ക്കൊപ്പം രാത്രിയില്‍ ബസ്‌സ്റ്റോപ്പില്‍ ഉറങ്ങാന്‍കിടന്ന രണ്ടരവയസുകാരിയുടെ ബോധംനശിച്ച ശരീരം ചവറ്റുകൂനയില്‍ നിന്നാണു തിരിച്ചുകിട്ടിയത്. അതിക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കിയശേഷം ചില നരാധമന്മാര്‍ വലിച്ചെറിഞ്ഞ ശരീരത്തില്‍ ജീവന്‍ ശേഷിച്ചത് ആയുസ്സിന്റെ നീളംകൊണ്ടു മാത്രമായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷനു തൊട്ടുമുന്നിലുള്ള ബസ്‌സ്റ്റോപ്പില്‍വച്ചാണ് അര്‍ധരാത്രിയില്‍ ഈ ഹീനകൃത്യം നടത്തിയത്. നിയമപാലകരുടെ മൂക്കിനു താഴെ.
പേരയ്ക്ക കാണിച്ചു കൊതിപ്പിച്ചായിരുന്നു വടകര ചെരണ്ടത്തൂരിലെ നാലാംക്ലാസുകാരിയെ മായിന്‍കുട്ടി എന്ന നരാധമന്‍ സ്‌കൂള്‍ ഇടവേളസമയത്തു വീട്ടിലേയ്ക്കു ക്ഷണിച്ചത്. അല്‍പ്പം വെള്ളംകുടിക്കാനെത്തിയതായിരുന്നു ആ കുരുന്ന്. ഒടുവില്‍ ചാക്കുകെട്ടില്‍നിന്നു പ്രിയപ്പെട്ട ഉമ്മയ്ക്കു തിരിച്ചുകിട്ടിയ ശരീരത്തില്‍ ജീവന്‍ ബാക്കിയുണ്ടായിരുന്നില്ല. തിരുവനന്തപുരം ജില്ലയിലെ പാറശാലയില്‍ അമ്മയോടൊപ്പം ഉറങ്ങാന്‍ കിടന്ന നാടോടി ബാലികയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചുതള്ളിയത് സെബാസ്റ്റ്യന്‍ എന്ന മനുഷ്യമൃഗമായിരുന്നു. അടൂരില്‍ മൂന്നരവയസുകാരിയായ ബാലികയെ ബലാത്സംഗംചെയ്തുകൊന്നതു നാല്‍പ്പതുകാരനായ കൃഷ്ണപിള്ള. പൊലിസ് പിടിയിലായപ്പോഴും ഒരു ചാഞ്ചല്യവുമുണ്ടായില്ല അയാള്‍ക്ക്. കുറ്റം സമ്മതിക്കാനും മടിച്ചില്ല.
ഇവര്‍ മനോരോഗികള്‍
ജനസംഖ്യയില്‍ പത്തുശതമാനമാളുകള്‍ കുറ്റവാസനയുള്ളവരാണ്. ഇവരെ തിരിച്ചറിയാനോ മൃഗീയവാസനകളെ കണ്ടെത്താനോ സാധിച്ചിട്ടില്ല. ഏതുതരം മാനസികരോഗമായാലും അതു തിരിച്ചറിയപ്പെടുന്നു. അവയ്ക്കു ഫലപ്രദമായ ചികിത്സയുമുണ്ട്. എന്നാല്‍, ഇത്തരക്കാരെ തിരിച്ചറിയാന്‍ ഒരിക്കലും സാധിക്കുന്നില്ല. ഈ സൈക്കോപതിക് പേഴ്‌സണാലിറ്റിയുള്ളവരെ കയറൂരിവിട്ടിരിക്കുകയാണ്. ഇവരാണിവിടെ കുറ്റകൃത്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ഇവരുടെ കണ്‍മുന്‍പിലേയ്ക്ക് അറിയാതെ ഇരകള്‍ എത്തിപ്പെടുന്നു. ഇവര്‍ക്കാകട്ടെ കുറ്റബോധമില്ല. മനഃസാക്ഷിയുമില്ല. അവരെ തിരുത്താനുമാവില്ല. കടുത്തശിക്ഷാരീതികൊണ്ടുപോലും ഇത്തരം ക്രിമിനലുകളുടെ പെരുമാറ്റരീതികള്‍ മാറ്റിയെടുക്കാനും സാധിക്കില്ല.
പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലെ ഡോ. ടി.എം രഘുറാം പറയുന്നു: ''ഇവരുടെ പെരുമാറ്റരീതികള്‍ വിചിത്രങ്ങളാണ്. ചിലര്‍ പൊലിസ് പിടിയിലാകുന്നതോടെ ആത്മഹത്യക്കുവരെ ശ്രമിക്കുന്നു. ഇവര്‍ കുഞ്ഞുമക്കളെപ്പോലും മൃഗീയമായി കൊന്നുതള്ളും. സ്വയം ഓരോരുത്തരും ജാഗ്രത പാലിക്കുകയേ മാര്‍ഗമുള്ളൂ.''
മനോരോഗത്തിനു വേണ്ടതു
ശിക്ഷയല്ല, ചികിത്സ
സൈക്കോപതിക് പേഴ്‌സണാലിറ്റിയുള്ള വ്യക്തികളിലെ വികൃതമായ സ്വഭാവദൂഷ്യങ്ങള്‍ പുറത്തുചാടുന്നതു പലപ്പോഴും അവരറിയാതെയായിരിക്കും. ഇവര്‍ പുറമേയ്ക്കു ഒരു ലക്ഷണവും പ്രകടിപ്പിക്കാറില്ല. അവസരം ലഭിക്കുമ്പോള്‍ വൈകൃതം പുറത്തുചാടും. അവസരങ്ങള്‍ക്കായി പാത്തും പതുങ്ങിയും നടക്കാനും ഇവര്‍ സമയംകണ്ടെത്തും. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ളവരിലുമുണ്ട് ഇത്തരം മാനസികരോഗികള്‍. പുറമേയ്ക്കു മാന്യന്മാരായി നടക്കുന്നവരിലും ഇത്തരം മാനസികവൈകല്യങ്ങള്‍ കണ്ടേയ്ക്കാം. പതിനഞ്ചുവയസു മുതല്‍ അന്‍പതുവയസു വരെയുള്ളവരിലാണ് ഈ മാനസികവൈകല്യം കണ്ടുവരുന്നതെന്നു കോഴിക്കോട്ടെ മനോരോഗവിദഗ്ധന്‍ ഡോ. പി.എന്‍ സുരേഷ്‌കുമാര്‍ പറയുന്നു. ഇരയെ അന്വേഷിച്ചുള്ള യാത്രകള്‍ തന്നെയാകും മിക്കപ്പോഴും ഇവരുടെ ജീവിതം. അതുകൊണ്ടുതന്നെ കുടുംബ ജീവിതത്തില്‍ തികഞ്ഞ പരാജിതരുമാകും ഇവര്‍. എന്നാല്‍ ഇത്തരക്കാര്‍ ചികിത്സതേടിയെത്താത്തതു തന്നെയാണു പ്രശ്‌നം വഷളാക്കുന്നതും. ഈ മാനസിക വൈകല്യം തിരിച്ചറിഞ്ഞു ചികിത്സിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇന്നു ഫലപ്രദമായ ചികിത്സ ലഭ്യമാണെന്നും അദ്ദേഹം പറയുന്നു.
പീഡനങ്ങള്‍ കുട്ടികളെ വേട്ടയാടും
കുട്ടിക്കാലത്തുണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ ആ ജീവനാന്തം കുട്ടികളെ വേട്ടയാടാം. ഇതുപോലൊരു ചൂഷണത്തിന് ഇരയാകുന്ന കുട്ടികളുടെ മാനസികാവസ്ഥ പിന്നീടു വഷളാകാം. ഇവരില്‍ വിഷാദരോഗം പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. ഇരകളായ കുട്ടികള്‍ മുതിര്‍ന്നവരെ വല്ലാതെ ഭയക്കും. ഒരുകാരണവും കൂടാതെ ഇവര്‍ മറ്റുള്ളവരെ അവിശ്വസിക്കും. ജീവിതകാലം മുഴുവന്‍ കുട്ടികള്‍ പീഡനത്തിന്റെ മുറിവുകളുമായി ജീവിക്കേണ്ടി വരുന്നതിനേക്കാള്‍ നല്ലത് അത്തരമൊരു സംഭവമുണ്ടായാല്‍ കുട്ടികളെ വൈദ്യപരിശോധനയ്ക്കും കൗണ്‍സലിങ്ങിനും വിധേയമാക്കുകയാണ്. ഇത്തരം കുഞ്ഞുങ്ങള്‍ക്കു നിരന്തരമായ പരിചരണം ആവശ്യമാണ്.
ബാലപീഡനങ്ങള്‍ക്കിരയാകുന്നവര്‍ പിന്നീടു ദാമ്പത്യജീവിതത്തിലും പരാജയപ്പെടുന്നതായി കാണാം. ലൈംഗികജീവിതത്തോടുള്ള ഭയമാണ് ഇതില്‍ പ്രധാനപ്പെട്ടത്. അതുകൊണ്ടു വളരെനേരത്തെതന്നെ കൗണ്‍സിലിങ്ങിനു വിധേയമാക്കണം. ചികിത്സിച്ചു ഭേദമാക്കുന്നതിനേക്കാള്‍ നല്ലത് അസുഖംവരാതെ നോക്കുന്നതാണല്ലോ. എന്നാല്‍, കുടുംബങ്ങളില്‍ അരങ്ങേറുന്ന പീഡനവര്‍ത്തമാനങ്ങളുടെ പരിണിതഫലങ്ങളാണ് അമ്മത്തൊട്ടിലുകളില്‍ കൈകാലിട്ടടിക്കുന്ന കുഞ്ഞുമുഖങ്ങളില്‍ പലതും.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."