തിരുവനന്തപുരത്ത് പൊലിസുകാരനെ മർദിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ; പൊലിസുകാരൻ്റെ ഭാഗത്ത് തെറ്റില്ലെന്ന് അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: കുടുംബത്തോടൊപ്പം മാളിൽ എത്തിയ പൊലിസുകാരനെ മർദിച്ച സംഭവത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. വിനയ് പ്രകാശ്, സുർജിത് എന്നിവരാണ് പിടിയിലായത്. പൊലിസുകാരനായ മിഥുൻ റോയിക്കെതിരെ നേരത്തെ പരാതി നൽകിയ വ്യക്തിയാണ് അറസ്റ്റിലായ വിനയ് പ്രകാശ്. ഇവർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് പൊലിസ് തീരുമാനം.
പുതുവത്സര തലേന്ന് ശംഖുമുഖത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലിസ് സ്ഥിരീകരിച്ചു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മിഥുൻ റോയ് എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചുവെന്ന് ആരോപിച്ചായിരുന്നു മാളിൽ വെച്ചുള്ള പ്രതികാര മർദനം. എന്നാൽ, ഈ സംഭവത്തിന് പിന്നാലെ മിഥുൻ റോയിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത് സേനയ്ക്കുള്ളിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
മിഥുൻ റോയിക്കെതിരെ എടുത്ത കേസ് നിലനിൽക്കില്ലെന്ന് സിറ്റി പൊലിസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. എസ്എഫ്ഐ പ്രവർത്തകരുടെ പരാതിയിൽ കഴമ്പില്ല എന്നും പൊലിസുകാരൻ്റെ ഭാഗത്തുനിന്നുണ്ടായത് ആത്മരക്ഷാർത്ഥമുള്ള പ്രതിരോധം മാത്രമാണ്. അതിനാൽ ജാമ്യമില്ലാ വകുപ്പ് ചുമത്തേണ്ട സാഹചര്യം നിലവിലില്ല എന്നും ഫോർട്ട് എസിപി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ അന്വേഷണ റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും. ഇതോടെ മിഥുൻ റോയിക്കെതിരെയുള്ള ജാമ്യമില്ലാ കേസ് ഔദ്യോഗികമായി പിൻവലിക്കപ്പെടും.
In Thiruvananthapuram, two SFI activists have been arrested for allegedly assaulting a police officer. An official investigation report has since cleared the officer of any misconduct, stating that the provocation did not come from the police side.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."