ശബരിമല യുവതീപ്രവേശന കേസ്; സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെ, സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. ശബരിമലയിൽ തുല്യത പാലിക്കണമെന്നും എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനാനുമതി നൽകണമെന്നുമുള്ള സുപ്രിംകോടതി വിധി നടപ്പാക്കാനായി സർക്കാർ നടത്തിയ നീക്കങ്ങൾ നേരത്തെ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. കോടതിവിധിയുടെ പശ്ചാത്തലത്തിൽ സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്താനെത്തിയത് സംഘർഷത്തിന് ഇടയാക്കുകയും ചെയ്തു. വിശ്വാസീസമൂഹത്തെ കൂടെനിർത്തുന്നതിന്റെ ഭാഗമായി സർക്കാർ കഴിഞ്ഞ സെപ്റ്റംബറിൽ ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചത് യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കാനായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.എസ്.എസ്, എസ്.എൻ.ഡി.പി തുടങ്ങിയ സാമുദായിക സംഘടനകളെ ഒരുമിച്ചുനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തെ പ്രധാനമായും കണ്ടതും. എന്നാൽ, ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നാലെ, ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട വിവാദങ്ങളും സർക്കാരിനെയും ഇടതു മുന്നണിയെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതിന് തൊട്ടുപിന്നാലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് വീണ്ടും സുപ്രിംകോടതിയിൽ എത്തുമ്പോൾ എന്ത് നിലപാടാണ് സർക്കാർ സ്വീകരിക്കുകയെന്നതാണ് ചർച്ചാവിഷയം. മുൻ നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുമോ അതോ നിലപാടിൽ വെള്ളം ചേർക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
2006ലാണ് ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷനിലെ ഒരുകൂട്ടം വനിതകൾ കോടതിയെ സമീപിക്കുന്നത്. 2016 ജനുവരിയിൽ കേസ് വീണ്ടും മാധ്യമശ്രദ്ധ നേടിയതോടെ സംസ്ഥാന സർക്കാർ പലപ്പോഴായി വ്യത്യസ്ത നിലപാടുകളായിരുന്നു സ്വീകരിച്ചത്. വി.എസ് മന്ത്രിസഭയുടെ കാലത്ത് ദേവസ്വം മന്ത്രിയായിരുന്ന ജി. സുധാകരൻ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചപ്പോൾ ഉമ്മൻ ചാണ്ടി സർക്കാർ തീർത്തും വ്യത്യസ്ത നിലപാടായിരുന്നു സ്വീകരിച്ചത്. പിന്നീട് വന്ന പിണറായി സർക്കാർ 2007 ലെ സർക്കാർ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി കോടതിയെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് അയ്യപ്പഭക്തരും ഹിന്ദുസംഘടനാ പ്രവർത്തകരും ശബരിമലയിൽ സംഘടിക്കുകയും പൊലിസും സമരക്കാരും തമ്മിൽ ഉന്തും തള്ളും വരെ നടന്നതോടെ ശബരിമലയും പരിസരപ്രദേശങ്ങളും സംഘർഷഭൂമിയായി മാറിയിരുന്നു.
ശബരിമലയിലേക്കുള്ള തീർഥാടകരെ അടക്കം പൊലിസ് തടഞ്ഞു. 2018ലെ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവുപ്രകാരം യുവതികൾക്ക് ശബരിമലയിൽ പ്രവേശനം നൽകണമെന്നും ആർത്തവത്തിന്റെ പേരുപറഞ്ഞ് പ്രവേശനം തടയുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്ക് എതിരാണെന്നുമായിരുന്നു വ്യക്തമാക്കിയത്. വിഷയം ഇപ്പോൾ യു.ഡി.എഫിന് പ്രധാന പ്രചാരണ ആയുധമായി മാറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."