ഡോക്ടർ ചമഞ്ഞ് പ്ലസ് ടുക്കാരനും ബി.എക്കാരനും ചേർന്ന് പ്രസവ ശസ്ത്രക്രിയ നടത്തി; യുപിയിൽ യുവതിക്ക് ദാരുണാന്ത്യം, വ്യാജ ആശുപത്രി സീൽ ചെയ്തു
ലഖ്‌നൗ: പ്ലസ് ടു വിദ്യാർഥിയും ബി.എ ബിരുദധാരിയും ചേർന്ന് നടത്തിയ പ്രസവ ശസ്ത്രക്രിയയെത്തുടർന്ന് യുവതി മരിച്ചു. അഞ്ച് വർഷമായി ഉത്തർപ്രദേശിലെ അംബേദ്കർ നഗറിൽ യാതൊരുവിധ അംഗീകാരവുമില്ലാതെ പ്രവർത്തിച്ചിരുന്ന 'നവജീവൻ' ആശുപത്രിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 19-കാരനായ പ്ലസ് ടു വിദ്യാർഥി ശുഭം വിശ്വകർമ, 32-കാരനായ യോഗേഷ് വർമ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
ഈ മാസം ഫെബ്രുവരി 5-നാണ് പ്രിയങ്ക എന്ന യുവതിയെ പ്രസവത്തിനായി ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിസേറിയൻ വേണമെന്ന് നിർദ്ദേശിച്ച് വ്യാജ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തുകയായിരുന്നു. പ്രിയങ്ക ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമിത രക്തസ്രാവം ഉണ്ടാവുകയും ബോധം മറയുകയും ചെയ്തു. നില വഷളായതിനെത്തുടർന്ന് ലഖ്‌നൗവിലെ വലിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അറസ്റ്റിലായ യോഗേഷ് വർമയ്ക്ക് ആശുപത്രിയുമായുള്ള ഏക ബന്ധം ഇയാളുടെ പിതാവ് ഒരു വാർഡനായിരുന്നു എന്നത് മാത്രമാണ്. അവിടെനിന്നുള്ള പരിചയം വെച്ചാണ് ഇയാൾ ശസ്ത്രക്രിയകൾ നടത്തിയിരുന്നത്. പ്ലസ് ടു വിദ്യാർഥിയായ ശുഭമാണ് ഇയാളെ സഹായിച്ചിരുന്നത്. ഇരുവരും പരസ്പരം ഡോക്ടർമാർ എന്നാണ് വിളിച്ചിരുന്നതെന്ന് പൊലിസ് പറഞ്ഞു.
വെറും 3000 മുതൽ 5000 രൂപ വരെയാണ് ശസ്ത്രക്രിയക്കായി ഇവർ ഈടാക്കിയിരുന്നത്. കുറഞ്ഞ ചിലവ് എന്നത് സാധാരണക്കാരായ രോഗികളെ ഈ വ്യാജ ആശുപത്രിയിലേക്ക് ആകർഷിക്കാൻ കാരണമായി. അഞ്ച് വർഷമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് ആരോഗ്യ വകുപ്പിന്റെ ലൈസൻസോ, അഗ്നിശമന സേനയുടെ ക്ലിയറൻസോ, ബയോ മെഡിക്കൽ മാലിന്യ സംസ്കരണത്തിനുള്ള അനുമതിയോ ഉണ്ടായിരുന്നില്ല.
യുവതിയുടെ മരണത്തെത്തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ആശുപത്രിയുടെ തട്ടിപ്പുകൾ പുറത്തായത്. ആശുപത്രി ഉടമയായ റൂബി നിലവിൽ ഒളിവിൽ പോയിരിക്കുകയാണ്. ചീഫ് മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം പൊലിസ് ആശുപത്രി റെയ്ഡ് ചെയ്യുകയും സീൽ ചെയ്യുകയും ചെയ്തു. കൃത്യമായ യോഗ്യതയുള്ള സ്റ്റാഫുകൾ പോലുമില്ലാതെയാണ് വർഷങ്ങളായി വ്യാജ ആശുപത്രി പ്രവർത്തിച്ചിരുന്നതെന്ന വിവരം ആരോഗ്യ വകുപ്പിനെയും ഞെട്ടിച്ചു.
In a horrifying case of medical negligence in Ambedkar Nagar, Uttar Pradesh, a young woman named Priyanka died after undergoing a cesarean section performed by unqualified individuals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."